വടക്കഞ്ചേരി ബസ് അപകടം; ബസ് ഉടമ അരുൺ അറസ്റ്റിൽ

വടക്കഞ്ചേരി ബസ് അപകടത്തിൽ ബസ് ഉടമ അരുൺ അറസ്റ്റിൽ. പ്രേരണക്കുറ്റം ചുമത്തിയാണ് ഉടമയെ അറസ്റ്റ് ചെയ്തത്. മൂന്നു മാസത്തിനിടെ 19 തവണ ജോമോൻ വേഗ പരിധി ലംഘിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഉടമയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നുണ്ട് ( vadakkanchery bus accident owner arrested ).
ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അറസ്റ്റും നേരത്തെ രേഖപ്പെടുത്തിയിരുന്നു. അപകടത്തിന് ശേഷം കടന്നു കളഞ്ഞ ജോമോനെ തിരുവനന്തപുരത്തേയ്ക്ക് സഞ്ചരിക്കവേ കൊല്ലം ചവറയിൽ നിന്നാണ് ഇന്നലെ പിടികൂടിയത്. പാലക്കാട് നിന്ന് കടന്നുകളഞ്ഞത് സ്വിഫ്റ്റ് കാറിലാണെന്നും ജോമോൻ പിടിയിലാകുമ്പോൾ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. ഒപ്പം ഉണ്ടായിരുന്ന 2 പേരും പിടിയിലായി.
Read Also: അശ്രദ്ധ മൂലമുള്ള വാഹനാപകടങ്ങള്‍ അംഗീകരിക്കാനാകില്ല; വിമര്‍ശനങ്ങളുമായി ഹൈക്കോടതി
ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് പുറകിൽ ചെന്ന് ഇടിച്ചതെന്നാണ് ജോമോൻ പറയുന്നത്. ഡ്രൈവിംഗ് സമയത്ത് ഉറങ്ങിപ്പോയിട്ടില്ലെന്നും കെഎസ്ആർടിസി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നുമാണ് വിശദീകരണം. വളരെക്കാലമായി താൻ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്.
വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി വ്യക്തമാക്കി. ഹൈക്കോടതി നിർദേശത്തെ തുടർന്നു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾക്കു വേഗപ്പൂട്ടു കർശനമാക്കണമെന്നും കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായ സാഹചര്യം അതീവ ഗുരുതരമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും നഷ്ടപരിഹാരമായി നൽകും.
5-ാം തീയതി വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. 9 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.
ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ 50 ഓളം പേരെ തൃശൂർ മെഡിക്കൽ കോളജ്, ആലത്തൂർ താലൂക്ക് ആശുപത്രി,നെന്മാറ അവിറ്റീസ് ആശുപത്രി, പാലക്കാട് ജില്ലാശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്.
Story Highlights: vadakkanchery bus accident bus owner arun arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here