ടൂറിസ്റ്റ് ബസുകളിലെ കളർ കോഡ്; സാവകാശം വേണമെന്ന ബസുടമകളുടെ ആവശ്യം അംഗീകരിക്കാതെ മന്ത്രി

ടൂറിസ്റ്റ് ബസുകളിലെ കളർ കോഡിന്റെ കാര്യത്തിൽ സാവകാശം തേടി ബസുടമകൾ. അടുത്ത ടെസ്റ്റ് വരെ സമയം വേണമെന്ന ആവശ്യവുമായി ബസുടമകൾ മന്ത്രി ആന്റണി രാജുവുമായി കൂടിക്കാഴ്ച്ച നടത്തി. എന്നാൽ ബസുടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. നിയമം ലംഘിച്ചു ചീറിപ്പായുന്ന ബസുകൾക്ക് പൂട്ട് മുറുക്കാൻ തന്നെയാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. കളർകോഡ് ലംഘിക്കുന്ന ബസുകൾ ഇന്ന് മുതൽ പിടിച്ചെടുക്കും പാലക്കാട് അപകടത്തിൽപ്പെട്ട ബസിന്റെ വേഗപ്പൂട്ട് അഴിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഇന്ന് പോലീസിന് പരാതി നൽകും. ( Colour code on tourist buses ).
ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനത്തിൽ ഹൈക്കോടതി കൂടി ഇടപെട്ട സാഹചര്യത്തിൽ നടപടികൾ കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. കളർകോട് നടപ്പാക്കാതെ ബസുകൾ ഇന്ന് മുതൽ നിരത്തിൽ ഇറങ്ങാൻ പാടില്ല. ഏകീകൃത നിറം നടപ്പാക്കാത്ത ബസുകൾക്ക് ഇന്ന് മുതൽ പിടി വീഴും. അനധികൃത രൂപ മാറ്റങ്ങൾക്ക് ബസുടമക്ക് പുറമെ വാഹന ഡീലർ, വർക്ക്‌ഷോപ്പ് എന്നിവർക്കെതിരെയും നടപടി ഉണ്ടാകും. ഓരോ രൂപമാറ്റങ്ങളും വെവ്വേറെ നിയമലംഘനമായി കണ്ട് ഓരോന്നിനും പതിനായിരം രൂപ പിഴ ഈടാക്കും.
Read Also: ഓപ്പറേഷൻ ഫോക്കസ് ത്രീ; ആലപ്പുഴയിൽ 61 ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടി, 62000 രൂപ പിഴ ചുമത്തി
ആർടി ഓഫീസുകളിലെ ഓരോ ഉദ്യോഗസ്ഥർക്കും നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധനാ ചുമതല നൽകും. വാഹനങ്ങളുടെ ക്രമക്കേടുകൾക്ക് ഇനി മുതൽ ഉദ്യോഗസ്ഥരും ഉത്തരവാദികളാകും. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ എക്‌സൈസ് വകുപ്പുമായി ചേർന്ന് മോട്ടോർ വാഹന വകുപ്പ് ഉടൻ പരിശോധനകൾ ആരംഭിക്കും. ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ സർവീസ് നടത്തുന്ന വാഹനങ്ങളുടെ നിയമ ലംഘനം തടയാനും കർശന നടപടികളിലേക്ക് കടക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പാലക്കാട് അപകടത്തിൽപ്പെട്ട ബസിന്റെ വേഗപ്പൂട്ട് അഴിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ ഇന്ന് പോലീസിന് പരാതി നൽകും.
Story Highlights: Colour code on tourist buses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here