Advertisement

അമ്മയുടെ മരണശേഷം വീണ്ടും ചടങ്ങുകൾ നടത്തണമെന്ന് ലൈല ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി സഹോദരൻ

October 12, 2022
Google News 2 minutes Read
human sacrifice; Revelation of Laila's brother

ലൈലയ്ക്ക് അമിത ഭക്തി ഉണ്ടായിരുന്നുവെന്നും പലപ്പോഴും വിലക്കിയിട്ടും ഫലമുണ്ടായില്ലെന്നും സഹോദരന്റെ വെളിപ്പെടുത്തൽ. അമ്മയുടെ മരണശേഷം വീണ്ടും ചടങ്ങുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു. വീട്ടിൽ പൂജയും മറ്റും നടത്തിയിരുന്നു. ഓണത്തിനാണ് അവസാനമായി വീട്ടിൽ വന്നത്. ഭ​ഗവൽ സിംഗ് കുടുംബ ബന്ധുകൂടിയാണെന്നും സംഭവം അറിഞ്ഞപ്പോൾ ഞെട്ടലാണ് ഉണ്ടായതെന്നും ലൈലയുടെ സഹോദരൻ വ്യക്തമാക്കുന്നു. ( human sacrifice; Revelation of Laila’s brother ).

ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പ്രതി ഷാഫിയുടെ ഭാര്യ നഫീസയും രം​ഗത്തെത്തി. ഭർത്താവ് ഉപയോഗിച്ചത് തന്റെ ഫെയ്സ്ബുക്ക്‌ അക്കൗണ്ടും ഫോണുമാണെന്നാണ് ഷാഫിയുടെ ഭാര്യ നഫീസ പറയുന്നത്. ഷാഫി ദൈവവിശ്വാസിയല്ല. ലോട്ടറി വിൽക്കുന്ന കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ഹോട്ടലിൽ സ്ഥിരമായി വരാറുണ്ടായിരുന്നു. പത്മയെ കാണാതായി എന്ന് പറയുന്ന ദിവസവും ഇവർ ഹോട്ടലിൽ വന്നിരുന്നു.

ഷാഫി സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നയാളാണ്. കൊലപാതകം നടന്ന വിവരം തനിക്ക് അറിയില്ല. ഭർത്താവ് നരബലി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഭർത്താവിനെ ന്യായീകരിക്കാൻ താനില്ല. ഷാഫിക്ക് വലിയ സാമ്പത്തിക പിൻബലമുണ്ടെന്ന് പറയുന്നത് തെറ്റാണ്. ബാങ്ക് അക്കൗണ്ട് പോലും സ്വന്തമായി ഇല്ലാത്തയാളാണ് ഷാഫി. ഭഗവൽ സിങ്ങിനെ അറിയില്ലെന്നും തന്റെ ഫോണിൽ നിന്നാണ് ഷാഫി ഇവരെയെല്ലാം വിളിച്ചിരുന്നതെന്നും ഭാര്യ നഫീസ പറയുന്നു.

Read Also: ഷാഫിയും ലൈലയും ചേർന്ന് ഭഗവലിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു : പൊലീസ്

ഇലന്തൂരിലെ നരബലി കേസിൽ റിമാൻഡ് റിപ്പോർട്ട് 24ന് ലഭിച്ചു. സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകുന്നതിന് ദേവീ പ്രീതിക്കായി നടത്തിയ മനുഷ്യക്കുരുതി എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇരകളുടെ മുതലുകൾ കണ്ടെടുക്കണമെന്നും കൂടുതൽ ഇരകൾ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നരബലിയെ കൂടാതെ ഇവർക്ക് മറ്റേതെങ്കിലും ഉദ്ദേശമുണ്ടോയെന്ന് അന്വേഷിക്കണം. പ്രതികൾ തുടർന്നും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

മൂന്ന് പ്രതികളെയും ഈമാസം 26 വരെയാണ് റിമാൻഡ് ചെയ്തത്. ഷാഫിയെയും ഭഗവൽ സിങ്ങിനെയും ജില്ലാ ജയിലിലാണ് പാർപ്പിക്കുന്നത്. മൂന്നാം പ്രതി ലൈലയെ വനിതാ ജയിലിലേക്ക് കൊണ്ടുപോകും. ഇലന്തൂരിലെ നരബലിക്ക് പിന്നാലെ ഷാഫി കൂടുതൽ സ്ത്രീകളെ തിരുവല്ലയിൽ എത്തിക്കാൻ ശ്രമിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. 5 ദിവസം മുൻപ് എറണാകുളത്ത് ഉള്ള ലോട്ടറി വിൽക്കുന്ന മറ്റൊരു സ്ത്രീയെയും തിരുവല്ലയിൽ എത്തിക്കാൻ ശ്രമിച്ചു. 24 മണിക്കൂറിനുള്ളിൽ തിരിച്ചു വരാമെന്നാണ് ഷാഫി പറഞ്ഞത്. തിരുവല്ലയിൽ ദിവ്യശക്തിയുള്ള ദമ്പതികൾ ഉണ്ടെന്നും അവിടെ പോയാൽ സാമ്പത്തിക പ്രശ്നം മാറുമെന്നുമായിരുന്നു ഷാഫിയുടെ പ്രലോഭനം.

ആഭിചാര ക്രിയകളെ കുറിച്ചും, മൃഗബലിയെ കുറിച്ചും ഷാഫി പറഞ്ഞതോടെ സംശയം ഉണ്ടായതു കൊണ്ടാണ് പോകാതിരുന്നതെന്നും സ്ത്രീകൾ പൊലീസിനോട് വെളിപ്പെടുത്തി. പത്മയും റോസ്ലിയും ധരിച്ച സ്വർണ്ണവും ഷാഫി കൈക്കലാക്കിയിരുന്നു. ഇങ്ങനെ ജീവിച്ചിട്ട് എന്താണ് കാര്യം തിരുവല്ലയ്ക്ക് വരുന്നോ, പണവും സമ്പാദ്യവും ഉണ്ടാകുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം.

Story Highlights: human sacrifice; Revelation of Laila’s brother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here