Advertisement

വനിതാ ഫുട്ബോൾ ലീഗ്; ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഗോകുലം ഫൈനലിൽ

October 14, 2022
Google News 2 minutes Read
kwl gokulam won blasters

കേരള വനിതാ ഫുട്‌ബോള്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്സിനെതിരെ ഗോകുലം കേരളയ്ക്ക് ജയം. 6-2 എന്ന സ്കോറിനാണ് നിലവിലെ ചാമ്പ്യന്മാർ അയൽക്കാരെ കീഴടക്കിയത്. ആദ്യഘട്ടത്തില്‍ മുന്നിലെത്തിയ ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ബ്ലാസ്‌റ്റേഴ്‌സിനായി സുനിത മുണ്ടയും അപുര്‍ണ നര്‍സാറിയും ലക്ഷ്യംകണ്ടു. ഗോകുലത്തിനായി വിവിയന്‍ നാല് ഗോളടിച്ചു. രത്‌നബാലയും സൗമ്യയും മറ്റ് ഗോളുകള്‍ നേടി. (kwl gokulam won blasters)

Read Also: ‘ആരാധകരെ ശാന്തരാകുവിൻ’; ISL 2022 ജയത്തോടെ തുടങ്ങി ബ്ലാസ്റ്റേഴ്‌സ്

സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ തോല്‍വിയാണ് ഇത്. ബ്ലാസ്റ്റേഴ്സിന് ഫൈനലിലെത്താനായില്ല. ഗോകുലം കേരള എഫ്‌സിയും ലോര്‍ഡ്‌സ് എഫ്എയും ഫൈനലില്‍ കളിക്കും. കളിച്ച 9 മത്സരങ്ങളും ഗോകുലം വിജയിച്ചപ്പോൾ ലോർഡ്സ് എഫ്സിയും ബ്ലാസ്റ്റേഴ്സും ഏഴ് മത്സരങ്ങൾ വീതം ജയിച്ചു. ഇരു ടീമുകൾക്കും ഒരു പരാജയവും ഒരു സമനിലയും ഉണ്ട്. കണക്കുകളും പോയിൻ്റുകളും ഒരുപോലെയാണെങ്കിലും മികച്ച ഗോൾ ശരാശരി ലോർഡ്സ് എഫ്സിയെ ഫൈനലിൽ എത്തിക്കുകയായിരുന്നു.

കളിയുടെ തുടക്കത്തില്‍ ഗോകുലം ആക്രമിച്ച് കളിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ കരുത്തുകാട്ടി. ആദ്യ അവസരം ഗോകുലത്തിന് കിട്ടി. ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിനുള്ളില്‍ പന്തുമായി ഒറ്റയ്ക്ക് കയറിയ വിവിയനെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും ഗോള്‍ കീപ്പര്‍ നിസരിയും ചേര്‍ന്ന് തടഞ്ഞു.കളിയുടെ പതിനഞ്ചാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് സുനിതയുടെ തകര്‍പ്പന്‍ ഗോളിലൂടെ മുന്നിലെത്തി. മധ്യവരയ്ക്കിപ്പുറത്ത്‌നിന്ന് പന്തുമായി മുന്നേറിയ സുനിത ഗോകുലത്തിന്റെ രണ്ട് പ്രതിരോധക്കാരെ മറികടന്ന് ബോക്‌സിനുള്ളില്‍ കയറി വലയുടെ വലതുമൂലയിലേക്ക് തട്ടിയിട്ടു. പിന്നാലെ വിവിയന്റെ ഫ്രീകിക്ക് നിസരി കൈയിലൊതുക്കി. തുടര്‍ന്നും ഗോകുലം ആക്രമിച്ചുകളിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം വിട്ടുകൊടുത്തില്ല. പ്രതിരോധം ഉറപ്പിച്ച് പ്രത്യാക്രമണമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. എന്നാല്‍ കളിയുടെ 28ാം മിനിറ്റില്‍ ഗോകുലം തിരച്ചടിച്ചു. ബോക്‌സില്‍വച്ച് നിസരിയുടെ തലയ്ക്ക് മുകളിലുടെ പന്ത് കോരിയിട്ട ആളൊഴിഞ്ഞ വലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടു. രണ്ട് മിനിറ്റിനുള്ളില്‍ ഗോകുലം ലീഡും നേടി. ഇക്കുറി പെനല്‍റ്റി. വിവിയനെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ബോക്‌സില്‍ വീഴ്ത്തി. റഫറി പെനല്‍റ്റിക്ക് വിസിലൂതി. കിക്കെടുത്ത വിവിയന് പിഴച്ചില്ല. ഗോകുലം 2-1ന് മുന്നില്‍.

Read Also: ഉസ്ബകിസ്ഥാനിൽ കുടുങ്ങി ഗോകുലം കേരള വനിതാ ടീം; പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

തിരിച്ചടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞുശ്രമിച്ചു. എന്നാല്‍ 37ാം മിനിറ്റില്‍ ഫ്രീകിക്കില്‍ വീണ്ടും അപകടമെത്തി. ഫ്രീകിക്ക് ബോക്‌സിലേക്ക്. രത്‌നബാലയുടെ ക്രോസില്‍ സൗമ്യ കാല്‍വച്ചു. ഗോകുലം ലീഡുയര്‍ത്തി. രണ്ടാംപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് നല്ല തുടക്കമായിരുന്നു. വിവിയന്റെ ഫ്രീകിക്ക് നിസരിയുടെ കൈയിലൊതുങ്ങാതെ വലയില്‍ കയറി. എന്നാല്‍ റഫറി ഓഫ്‌സൈഡ് വിളിച്ചതിനാല്‍ ഗോള്‍ അനുവദിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സ് ആശ്വാസംകണ്ടു. പിന്നാലെ ബ്ലാസ്‌റ്റേഴ്‌സിന്റെ അവസരം ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. മാളവികയുടെ നേതൃത്വത്തില്‍ നിരന്തരം ബ്ലാസ്‌റ്റേഴ്‌സ് ഗോകുലം ബോക്‌സില്‍ കയറി. പക്ഷേ, ഗോകുലം പ്രതിരോധം ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ കളിയുടെ 62ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമങ്ങള്‍ക്ക് ഫലംകിട്ടി. മനോഹരമായ നീക്കത്തിലൂടെ അപുര്‍ണ ലക്ഷ്യം കണ്ടു. പന്ത് നിയന്ത്രിച്ച് ബോക്‌സിലെത്തിയ അപുര്‍ണ തകര്‍പ്പന്‍ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. എന്നാല്‍ വേഗത്തില്‍തന്നെ ഗോകുലം തിരിച്ചടിച്ചു. കോര്‍ണര്‍ കിക്കില്‍ തലവച്ച് രത്‌നബാല അവരുടെ ലീഡുയര്‍ത്തി. സ്‌കോര്‍ 4-2. 77ാം മിനിറ്റില്‍ വിവിയന്റെ മറ്റൊരു ഗോളില്‍ ഗോകുലം അഞ്ചാം തവണയും ലക്ഷ്യംകണ്ടു. സൗമ്യ നല്‍കി ലോങ് പാസ് പിടിച്ചെടുത്ത് മുന്നേറിയ വിവിയനെ തടയാന്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് കഴിഞ്ഞില്ല. കളി തീരാന്‍ നാല് മിനിറ്റ് ശേഷിക്കെ വിവിയന്‍ തന്റെ നാലാമത്തെ ഗോളിലൂടെ ഗോകുലത്തിന്റെ ജയം ഉറപ്പാക്കി.

Story Highlights: kwl gokulam won blasters final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here