സാമ്പത്തിക ക്രമക്കേട്; പി.കെ ശശിക്കെതിരായ പരാതി ചർച്ച ചെയ്യാൻ സിപിഐഎം യോഗങ്ങൾ ഇന്ന് ചേരും

സാമ്പത്തിക ക്രമക്കേട് ആരോപണം നേരിടുന്ന പി.കെ ശശിക്കെതിരായ പരാതി ചർച്ച ചെയ്യാൻ സി.പി.ഐ.എം യോഗങ്ങൾ ഇന്ന് ചേരും. സംസ്ഥാന – ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
മണ്ണാർക്കാട് ഏരിയാ കമ്മറ്റി യോഗത്തിലും, ലോക്കൽ കമ്മറ്റി യോഗത്തിലും വിഷയം ചർച്ചയാകും. സി.പി.ഐ.എം ഭരിക്കുന്ന മണ്ണാർക്കാട് മേഖലയിലെ ആറ് സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നു എന്നാണ് പ്രധാന പരാതി. പാർട്ടിയെ അറിയിക്കാതെ പി.കെ ശശി ചെയർമാനായ യൂണിവേഴ്‌സൽ കോളജിന്റെ ഓഹരി ബാങ്കുകൾ എടുത്തതിനാൽ ബാങ്കുകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു.
സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന കോളജും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. യൂണിവേഴ്‌സൽ കോളജിലും, ബാങ്കുകളിലും പി.കെ ശശിയുടെ അടുപ്പക്കാർക്കും അവരുടെ ബന്ധുകൾക്കും ജോലി നൽകി എന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ. എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയായി.
Read Also: ‘സിപിഐഎമ്മിനെ ചതിക്കുന്നവരെ ദ്രോഹിക്കും’ : പികെ ശശി എംഎൽഎ
പരാതി ഉയർന്ന മണ്ണാർക്കാട് ലോക്കൽ കമ്മറ്റിയിലും, മണ്ണാർക്കാട് ഏരിയാ കമ്മറ്റിയിലും വിഷയം ചർച്ച ചെയ്യണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിർദേശിച്ചു. ഇന്ന് രണ്ട് യോഗങ്ങളും നടക്കും. സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു, സംസ്ഥാന കമ്മറ്റി അംഗം സി.കെ രാജേന്ദ്രൻ എന്നിവർ യോഗങ്ങളിൽ പങ്കെടുക്കും. മണ്ണാർക്കാട് ലോക്കൽ കമ്മറ്റി അംഗവും നഗരസഭാ കൗൺസിലറുമായ മൻസൂറാണ് പരാതി നൽകിയത്.
Story Highlights: CPI(M) to investigate economic offenses against PK Sasi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here