Advertisement

‘സൈനികനെ മർദിച്ച പൊലീസുകാരെ സർവിസിൽ നിന്നും പുറത്താക്കണം’; പ്രതിഷേധ മാർച്ചുമായി സൈനിക സംഘടനകൾ

October 22, 2022
Google News 2 minutes Read

കൊല്ലം കിളികൊല്ലൂർ പൊലീസ് മർദനത്തിൽ പ്രതിഷേധ മാർച്ചുമായി സൈനിക സംഘടനകൾ. കേരള സ്റ്റേറ്റ് എക്സ് സർവീസസ്‌ ലീഗ് കൊല്ലം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത്.(ex indian army protest against kilikollur police issue)

പൊലീസ് നീതിപാലിക്കുക, സൈനികനെ മർദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുക. സൈനികനെ മർദിച്ച പൊലീസുകാരെ സർവിസിൽ നിന്നും പുറത്താക്കുക. എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ മാർച്ച് സംഘടിപ്പിച്ചത്.

അതേസമയം പരുക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത് പൊലീസിൽ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ്.

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

ആഗസ്റ്റ് 25ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്തെങ്കിലും സൈനിക ക്യാമ്പിൽ പൊലീസ് അറിയിച്ചത് വൈകിയാണ്. ഏതെങ്കിലും കേസിൽ സൈനികൻ പ്രതിയായാൽ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്പോൾ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടർന്ന് മിലിട്ടറി പൊലീസ് കേസ് ഏറ്റെടുക്കുക എന്നതാണ് രീതി. സൈനികനെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കണമെന്നുള്ളപ്പോഴാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായത്.

ഒരു സൈനികൻ അവധിയിലാണെങ്കിലും അയാൾ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. കേസിൽ മർദനം ഉൾപ്പെടെയുണ്ടായ ശേഷമാണ് പാങ്ങോട് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യങ്ങളെല്ലാം സൈന്യം പരിശോധിക്കും. അതേസമയം സൈനികനെ മർദ്ദിച്ചതിൽ പ്രതിരോധ മന്ത്രിക്ക് എൻ.കെ പ്രേമചന്ദ്രൻ എംപി വഴി പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

Story Highlights: ex indian army protest against kilikollur police issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here