ക്രിക്കറ്റർ, പ്ലേബോയ്, പ്രധാനമന്ത്രി; ഇമ്രാൻ ഖാൻ എന്ന വിവാദനായകൻ

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇമ്രാൻ ഖാൻ അഴിമതിയിൽ ഏർപ്പെട്ടതായി പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതോടെയാണ് നടപടി. ഇത് ആദ്യമായല്ല, ദേശീയ ക്രിക്കറ്റ് ടീമിൻ്റെ മുൻ നായകനായ ഇമ്രാൻ ഖാൻ വിവാദങ്ങളിൽ പെടുന്നത്. പലകാലങ്ങളിൽ പല തരത്തിൽ ഇമ്രാൻ ഖാൻ വിവാദനായകനായിട്ടുണ്ട്. (imran khan life story)
1952 ഒക്ടോബറിലാണ് ഇമ്രാൻ ഖാൻ നിയാസി ജനിക്കുന്നത്. സാമ്പത്തികമായി ഉയർന്നുനിൽക്കുന്ന കുടുംബത്തിലെ ഏക ആൺതരി. നാല് സഹോദരിമാർ. എല്ലാവരും സമൂഹത്തിൽ ഉയർന്ന സ്ഥാനങ്ങൾ കൈകാര്യം ചെയ്തവർ. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ഇമ്രാൻ ലാഹോറിലെ പേരുകേട്ട ഐച്ചിസൺ കോളജിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട്, ഇംഗ്ലണ്ടിലെ വോചെസ്റ്ററിലുള്ള ദി റോയൽ ഗ്രാമർ സ്കൂളിലും ലോകപ്രശസ്തമായ ഓക്സ്ഫർഡ് സർവകലാശാലയിലെ കേബിൾ കോളജിലുമായി ഉപരി പഠനം. പാകിസ്താൻ്റെ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ ഇതേസമയത്ത് ഇവിടെ പഠിച്ചിരുന്നു. ഇരുവരും തമ്മിൽ പ്രണയമുണ്ടായിരുന്നതായി ഇമ്രാൻ ഖാനെപ്പറ്റിയുള്ള ജീവചരിത്രത്തിൽ ക്രിസ്റ്റഫർ സാൻഫോർഡ് എഴുതിയിട്ടുണ്ട്.

ഇംഗ്ലണ്ടിൽ പഠിച്ചുകൊണ്ടിരിക്കെയാണ് ഇമ്രാൻ ഖാനിലെ ക്രിക്കറ്റർ ശ്രദ്ധിക്കപ്പെടുന്നത്. 1971-76 കാലയളവിൽ വോചെസ്റ്റഷയർ ക്ലബിനു വേണ്ടി കൗണ്ടി ക്രിക്കറ്റ് കളിച്ചുകൊണ്ടാണ് ഇമ്രാൻ പ്രൊഫഷണൽ ക്രിക്കറ്റിനു തുടക്കമിടുന്നത്. ഓക്സ്ഫർഡ് സർവകലാശാലയിലെ ബ്ലൂസ് ക്രിക്കറ്റ് ടീമിലും ഇമ്രാൻ കളിച്ചു. 1976ൽ ഇമ്രാൻ പാകിസ്താനിലേക്ക് മടങ്ങിയെത്തി. 71ൽ ഇംഗ്ലണ്ടിനെതിരെ അദ്ദേഹം പാകിസ്താനുവേണ്ടി അരങ്ങേറിയെങ്കിലും പാകിസ്താനിൽ തിരികെയെത്തിയതിനു ശേഷമാണ് ഇമ്രാൻ പാകിസ്താൻ്റെ അവിഭാജ്യ താരമായി വളരുന്നത്. ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായി ഇമ്രാൻ വളർന്നു. ഓൺ ഫീൽഡിലും ഓഫ് ഫീൽഡിലും ഇമ്രാൻ ഹോട്ട് ടോപ്പിക്കായി. ക്രിക്കറ്റും പാർട്ടിയുമായിരുന്നു അന്ന് അദ്ദേഹത്തിൻ്റെ ജീവിതം.

‘അരിസ്റ്റോക്രാറ്റിക് പ്ലേബോയ്’ എന്ന വിളിപ്പേരാണ് പാശ്ചാത്യ മാധ്യമങ്ങൾ ഇമ്രാൻ ഖാനു നൽകിയത്. നിരവധി പ്രണയബന്ധങ്ങൾ അക്കാലത്ത് ഇമ്രാനുണ്ടായിരുന്നു. ലണ്ടനിലെ നൈറ്റ് ക്ലബുകൾ സൂപ്പർ മോഡലുകളെ കണ്ടെത്തി അവരെ ഡേറ്റ് ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ രീതി.

ഒടുവിൽ ഇമ്രാൻ ഖാൻ്റെ കുഞ്ഞിനെ താൻ പ്രസവിച്ചു എന്ന അവകാശവാദവുമായി സീത വൈറ്റ് എന്ന മോഡൽ രംഗത്തുവന്നു. 1997ൽ അവർ ഇമ്രാനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു. ഡേറ്റ് ചെയ്യുമ്പോൾ ഇമ്രാൻ ഖാന് പിറന്ന കുഞ്ഞാണ് തൻ്റേതെന്ന് സീത അവകാശപ്പെട്ടു. നിയമപോരാട്ടത്തിൽ അവർ കേസിൽ വിജയിച്ചു. ഇമ്രാൻ ഖാൻ ഇതൊക്കെ ആദ്യ ഘട്ടത്തിൽ നിഷേധിച്ചെങ്കിലും വർഷങ്ങൾക്കു ശേഷം കുട്ടിയെ ഏറ്റെടുക്കാൻ തയ്യാറായി.

തൻ്റെ 43ആം വയസിലാണ് ഇമ്രാൻ ആദ്യം വിവാഹിതനാവുന്നത്. 95ൽ 21കാരിയായ ജെമിമ ഗോൾഡ്സ്‌മിത്തിനെ ഇമ്രാൻ വിവാഹം ചെയ്തു. ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന വ്യവസായിയും രാഷ്ട്രീയക്കാരനുമായ ജെയിംസ് ഗോൾഡ്സ്‌മിത്തിൻ്റെ മകളായിരുന്നു ജെമിമ. ഇതേവർഷം തന്നെ താൻ ഒരു പ്ലേ ബോയ് അല്ല എന്ന് ഇമ്രാൻ അവകാശപ്പെട്ടു. താൻ ഒരു മാലാഖയല്ല, വിനീതനായ ഒരു പാപിയാണ് എന്നും ഇമ്രാൻ പറഞ്ഞു. 2004ൽ ഇമ്രാൻ ഖാനും ജെമീമയും വിവാഹമോചിതരായി. പാകിസ്താനിലെ ജീവിതവുമായി പൊരുത്തപ്പെട്ടുപോകാൻ ജെമിമയ്ക്ക് കഴിയാത്തതിനാലായിരുന്നു വേർപിരിയൽ.

ഇമ്രാൻ ഖാനും ജെമീമ ഗോൾഡ്സ്‌മിത്തും
2015 ജനുവരിയിൽ ബ്രിട്ടീഷ് – പാകിസ്താനി മാധ്യമപ്രവർത്തക രേഹം ഖാനെ ഇമ്രാൻ വിവാഹം കഴിച്ചു. അക്കൊല്ലം ഒക്ടോബറിൽ ഇരുവരും വിവാഹമോചിതരായി. ഇമ്രാൻ ഖാൻ സ്ത്രീവിരുദ്ധനും പുരുഷാധിപത്യത്തിൻ്റെ വക്താവുമായിരുന്നു എന്ന് രേഹം പിന്നീട് വെളിപ്പെടുത്തിയിരുന്നു.

2018ൽ, പാകിസ്താൻ പ്രധാനമന്ത്രിയാകുന്നതിന് നാലുമാസം മുൻപാണ് ഇമ്രാൻ ബുഷ്റ ബീബിയെ വിവാഹം ചെയ്യുന്നത്. ഇതുവരെ തുടർന്നുപോന്ന ജീവിതത്തിൻ്റെയൊക്കെ മറുവശമായിരുന്നു ബുഷ്റ. മുഖാവരണം ധരിയ്ക്കുന്ന ഇസ്ലാമിക പണ്ഡിതയാണ് ബുഷ്റ ബീബി.

Read Also: ഇമ്രാന്‍ ഖാനെ അയോഗ്യനായി പ്രഖ്യാപിച്ച് പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; വിലക്ക് അഞ്ച് വര്‍ഷത്തേക്ക്
പാകിസ്താന് ലോകകപ്പ് അടക്കം നേടിക്കൊടുത്ത ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ പെട്ടയാളായ ഇമ്രാൻ ഖാൻ 1994ൽ ഞെട്ടിയ്ക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തി. താൻ പലതവണ പന്തിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.

കളി നിർത്തിയതിനു ശേഷം തൻ്റെ ഇമേജ് തിരികെ പിടിയ്ക്കാനുള്ള ശ്രമങ്ങളാണ് ഇമ്രാൻ നടത്തിയത്. 1994 ഡിസംബറിൽ തൻ്റെ മാതാവായിരുന്ന ഷൗഖത്ത് ഖാനുമിൻ്റെ പേരിൽ അദ്ദേഹം ലാഹോറിൽ ഒരു ക്യാൻസർ ചികിത്സാകേന്ദ്രം സ്ഥാപിച്ചു. വിദേശരാജ്യങ്ങളിൽ നിന്ന് പോലും സംഭാവനകൾ സ്വീകരിച്ചാണ് ആശുപത്രിയുടെ പ്രവർത്തനം. എന്നാൽ, ആശുപത്രിയ്ക്ക് ലഭിക്കുന്ന സംഭാവനകളിൽ ഒരു ഭാഗം ഇമ്രാൻ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിക്കുകയാണെന്ന ആരോപണമുണ്ട്.

96ലാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. പിടിഐ അഥവാ പാകിസ്താൻ തെഹരീകേ ഇൻസാഫ് എന്ന സ്വന്തം പാർട്ടിയുമായായിരുന്നു അദ്ദേഹത്തിൻ്റെ വരവ്. പ്ലേബോയ് ഇമേജിൽ നിന്ന് വിശ്വാസിയായ ഒരു മുസ്ലിമിലേക്ക് അദ്ദേഹം വേഷവിധാനങ്ങളിലൂടെയും പെരുമാറ്റങ്ങളിലൂടെയും പരകായപ്രവേശം നടത്തി. പട്ടിണി മാറ്റുകയാണ് തൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്ലാമിക് ഭീകരവാദത്തെ തള്ളിപ്പറഞ്ഞ ഇമ്രാൻ വിവിധ ഭീകരവാദ സംഘടനകൾക്ക് സംഭാവന നൽകിയെന്ന് റിപ്പോർട്ടുകളുണ്ട്. പലപ്പോഴും ഇമ്രാൻ്റെ വാക്കും പ്രവൃത്തിയും രണ്ടായിരുന്നു. തുടരെ നുണകൾ പറഞ്ഞ് 2002ൽ ഇമ്രാൻ ഖാൻ പാകിസ്താൻ നാഷണൽ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അഴിമതിയ്ക്കെതിരെ തുറന്നുസംസാരിച്ച ഇമ്രാൻ രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കുമെന്ന പ്രഖ്യാപനവും നടത്തി. പൊള്ളയായ ഈ വാഗ്ധാനങ്ങളുടെ ബലത്തിൽ അദ്ദേഹം 2018ൽ പാകിസ്താൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്താൻ പട്ടാളത്തിൻ്റെ പാവഭരണാധികാരി മാത്രമായിരുന്നു ഇമ്രാൻ. എന്നാൽ, ഒന്നിനുപിറകെ ഒന്നായി പട്ടാള കല്പനകളെ ലംഘിച്ചത് ഇക്കൊല്ലം ഏപ്രിലിൽ അദ്ദേഹത്തിൻ്റെ പതനത്തിലേക്ക് വഴിതെളിച്ചു. പാകിസ്താനിൽ ഒരു പ്രധാനമന്ത്രിയ്ക്കും മുഴുവൻ സമയം പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന നാണക്കേടിൻ്റെ റെക്കോർഡിൽ അവസാന കണ്ണി.
Story Highlights: imran khan life story pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here