Advertisement

ജമ്മു കശ്‌മീരിനു നന്ദി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം അടുത്ത റൗണ്ടിൽ

October 22, 2022
Google News 2 minutes Read
kerala pre quarter smat

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് സിയിൽ 20 പോയിൻ്റുമായി രണ്ടാം സ്ഥാനത്തോടെയാണ് കേരളം അടുത്ത റൗണ്ടിലെത്തിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായ കർണാടക നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയപ്പോൾ രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത കേരളവും ഹരിയാനയും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഇന്ന് ജമ്മു കശ്‌മീരിനെതിരെ വിജയിച്ച സർവീസസിനും 20 പോയിൻ്റുണ്ടെങ്കിലും മികച്ച റൺ റേറ്റാണ് കേരളത്തിനു ഹരിയാനയ്ക്കും തുണയായത്. (kerala pre quarter smat)

Read Also: മേഘാലയക്കെതിരെ അഞ്ച് വിക്കറ്റ് ജയം; പ്രീ ക്വാർട്ടർ സാധ്യത നിലനിർത്തി കേരളം

ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്‌മീർ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 149 റൺസാണ് നേടിയത്. വിജയലക്ഷ്യം 10 ഓവറിൽ മറികടന്നെങ്കിലേ സർവീസസിന് അടുത്ത റൗണ്ടിലെത്താൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ, അവർക്ക് അത് സാധിച്ചില്ല. 22 പന്തിൽ 47 റൺസെടുത്ത രാഹുൽ സിംഗ് സർവീസസിന് വിസ്ഫോടനാത്‌മക തുടക്കം നൽകിയെങ്കിലും മറ്റുള്ളവരെ വേഗം പുറത്താക്കിയ ജമ്മു കശ്‌മീർ സർവീസസിൻ്റെ വിജയം വൈകിപ്പിക്കുകയായിരുന്നു. ഒടുവിൽ അവസാന ഓവറിലെ രണ്ടാം പന്തിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് സർവീസസ് വിജയിച്ചത്.

മേഘാലയക്കെതിരെ അനായാസ ജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത മേഘാലയയെ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റിന് 100 റൺസിനൊതുക്കിയ കേരളം 12.2 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഏഴാം നമ്പറിലെത്തിയ ലാറി സംഗ്‌മയാണ് (20) മേഘാലയയുടെ ടോപ്പ് സ്കോറർ. കിഷൻ ലിൻഡോ 19 റൺസെടുത്തു. കേരളത്തിനായി വൈശാഖ് ചന്ദ്രൻ, എസ് മിഥുൻ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.

Read Also: ‘സഞ്ജുവും സച്ചിനും തിളങ്ങി’: കശ്മീരിനെതിരെ കേരളത്തിന് വിജയം

മറുപടി ബാറ്റിംഗിൽ വേഗം വിജയലക്ഷ്യം മറികടന്ന് റൺ റേറ്റ് വർധിപ്പിക്കുകയായിരുന്നു കേരളത്തിൻ്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ മുഹമ്മദ് അസ്ഹറുദ്ദീനും വിഷ്ണു വിനോദും കേരളത്തിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തു. വേഗത്തിൽ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ അസ്ഹറുദ്ദീൻ (14) മൂന്നാം ഓവറിൽ പുറത്തായി. മൂന്നാം നമ്പറിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ (4) വേഗം മടങ്ങി. രോഹൻ കുന്നുമ്മലിനും (7) മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. വിഷ്ണു വിനോദ് (12 പന്തിൽ 27) കൂറ്റൻ ഷോട്ടുകളുമായി കേരളത്തെ മുന്നോട്ടുനയിച്ചു. സച്ചിൻ ബേബിയും (24 പന്തിൽ 28) കേരളത്തിനായി തിളങ്ങി. ഇരുവരും പുറത്തായതിനു പിന്നാലെ ക്രീസിലുറച്ച അബ്ദുൽ ബാസിത്ത് (13 നോട്ടൗട്ട്) ആണ് കേരളത്തെ വിജയത്തിലെത്തിച്ചത്.

Story Highlights: kerala pre quarter smat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here