11 ദിവസം ഉറങ്ങാതെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി; പിന്നീട് സംഭവിച്ചത്…

തങ്ങളുടെ കഴിവുകളിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച് റെക്കോർഡുകൾ സ്വന്തമാക്കുന്നവരെ കുറിച്ച് നമുക്ക് അറിയാം. എന്നാൽ അപൂർവ്വമായൊരു ലോകറെക്കോർഡിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. തുടര്‍ച്ചയായി ഉറങ്ങാതിരുന്നതിന്റെ പേരിലുള്ള ലോക റെക്കോര്‍ഡാണ് റാന്‍ഡി ഗാര്‍ഡ്‌നര്‍ എന്ന അമേരിക്കക്കാരന്‍ സ്വന്തമാക്കിയിരിക്കുന്നത്. 11 ദിവസമാണ് റാന്‍ഡി ഉറങ്ങാതിരുന്നത്. കൃത്യമായി പറഞ്ഞാല്‍ 264 മണിക്കൂറും 25 മിനിറ്റും.
തന്റെ 17-ാം വയസ്സിൽ അതായത് 1963 ലാണ് റാന്‍ഡി തന്റെ ലോക റെക്കോര്‍ഡ് പ്രകടനം കാഴ്ച്ചവെച്ചത്. 260 മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങാതിരുന്ന ഹോനോലുലുവില്‍ ഉള്ള ഒരു ഡിജെയാണ് ഇതിനു മുന്‍പ് ഉറങ്ങാതെ ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. പക്ഷെ ഈ പ്രകടനം പിൽകാലത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിച്ചത് എന്നും റാന്‍ഡി വ്യക്തമാക്കിയിരുന്നു. തന്റെ സുഹൃത്തായ ബ്രൂസ് മക് അല്ലിസ്റ്ററിനൊപ്പമായിരുന്നു ഈ പരീക്ഷണത്തില്‍ റാന്‍ഡി ഏര്‍പ്പെട്ടത്. പിന്നീട് ഇവരുടെ പരീക്ഷണത്തെ കുറിച്ച് കേട്ടറിഞ്ഞ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ഉറക്കത്തെ കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരുന്ന വില്യം ഡെമന്റും ഇവർക്കൊപ്പം ചേര്‍ന്നു.
പതിനൊന്ന് ദിവസം നീണ്ട ഈ ഉറക്കമില്ലായ്മ റാൻഡിയുടെ മൂഡിനെയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും ബാധിച്ചു. കൂടാതെ ഹ്രസ്വകാല ഓര്‍മ നഷ്ടം, മനോവിഭ്രാന്തി, മതിഭ്രമം തുടങ്ങിയവയുടെ ലക്ഷണങ്ങളും പരീക്ഷണസമയത്ത് റാന്‍ഡി പ്രകടിപ്പിച്ചിരുന്നു. പരീക്ഷണത്തിന് ശേഷം റാന്‍ഡിയുടെ തലച്ചോറിന് നടത്തിയ സ്‌കാനിങ്ങിന്റെ ഫലമായിരുന്നു കൗതുകകരം.
സ്‌കാന്‍ ഫലത്തില്‍ പരീക്ഷണകാലയളവില്‍ റാന്‍ഡിയുടെ തലച്ചോറിന്റെ ചില ഭാഗങ്ങള്‍ ഉറങ്ങിയതായും ചില ഭാഗങ്ങള്‍ ഉണര്‍ന്നിരുന്നതായും കണ്ടെത്തി. നമ്മൾ മനഃപൂര്‍വം ഉണര്‍ന്നിരുന്നാലും തലച്ചോര്‍ മിതമായി ഉറങ്ങുമെന്ന് തെളിയിക്കുന്നതായിരുന്നു പരീക്ഷണം. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമായതിനാല്‍ ഗിന്നസ് പോലുള്ള സ്ഥാപനങ്ങള്‍ ഇത്തരം ശ്രമങ്ങള്‍ റെക്കോര്‍ഡിന് പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Story Highlights: Man who set record of 264 ‘sleepless’ hours suffers from consequences decades later
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here