Advertisement

ജനകീയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാൻ മന്ത്രിമാർ ഫുട്ബോളിന് പിറകിൽ പോകുന്നു: കെ.സുരേന്ദ്രൻ

October 22, 2022
Google News 2 minutes Read

സംസ്ഥാനത്തെ മന്ത്രിമാർ ജനകീയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഫുട്ബോളിന് പിന്നാലെ പോവുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മന്ത്രിമാർ സംസ്ഥാനത്ത് ജനജീവിതം ദുസഹമാകുമ്പോൾ അതിനെ പറ്റി പറയാതെ അടുത്ത മാസം വരാൻ പോകുന്ന ലോകകപ്പിനെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയാണ്. ഈ മന്ത്രിമാരെയൊക്കെ ഇതിനാണോ ജനങ്ങൾ തിരഞ്ഞെടുത്തത്? ലോകകപ്പിന്റെ പേരും പറഞ്ഞ് ക്യാപ്സൂൾ ഇറക്കുകയാണ് സിപിഐഎം നേതാക്കളെന്നും പാലക്കാട് യുവമോർച്ച സംഘടിപ്പിച്ച അഭിനന്ദന സദസ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ജനങ്ങൾ പൊറുതിമുട്ടുകയാണ്. സാധാരണക്കാരെ ഓടിച്ചിട്ടടിക്കുന്ന പൊലീസുകാരാവട്ടെ നാട്ടുകാരുടെ മാങ്ങയും സ്വർണ്ണവുമെല്ലാം മോഷ്ടിക്കുകയാണ്. സ്വർണ്ണക്കടത്തും ഡോളർക്കടത്തും നടത്തുന്ന ഭരണാധികാരികൾ ഉള്ളപ്പോൾ പൊലീസ് അങ്ങനെയായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. യഥാ രാജാ തഥാ പ്രജ എന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. പട്ടാളക്കാരെ വരെ ആക്രമിക്കുന്ന പൊലീസാണിത്. ഇതിന് പിണറായി വിജയന്റെ പൊലീസിന് കനത്ത വില നൽകേണ്ടി വരും. ഇവിടെ സാധാരണക്കാരന് നീതിയില്ലെന്നും കെ.സുരേന്ദ്രൻ പറ‍ഞ്ഞു.

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

സ്ത്രീകൾക്ക് എതിരായ അതിക്രമത്തിന് കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ മന്ത്രിമാർ നേതൃത്വം കൊടുത്തിരുന്നു എന്നതാണ് പുതിയ വാർത്ത. സിപിഐഎം നേതാക്കൾക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തൽ ​ഗൗരവതരമാണ്. സരിത വെളിപ്പെടുത്തിയപ്പോൾ കേസെടുത്ത പൊലീസ് എന്തുകൊണ്ടാണ് സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കാത്തത്.

മോദിസർക്കാർ സർക്കാർ മേഖലയിൽ 10 ലക്ഷം പേർക്ക് തൊഴിലവസരം നൽകുന്നത് കേരളം മാതൃകയാക്കണം. 75,000 പേർക്കാണ് ഇന്ന് പ്രധാനമന്ത്രി അവസരം നൽകിയത്. കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും തൊഴിൽ മേള നടന്നു. പറയുന്ന കാര്യങ്ങൾ ചെയ്യുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. ആളുകളെ കബളിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. സർക്കാർ ഖജനാവിൽ നിന്നും പണം എടുത്ത് വിദേശയാത്ര നടത്തി ജനങ്ങളെ പറ്റിക്കുകയാണ് മുഖ്യമന്ത്രി. ലണ്ടനിൽ 3,000 പേർക്ക് ജോലി ശരിയാക്കിയെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.

Story Highlights: Ministers turn to football to escape popular issues k surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here