ബ്രസീലിന് ജയ് വിളിച്ച് ശിവന്‍കുട്ടി; ‘വാമോസ് അര്‍ജന്റീന’ മുഴക്കി മണിയാശാനും പിള്ളേരും, ഫേസ്ബുക്കിൽ ‘ഫാൻ ഫൈറ്റ്’

ഖത്തറിൽ ഫിഫ ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഇനി 29 നാൾ മാത്രം. ഫുട്ബോൾ പൂരം കത്തിപ്പടരാനായി ആരാധകർ കണ്ണുംനട്ട് കാത്തിരിപ്പാണ്. ഇതിനിടെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വെല്ലുവിളിച്ചും കമന്റടിച്ചും പരസ്പരം ഗോളടി തുടങ്ങി കേരളാ രാഷ്ട്രീയത്തിലെ അര്‍ജന്റീന-ബ്രസീല്‍ നേതൃത്വം. ബ്രസീല്‍ തന്നെ കിരീടം നേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മറുപടിയുമായി മുതിര്‍ന്ന സിപിഐഎം നേതാവ് എം എം മണി ഫേസ്ബുക്കിലൂടെ രംഗത്തെത്തി.
‘ബ്രസീല്‍ ആരാധകര്‍ ഇവിടെ കമോണ്‍, നിങ്ങള്‍ക്കുള്ള കാവിലെ അടുത്ത പാട്ടു മത്സരം എത്താറായെ’ന്നാണ് മണി ആശാന് ശിവന്‍കുട്ടിക്ക് മറുപടി നല്‍കിയിരിക്കുന്നത്. കടുത്ത അര്‍ജന്റീന ആരാധകരായ എം എം മണിയെയും മുന്‍ മന്ത്രി കടകംപ്പള്ളി സുരേന്ദ്രനെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു മന്ത്രി ശിവന്‍കുട്ടി വെല്ലുവിളിച്ചത്.
പക്ഷെ മണിയാശാൻ അങ്ങനെ വിടുമോ! ‘ബ്രസീൽ തിരിച്ചുള്ള ആദ്യ ഫ്ളൈറ്റ് പിടിക്കാതിരിക്കട്ടെ… സെമി വരെയെങ്കിലും എത്തണേ…’-ആശാൻ വക നല്ല മുട്ടൻ കൗണ്ടർ. എന്നാൽ ‘നമുക്ക് കാണാം ആശാനേ’, ബ്രസീൽ ആരാധകനായ വി. ശിവൻകുട്ടി ഇത്തവണ സ്വന്തം ടീം തന്നെ കപ്പടിക്കുമെന്ന് വീരവാദം മുഴക്കി.
ഇതിനുപിന്നാലെ സി.പി.ഐ.എം ക്യാമ്പിലെ അർജന്റീന ആരാധകർ ഓരോന്നായി ‘വാമോസ് അർജന്റീന’ മുഴക്കി മണിയാശാന്റെ പിന്നിൽ അണിനിരന്നു. യുവ എം.എൽ.എമാരാണ് അർജന്റീനയ്ക്ക് ജയ് വിളിച്ച് ശിവൻകുട്ടിക്ക് പൊങ്കാലയുമായി ആദ്യം തന്നെ കമന്റ് ബോക്സിൽ കൂടിയത്. പിന്നാലെ, സാക്ഷാൽ ഇ.പി ജയരാജൻ തന്നെയെത്തി. ‘കോപ അമേരിക്ക കീഴടക്കി, ഫൈനലിസ്സിമയും നേടി. ഇനി ഖത്തറിൽ ലോകകപ്പിലും മുത്തമിടും.”-വാമോസ് അർജന്റീന മുഴക്കി, അർജന്റീനയുടെ കൊടികുത്തി ഇ.പി.

പിന്നാലെ ‘ഈ കപ്പ് കണ്ട് പനിക്കേണ്ട സഖാവേ… ഇത് ഞാനും മണിയാശാനും ഇങ്ങ് എടുത്തു’-തിരുവനന്തപുരത്തിന്റെ എം.എൽ.എ ബ്രോ വി.കെ പ്രശാന്തിന്റെ കമന്റ്. എന്നാൽ, ഇത്തവണ കപ്പിൽ മുത്തമിടുന്നത് ബ്രസീൽ തന്നെയാകുമെന്ന് ശിവൻകുട്ടിയുടെ ഉറച്ച മറുപടിയും. ഈ കപ്പ് അർജന്റീനയ്ക്കുള്ളതാണെന്ന് വ്യക്തമാക്കി അഴീക്കോട് എം.എൽ.എ കെ.വി സുമേഷ്. നമുക്ക് കളിക്കളത്തിൽ കാണാമെന്ന് ശിവൻകുട്ടിയും. ഈ കപ്പ് കണ്ട് പനിക്കേണ്ട, ഇത് ഞങ്ങളിങ്ങെടുത്തുവെന്ന് ആവർത്തിച്ചു തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. കളത്തിൽ കാണാമെന്ന് ശിവൻകുട്ടിയും. എം. നൗഷാദ്, എം. വിജിൻ എം.എൽ.എമാരെല്ലാം അർജന്റീനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
Read Also: FIFA World Cup 2022: മെസിക്ക് നേടണം ഈ ലോക കിരീടം

ബാലുശ്ശേരി എം.എൽ.എ സച്ചിൻദേവ് മാത്രമാണ് ശിവൻകുട്ടിക്ക് പ്രതിരോധമൊരുക്കാൻ സി.പി.ഐ.എം ക്യാംപിലുണ്ടായിരുന്നത്. കപ്പ് ബ്രസീലിനു തന്നെ, മറ്റുള്ളവർക്ക് ഖത്തറിലെ കാഴ്ച കണ്ടുമടങ്ങാമെന്ന് ഒരു പഞ്ചിൽ സച്ചിൻദേവ് കമന്റ് ഇട്ടു.

എന്തായാലും ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് ഒരു മാസം മുമ്പെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വെല്ലുവിളിച്ചും കമന്റടിച്ചും പരസ്പരം ഗോളടി തുടങ്ങിയിരിക്കുകയാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ.
Story Highlights: MM Mani Responds to V Sivankutty’s FB post on Brazil will Win World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here