കാണാതായ 16 കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ: പൊലീസിനെതിരെ കുടുംബം

നാല് ദിവസം മുമ്പ് കാണാതായ 16 കാരി ദളിത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ വയലിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്നാണ് സംശയം. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ഒക്ടോബർ 19 ന് സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായിരുന്നു.
രാംഗഢിൽ താമസിക്കുന്ന പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി സൈക്കിളിൽ സ്‌കൂളിലേക്ക് പോയി. സ്കൂൾ കഴിഞ്ഞിട്ടും പെൺകുട്ടി തിരിച്ചെത്തിയിരുന്നില്ല. പരിഭ്രാന്തരായ രക്ഷിതാക്കൾ കുട്ടിയെ തെരഞ്ഞിറങ്ങി. വിദ്യാർത്ഥിനിയെ എവിടെയും കാണാതെ വന്നതോടെ ഉമ്രി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. എന്നാൽ പരാതി നൽകിയിട്ടും പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയിരുന്നില്ലെന്ന് കുടുംബം പറയുന്നു.
തുടർച്ചയായ തെരച്ചിലിനൊടുവിൽ പെൺകുട്ടിയുടെ വീട്ടുകാരാണ് സൈക്കിൾ കണ്ടെത്തിയത്. ഈ വിവരം പൊലീസിന് നൽകിയതോടെ ഉമ്രി മേഖലയിൽ വിദ്യാർഥിനിക്കായി തെരച്ചിൽ ഊർജിതമാക്കുകയും വൈകാതെ അഴുകിയ മൃതദേഹം കണ്ടെത്തുകയും ചെയ്തു. പെൺകുട്ടിയുടെ സ്കൂൾ ബാഗും ചെരിപ്പും മൃതദേഹത്തിന് സമീപം കിടന്നിരുന്നു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് കമലേഷ് കുമാർ ഖർപാസ് അറിയിച്ചു.
അതേസമയം മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കളും മറ്റും പൊലീസ് വാഹനം തടയുകയും പ്രതിഷേധിക്കുകയും ചെയ്തു. കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉമ്രി ഹൈവേ ഉപരോധിച്ചു. പിന്നീട് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രംഗം ശാന്തമാക്കി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
Story Highlights: 16-Year-Old Dalit Girl Found Dead In Madhya Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here