Advertisement

“ഗെയിം ക്രൂരവും അന്യായവും ആകാം”: പാക്ക് തോൽവിക്ക് പിന്നാലെ പിസിബി ചീഫ് റമീസ് രാജ

October 23, 2022
Google News 2 minutes Read

ടീമിൻ്റെ പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. ടി20 ലോകകപ്പിൽ ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും ടീം നന്നായി പൊരുതി. ചില മത്സരം ജയിക്കും ചിലത് തോൽക്കും. എല്ലാവർക്കും അറിയുന്നപോലെ ഗെയിം ക്രൂരവും അന്യായവുമാകാം എന്നും രാജ ട്വീറ്റ് ചെയ്തു.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കും ജയം നേടിയിരുന്നു. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താൻ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ അവസാന പന്തിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. 53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫും മുഹമ്മദ് നവാസും 2 വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. പാക് പേസർമാർ തകർത്തെറിഞ്ഞപ്പോൾ ഇന്ത്യൻ ടോപ്പ് ഓർഡറിന് മറുപടി ഉണ്ടായില്ല. 6.1 ഓവറിൽ ഇന്ത്യക്ക് നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ലോകേഷ് രാഹുൽ (4) നസീം ഷാ എറിഞ്ഞ രണ്ടാം ഓവറിൽ പ്ലെയ്ഡ് ഓൺ ആയപ്പോൾ രോഹിത് ശർമ (4) ഹാരിസ് റൗഫ് എറിഞ്ഞ നാലാം ഓവറിൽ ഇഫ്തിക്കാർ അഹ്‌മദിൻ്റെ കൈകളിൽ അവസാനിച്ചു. നന്നായി തുടങ്ങിയ സൂര്യകുമാർ യാദവിനെയും ഹാരിസ് റൗഫ് ആണ് പുറത്താക്കിയത്. 10 പന്തുകളിൽ 15 റൺസെടുത്ത സൂര്യ മുഹമ്മദ് റിസ്വാന് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. അഞ്ചാം നമ്പറിലെത്തിയ അക്സർ പട്ടേൽ (2) റണ്ണൗട്ടായി.

അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന വിരാട് കോലിയും ഹാർദിക് പാണ്ഡ്യയും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്. സാവധാനം ആരംഭിച്ച വിരാട് കോലിയും ഹാർദിക് പാണ്ഡ്യയും മുഹമ്മദ് നവാസ് എറിഞ്ഞ 12ആം ഓവറിൽ 3 സിക്സർ അടക്കം 20 റൺസ് അടിച്ച് ട്രാക്കിലെത്തി. എന്നാൽ, അവസാന ഓവറുകളിൽ തകർത്തെറിഞ്ഞ ഹാരിസ് റൗഫ് അടക്കമുള്ള പാക് പേസർമാർ ഇന്ത്യയെ നിയന്ത്രിച്ചുനിർത്തി. ഇതിനിടെ 43 പന്തുകളിൽ കോലി ഫിഫ്റ്റി തികച്ചു. ഷഹീൻ അഫ്രീദി എറിഞ്ഞ 18ആം ഓവറിൽ 3 ബൗണ്ടറികൾ അടക്കം 17 റൺസ് നേടിയ കോലി ഇന്ത്യക്ക് പ്രതീക്ഷ നൽകി.

എന്നാൽ, ഹാർദികിന് കൂറ്റൻ ഷോട്ടുകൾ കളിക്കാനായില്ല. ഹാരിസ് റൗഫ് എറിഞ്ഞ 19ആം ഓവറിൽ കോലി നേടിയ രണ്ട് സിക്സറുകൾ സഹിതം 15 റൺസ് നേടിയ ഇന്ത്യ അവസാന ഓവറിലെ വിജയലക്ഷ്യം 16 ആക്കി. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഹാർദ്ദിക് പാണ്ഡ്യയെ (37 പന്തിൽ 40) ബാബർ അസം പിടികൂടി. കോലിയുമൊത്ത് 113 റൺസിൻ്റെ നിർണായക കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ഹാർദിക് മടങ്ങിയത്.

ഓവറിലെ നാലാം പന്ത് നോ ബോൾ. പന്തിൽ കോലി സിക്സർ നേടി. അടുത്ത പന്ത് വൈഡ്. അടുത്ത പന്തിൽ കോലി ബൗൾഡ് ആയെങ്കിലും മൂന്ന് ബൈ ഓടിയെടുത്തു. വിജയലക്ഷ്യം രണ്ട് പന്തിൽ രണ്ട്. അഞ്ചാം പന്തിൽ ദിനേഷ് കാർത്തികിനെ (1) റിസ്വാൻ സ്റ്റമ്പ് ചെയ്തു. അടുത്ത പന്ത് വൈഡ്. സ്കോർ തുല്യം. അവസാന പന്തിൽ സിംഗിൾ നേടിയ അശ്വിൻ ഇന്ത്യയുടെ വിജയറൺ നേടി.

Story Highlights: Game Can Be Cruel And Unfair: PCB Chief Ramiz Raja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here