Advertisement

ടി-20 ലോകകപ്പ്: എറിഞ്ഞുപിടിച്ച് ഇന്ത്യ; പാകിസ്താനെതിരെ വിജയലക്ഷ്യം 160 റൺസ്

October 23, 2022
Google News 2 minutes Read
t20 pakistan score india

ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 160 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസാണ് നേടിയത്. 52 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാൻ മസൂദ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇഫ്തിക്കാർ അഹ്‌മദും (51) പാകിസ്താനു വേണ്ടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. (t20 pakistan score india)

Read Also: ടി-20 ലോകകപ്പ്: പാകിസ്താൻ ബാറ്റ് ചെയ്യും

ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് സ്വപ്ന തുല്യമായ തുടക്കമാണ് ലഭിച്ചത്. അർഷ്ദീപ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ പാകിസ്താന് ക്യാപ്റ്റൻ ബാബർ അസമിനെ നഷ്ടമായി. നേരിട്ട ആദ്യ പന്തിൽ തന്നെ ബാബർ അസം (0) വിക്കറ്റിനു മുന്നിൽ കുടുങ്ങി. അർഷ്ദീപിനായിരുന്നു വിക്കറ്റ്. ബാബർ ഡിആർഎസ് എടുത്തെങ്കിലും ഓൺഫീൽഡ് കോൾ നിലനിൽക്കുകയായിരുന്നു. തൻ്റെ രണ്ടാം ഓവറിൽ, ഇന്നിംഗ്സിലെ നാലാം ഓവറിലെ അവസാന പന്തിൽ റിസ്വാനെയും (4) അർഷ്ദീപ് മടക്കി. ബൗൺസർ ഹുക്ക് ചെയ്യാൻ ശ്രമിച്ച റിസ്വാൻ ഡീപ് ഫൈൻ ലെഗിൽ ഭുവിയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു.

ഓപ്പണർമാർ പുറത്തായതിനു ശേഷം ക്രീസിലെത്തിയ ഷാൻ മസൂദും ഇഫ്തിക്കാർ അഹ്‌മദും ചേർന്ന് സാവധാനത്തിൽ ഇന്നിംഗ്സ് കെട്ടിപ്പടുത്തു. സാവധാനം തുടങ്ങിയ ഇഫ്തിക്കാർ അഹ്‌മദ് അക്സർ പട്ടേൽ എറിഞ്ഞ 12ആം ഓവറിൽ മൂന്ന് സിക്സർ അടക്കം 21 റൺസ് അടിച്ചുകൂട്ടി. ഓവറിലെ അവസാന പന്തിൽ ഇഫ്തിക്കാർ ഫിഫ്റ്റി തികച്ചു. 32 പന്തിലായിരുന്നു. ഫിഫ്റ്റിക്ക് പിന്നാലെ ഇഫ്തിക്കാർ മടങ്ങി. 13ആം ഓവറിലെ രണ്ടാം ഓവറിൽ മുഹമ്മദ് ഷമി താരത്തെ വിക്കറ്റിനു മുന്നിൽ കുരുക്കി.

ഇഫ്തിക്കാർ പുറത്തായതിനു പിന്നാലെ പാകിസ്താൻ ബാറ്റിംഗ് തകർച്ച നേരിട്ടു. ഷദബ് ഖാൻ (5), ഹൈദർ അലി (2) എന്നിവരെ 14ആം ഓവറിൽ ഹാർദിക് പാണ്ഡ്യ സൂര്യകുമാർ യാദവിൻ്റെ കൈകളിലെത്തിച്ചു. 16ആം ഓവറിൽ മുഹമ്മദ് നവാസിനെയും (9) ഹാർദിക് തന്നെ മടക്കി. നവാസിനെ കാർത്തിക് പിടികൂടി. തൊട്ടടുത്ത ഓവറിൽ അർഷ്ദീപ് സിംഗ് ആസിഫ് അലിയെ (2) കാർത്തികിൻ്റെ കൈകളിൽ എത്തിച്ചു.

Read Also: പാക് ഓപ്പണർമാരെ മടക്കി അർഷ്ദീപ്; കളിയിൽ പിടിമുറുക്കി ഇന്ത്യ

അവസാന ഓവറുകളിൽ ബൗണ്ടറി ഷോട്ടുകളുമായി കളം നിറഞ്ഞ ഷാൻ മസൂദ് ആണ് പാക് ഇന്നിംഗ്സ് കടത്തിയത്. 40 പന്തിൽ ഫിഫ്റ്റി തികച്ച മസൂദ് 52 റൺസുമായി പുറത്താവാതെ നിന്നു. അവസാന ഘട്ടത്തിൽ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും (6 നോട്ടൗട്ട്) മികച്ച രീതിയിൽ ബാറ്റ് വീശി. 8 പന്തിൽ 16 റൺസെടുത്ത ഷഹീനെ അവസാന ഓവറിലെ രണ്ടാം പന്തിൽ ഭുവനേശ്വർ കുമാർ സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് പിച്ചാണെങ്കിലും മഴ സാധ്യതയും മൂടിക്കെട്ടിയ അന്തരീക്ഷവും പരിഗണിച്ചാണ് രോഹിത് പാകിസ്താനെ ബാറ്റിംഗിനയച്ചത്.

Story Highlights: t20 world cup pakistan score india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here