Advertisement

ആരിഫ് മുഹമ്മദ്ഖാന്‍, ഇത് കേരളമാണ് യുപിയല്ല; ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.വി ജയരാജന്‍

October 24, 2022
Google News 3 minutes Read
MV jayarajan against governor arif mohammad khan

സര്‍വകലാശാലകളിലെ വിസിമാരോട് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ രൂക്ഷപ്രതികരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സര്‍വ്വകലാശാലകളുടെ അന്തകനായി ചാന്‍സലര്‍ മാറി എന്ന് തെളിയിക്കുന്നതാണ് വിസിമാരെ നീക്കം ചെയ്യാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നീക്കമെന്ന് എം വി ജയരാജന്‍ വിമര്‍ശിച്ചു. ഗവര്‍ണറുടെ ഈ തന്ത്രം ജനങ്ങളെ അണിനിരത്തി തടയും. ഇത് യു.പി.യല്ല, കേരളമാണ്. ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാന്‍ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ മാത്രമല്ല, കേരളമാകെ രംഗത്തിറങ്ങും. ആര്‍എസ്എസുകാരുടെ കോടതിയില്‍ കാവി വസ്ത്രംധരിച്ചുകൊണ്ട് ജഡ്ജിയായി ഗവര്‍ണര്‍ നിയമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ ജനങ്ങള്‍ക്ക് ബാധ്യതയില്ലെന്നും ഗവര്‍ണര്‍ സുപ്രിംകോടതി ജഡ്ജിയല്ലെന്നും ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.(MV jayarajan against governor arif mohammad khan)

എം വി ജയരാജന്റെ കുറിപ്പ്;

‘മിസ്റ്റര്‍ ആരിഫ് മുഹമ്മദ്ഖാന്‍,
ഇത് കേരളമാണ്!

സര്‍വ്വകലാശാലകളുടെ അന്തകനായി ചാന്‍സലര്‍ മാറി എന്ന് തെളിയിക്കുന്നതാണ് 9 വൈസ് ചാന്‍സലര്‍മാരെ നീക്കം ചെയ്യാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. ആരിഫ് മുഹമ്മദ് ഖാനെന്ന ആര്‍എസ്എസ്സുകാരന്‍ വിചാരധാരയെ ഭരണഘടനയായും മനുസ്മൃതിയെ സര്‍വ്വകലാശാലാ നിയമമാക്കിയും ചാന്‍സലര്‍ പദവിയിലിരുന്ന് ഭരിക്കുകയാണ്. കേരള നിയമസഭ പാസ്സാക്കിയ നിയമമാണ് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണറെ നിയോഗിച്ചത്. അത് സര്‍വ്വകലാശാലകളെ തകര്‍ക്കാനല്ല, പുരോഗതിയിലേക്ക് നയിക്കാനാണ്. കേരള സര്‍വ്വകലാശാലയിലെ എക്സ്ഒഫീഷ്യോ സെനറ്റ് അംഗങ്ങളെ അടക്കം പിരിച്ചുവിട്ട് പുതിയ പതിനഞ്ച് ആര്‍എസ്എസ്സുകാരെ സെനറ്റ് അംഗങ്ങളാക്കി നോമിനേറ്റ് ചെയ്യാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം ഹൈക്കോടതി തടഞ്ഞു. എന്നിട്ടും പഠിച്ചില്ല. 9 വൈസ് ചാന്‍സലര്‍മാരെ നീക്കി അവിടെ ആര്‍എസ്എസ്സുകാരെ കുടിയിരുത്താനുള്ള കുടിലതന്ത്രവുമായി മുന്നോട്ട് പോവുകയാണ്. അത് ജനങ്ങളെ അണിനിരത്തി തടയുക തന്നെ ചെയ്യും.

ഗവര്‍ണര്‍ സുപ്രീംകോടതി ജഡ്ജിയല്ല. ആര്‍എസ്എസ്സുകാരുടെ കോടതിയില്‍ കാവി വസ്ത്രംധരിച്ചുകൊണ്ട് ജഡ്ജിയായി നിയമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ ജനങ്ങള്‍ക്ക് ബാധ്യതയില്ല. ഉന്നതവിദ്യാഭ്യാസമേഖലയെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിജ്ഞാനസമ്പദ് വ്യവസ്ഥയെന്ന കാഴ്ചപ്പാടും മൂന്ന് കമ്മീഷനുകളെ നിയോഗിച്ചതുമെല്ലാം അതിന്റെ ഭാഗമാണ്. നാക് പരിശോധനയില്‍ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ക്ക് ഉയര്‍ന്ന ഗ്രേഡുകള്‍ നേടാന്‍ കഴിഞ്ഞു. ചാന്‍സലറുടെ കഴിവുകൊണ്ടല്ല, സര്‍ക്കാറിന്റെയും സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെയും സിണ്ടിക്കേറ്റുകളുടെയും അക്കാദമിക് സമൂഹത്തിന്റെയും കഠിന പരിശ്രമത്തിന്റെ നേട്ടമാണത്. അതെല്ലാം തകര്‍ക്കുന്ന നടപടിയാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്.

Read Also: വി.സിമാരുടെ കൂട്ടരാജി ആവശ്യം; ​ഗവർണർക്ക് മറുപടി നൽകാൻ നാളെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം

വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കുക എന്ന ആര്‍എസ്എസ് അജണ്ട, ജെ.എന്‍.യു. അടക്കമുള്ള വിവിധ കേന്ദ്രസര്‍വകലാശാലകളില്‍ സംഘപരിവാര്‍ നടപ്പാക്കാന്‍ ശ്രമിച്ചുവരികയാണ്. എന്നാല്‍ കേരളത്തില്‍ ഇതുവരെ ആ നീക്കം വിജയിച്ചില്ല. ആരിഫ് മുഹമ്മദ്ഖാനെ പ്രാദേശിക ആര്‍എസ്എസ് നേതാവിന്റെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയത് ആര്‍എസ്എസ് മേധാവിതന്നെയാണ്. ഇക്കൂട്ടര്‍ നടത്തിയ ഗൂഢാലോചനയാണ് സെനറ്റ് അംഗങ്ങളെയും വി.സി.മാരെയും പിരിച്ചുവിടാനുള്ള നോട്ടീസുകള്‍. മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഇത് യു.പി.യല്ല, കേരളമാണ്. ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാന്‍ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ മാത്രമല്ല, കേരളമാകെ രംഗത്തിറങ്ങും. ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ വരുംദിനങ്ങളില്‍ വളര്‍ന്നുവരും’.

Read Also: ഗവര്‍ണറുടെ നിര്‍ദ്ദേശം വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടയുടെ ഭാഗം: സിപിഐഎം

ഒന്‍പത് സര്‍വകലാശാല വി.സിമാരും രാജിവയ്ക്കണമെന്ന അസാധാരണ ആവശ്യമാണ് ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ടുവച്ചത്. 21ന് പുറത്തുവന്ന സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂര്‍, കാലടി, സാങ്കേതിക സര്‍വകലാശാല, കാലിക്കറ്റ്, മലയാളം സര്‍വകലാശാലാ വിസിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. നാളെ രാവിലെ 11.30ന് മുമ്പ് രാജി വെക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.

Story Highlights:MV jayarajan against governor arif mohammad khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here