Advertisement

അവസാനിക്കാത്ത വിരാടപർവം

October 24, 2022
Google News 2 minutes Read

കൃത്യം ഒരു വർഷം മുൻപ് ടി-20 ലോകകപ്പിൻ്റെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ മുന്നോട്ടുവച്ച 152 റൺസ് വിജയലക്ഷ്യം ഒരൊറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ പാകിസ്താൻ മറികടന്നിരുന്നു. അത് 2021 ഒക്ടോബർ 24നായിരുന്നു. ഒരു വർഷത്തിനിപ്പുറം, ഒക്ടോബർ 23ന് മറ്റൊരു ടി-20 ലോകകപ്പിൻ്റെ മറ്റൊരു ആദ്യ ഗ്രൂപ്പ് മത്സരത്തിൽ വീണ്ടും ഇരു ടീമുകളും ഏറ്റുമുട്ടുന്നു. ഇക്കുറി ജയം ഇന്ത്യക്കൊപ്പം. ഈ രണ്ട് മത്സരങ്ങളിലും പൊതുവായിനിന്ന ഒരു കാര്യം വിരാട് കോലി ആയിരുന്നു. രണ്ട് കളിയിലും കോലി ഫിഫ്റ്റിയടിച്ചു. കഴിഞ്ഞ വർഷം അയാൾ പരാജിതരിൽ പെട്ടുപോയപ്പോൾ ഇത്തവണ വിജയശ്രീലാളിതനായി, കണ്ണുനിറഞ്ഞ്, മനസുനിറഞ്ഞ് അയാൾ എംസിജിയുടെ നടുമുറ്റത്തുനിന്ന് തിരിച്ചുകയറി. ഈ ഒരു വർഷക്കാലത്തിനിടയിൽ കോലി വളർന്നത് ഏറെയാണ്. (virat kohli innings pakistan)

തൊട്ടതെല്ലാം പാളിയ കാലം

കഴിഞ്ഞ ടി-20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ പുറത്തായതിനു പിന്നാലെ കോലി ഇന്ത്യൻ ടീമിൻ്റെ ടി-20 നായകസ്ഥാനം രാജിവച്ചു. ഒരു മാസത്തിനു ശേഷം ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് കോലിയെ ബിസിസിഐ നീക്കി. പിന്നാലെ, ഈ വർഷം ജനുവരിയിൽ കോലി ടെസ്റ്റ് നായക സ്ഥാനവും ഒഴിഞ്ഞു. അണിയറക്കളികൾ എന്തുമാവട്ടെ, കരിയറിൽ വിരാടിൻ്റെ ഏറ്റവും ദുഷ്കരമായ സമയമായിരുന്നു അത്. വർഷങ്ങളായി തുടരുന്ന മോശം ഫോം. ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ട ദിനങ്ങൾ. എന്നാൽ, കോലിയുടെ തലയ്ക്കായി കാത്തുനിന്നവരെ നിരാശരാക്കി പുതിയ ക്യാപ്റ്റൻ രോഹിത് ശർമ മുൻ ക്യാപ്റ്റന് സമ്പൂർണ പിന്തുണ നൽകി.

"ഇന്ത്യക്കായി ഏറെക്കാലം ഒരുപാട് മത്സരങ്ങൾ കളിച്ചയാളാണ് കോലി. ഫോമൗട്ട് എല്ലാവർക്കും കരിയറിൽ ഉണ്ടാവുന്നതാണ്. ആളുകൾ കോലിയുടെ ഫോമിനെപ്പറ്റി ചർച്ച ചെയ്യുന്നു. പ്രകടനങ്ങളിൽ മാറ്റമുണ്ടാവാം. എന്നാൽ, ഒരു താരത്തിൻ്റെ ക്വാളിറ്റിയ്ക്ക് ഇടിവുവരില്ല. അദ്ദേഹത്തിൻ്റെ ശരാശരിയിലേക്ക് നോക്കൂ. മഹാനായ ബാറ്ററാണ് അദ്ദേഹം."- രോഹിത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രോഹിത് നിലപാട് വ്യക്തമാക്കിയെങ്കിലും ഒരിക്കൽ ബൗളർമാരെ ഭരിച്ചുകൊണ്ടിരുന്ന കിംഗ് കോലി ഇപ്പോൾ അത്ര എഫക്ടീവല്ലെന്നും ടി-20 ടീമിൽ നിന്ന് മാറിനിൽക്കണമെന്ന ഒളിച്ചുപറയലുകൾ ചിലയിടങ്ങളിൽ ഉയർന്നുകേട്ടു. കോലിയെ ആരാധിക്കുന്നത് നിർത്തൂ. സൂര്യകുമാർ യാദവാണ് താരം എന്ന് മുൻ താരം ഗൗതം ഗംഭീർ തുറന്നുപറഞ്ഞു. കോലി 2022 ലോകകപ്പിലേക്കെത്തുന്നത് ഒരുപക്ഷേ, ഒരു പ്ലയർ തൻ്റെ കരിയറിൽ അനുഭവിച്ചേക്കാവുന്ന ഏറ്റവും കടുത്ത സമ്മർദ്ദത്തിലാണ്. എന്നിട്ട് അയാൾ ആദ്യം പാഡ് കെട്ടുന്നത് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വമ്പൻ മത്സരത്തിലും.

കളിയല്ല കളി

160 ചേസ് ചെയ്യുമ്പോൾ, 4 വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിൽ ഇന്ത്യ പരാജയമുറപ്പിച്ചുകഴിഞ്ഞു. പിന്നീട് ഹാർദിക്കുമായിച്ചേർന്ന് ഒരു കൂട്ടുകെട്ടുയർത്തുന്നു. ആദ്യ 10 ഓവറിൽ സ്കോർബോർഡിലുള്ളത് വെറും 45 റൺസ്. അടുത്ത 10 ഓവറിൽ വേണ്ടത് 6 വിക്കറ്റുകൾ ശേഷിക്കെ 115 റൺസ്. 11ആം ഓവറിൽ കൂട്ടുകെട്ടിലെ ആദ്യ ബൗണ്ടറി ഹാർദിക് നേടുന്നു. കളി മാറിയത് മുഹമ്മദ് നവാസ് എറിഞ്ഞ12ആം ഓവറിലാണ്. ഹാർദിക് രണ്ട് സിക്സർ, കോലി ഒന്ന്. ഓവറിൽ 20 റൺസ്. സ്പിന്നർമാർക്ക് തല്ലുകിട്ടുന്നു എന്ന് മനസ്സിലാക്കിയ ബാബർ അസം പേസർമാരെ തിരികെവിളിച്ചു. ഹാർദിക് ക്രീസിൽ തളച്ചിടപ്പെട്ടു. പിന്നെ ഹാർദിക് ഒരു ബൗണ്ടറി നേടിയിട്ടില്ല. 18 പന്തിൽ 26 റൺസ് നേടിയ താരം പിന്നെ നേരിട്ട 19 പന്തിൽ നേടിയത് വെറും 14 റൺസ്. ഹാർദികിനെ തളച്ചിടാൻ അവർക്ക് സാധിച്ചു. എന്നാൽ, രാജ്യം വീഴണമെങ്കിൽ രാജാവിനെ വീഴ്ത്തിയല്ലേ പറ്റൂ. രാജാവ് വീണില്ല. പിന്നീടെല്ലാം കോലിയാണ്.

Read Also: കിംഗ് കോലി സുപ്രീമസി; ശൂന്യതയിൽ നിന്ന് ജയം പിടിച്ച് ഇന്ത്യ

ICC T20 World Cup 2022 Live Cricket Scores, News, Stats, Schedules,  Results, Highlights, Photos, Videos – NDTV Sports

കംത് ദി അവർ, കംത് ദി മാൻ

43 പന്തിലാണ് കോലി ഫിഫ്റ്റി തികയ്ക്കുന്നത്. 30ആം പന്തിലാണ് അയാളുടെ സ്ട്രൈക്ക് റേറ്റ് 100നു മുകളിൽ വരുന്നത്. കളി കഴിയുമ്പോൾ 53 പന്തിൽ 82 റൺസുമായി അയാൾ ക്രീസിലുണ്ടായിരുന്നു. അവസാന പത്ത് പന്തിൽ 30 റൺസ്. കളി കഴിഞ്ഞ് രോഹിത് ചുമലിലേറ്റുമ്പോൾ കോലിയുടെ കണ്ണുകളിൽ ചെറിയ നനവ് കണ്ടു. ദീർഘകാലം വിടാതെ തുടർന്ന ഫോം ഔട്ടിൽ നിന്ന് പുറത്തുവന്ന് പഴയ കിംഗ് ആയി, കിംഗ് കോലിയായി ഒരു മാച്ച് വിന്നിങ്ങ് നോക്ക് കളിക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യമാവാം അത്.

ടോപ്പ് ഓർഡർ തകർന്ന മത്സരത്തിൽ കോലി ഇന്നിംഗ്സ് പേസ് ചെയ്ത വിധമാണ് ശ്രദ്ധേയം. നീളം കൂടിയ സ്ക്വയർ ബൗണ്ടറികൾ ലക്ഷ്യമിട്ട് ഹാരിസ് റൗഫും നസീം ഷായും ഷോർട്ട് പിച്ച് പന്തുകളും ബൗൺസറുകളും വർഷിച്ചപ്പോൾ ഹാർദിക് പതറി. ഫുൾ ബോളുകൾ പ്രതീക്ഷിച്ചുനിന്ന ഹാർദികിന് അത് വലിയ തിരിച്ചടിയായിരുന്നു. ബിഹൈൻഡ് ദ വിക്കറ്റ് എന്നത് ഒരിക്കൽ പോലും ചിന്തിക്കാതെ ഹാർദിക് ക്രോസ് ബാറ്റഡ് ഷോട്ടുകളിൽ സ്ട്രൈറ്റ് കളിക്കാനാണ് ശ്രമിച്ചത്. വിജയിച്ചില്ല. അത് കോലിക്കും സമ്മർദമുണ്ടാക്കി. എന്നാൽ, ഹാരിസ് റൗഫിൻ്റെ ഷോർട്ട് ബോൾ തന്ത്രം കൃത്യമായി മനസിലാക്കി അതിനെ കൗണ്ടർ ചെയ്ത് കോലി നേടിയ രണ്ട് സിക്സറുകൾ കളിയുടെ ഗതി മാറ്റി. ആദ്യത്തെ സിക്സ് ഒരു സ്ലോ ബോൾ കോലിയ്ക്ക് മാത്രം കഴിയുന്ന സ്വാഗിൽ ബൗളറുടെ തലയ്ക്ക് മുകളിലൂടെ പറത്തിയപ്പോൾ അടുത്ത സിക്സ് ഫൈൻ ലെഗിനു മുകളിലൂടെ ഒരു ഫ്ലിക്ക് ആയിരുന്നു. അത് ഒരു ഗുഡ് ലെംഗ്ത് പന്തായിരുന്നു എന്നതാണ് ആ ഷോട്ടിനെ സ്പെഷ്യലാക്കുന്നത്. അതിനും മുൻപ്, ഷഹീൻ അഫ്രീദിയ്ക്കെതിരെ ഫീൽഡ് കൃത്യമായി മനസ്സിലാക്കി കവറിലൂടെ ചിപ് ചെയ്ത നേടിയ ബൗണ്ടറിയിൽ തന്നെ അയാളുടെ സിഗ്നേച്ചർ ഉണ്ടായിരുന്നു. കോലി ടി-20യിൽ നിന്ന് വിരമിക്കണമെന്ന അലമുറകൾക്കൊടുവിൽ എംസിജിയിൽ നിന്ന് അയാൾ മടങ്ങുന്നത് പാകിസ്താനെതിരെ അവിശ്വസനീയമായ ഒരു ജയം നേടിക്കൊണ്ടാണ്.

Ind vs Pak - T20 World Cup 2022 - Virat Kohli - My best T20 innings because  of 'magnitude of the game and the situation'

ഏച്ചുകെട്ട്

അശ്വിനെ മറക്കുന്നില്ല. സമകാലിക ക്രിക്കറ്റിൽ ഏറ്റവും മികച്ച ക്രിക്കറ്റ് ബ്രെയിൻ. ഒരു പന്തിൽ രണ്ട് റൺസായിരുന്നു വിജയലക്ഷ്യം. ക്ലോസ് ഇൻ ഫീൽഡർമാർ ഓഫ്സൈഡിലാണ്. സിമ്പിൾ ആണ് കാര്യം. ഓഫ് സ്റ്റമ്പിനു പുറത്ത് റൂം നൽകാതിരിക്കുക എന്ന തന്ത്രം ക്രിസ്റ്റൽ ക്ലിയറായിരുന്നു. ലെഗ് സ്റ്റമ്പിൽ പേസ് കൂട്ടി എറിയുക എന്നതാണ് രീതി. അങ്ങനെ എറിയുമ്പോൾ, ആംഗിൾ കൂടി പരിഗണിക്കുമ്പോൾ അല്പം മാറിയാൽ വൈഡാണ്. അത് അശ്വിൻ മനസ്സിലാക്കി. 10ൽ 9 പേരും ലെഗ് സൈഡിലേക്ക് ഒരു ഹീവിനോ ലെഗ് സൈഡിലേക്ക് മാറി ഓഫ് സൈഡിലേക്ക് ഒരു ലോഫ്റ്റഡ് ഷോട്ടിനോ ശ്രമിക്കുമ്പോൾ അശ്വിൻ വാസ് ഐസ് കൂൾ. ഹീ സ്റ്റുഡ് ഹിസ് ഗ്രൗണ്ട്. പന്ത് വൈഡ്. സ്കോർ ലെവൽ. അവസാന പന്തിൽ ജയിക്കാൻ ഒരു റൺ. വൈഡ് പോകാതിരിക്കാൻ നവാസ് ഫുള്ളർ ലെംഗ്തിൽ ഓഫ് സ്റ്റമ്പിലെറിഞ്ഞു. ക്രീസിൽ ഡീപ്പായി നിന്ന അശ്വിൻ പന്ത് കോരി ഇൻഫീൽഡിനു മുകളിലൂടെ വിട്ടു. അശ്വിൻ സിക്സിനോ ഫോറിനോ അല്ല ശ്രമിച്ചത്. എംപ്റ്റി പോക്കറ്റിലേക്ക് പന്തെത്തിച്ച് ഒരു സിംഗിൾ. അതായിരുന്നു അശ്വിന്റെ ലക്ഷ്യം. അത് സാധിച്ചു.

May be an image of 1 person, playing a sport and text

Story Highlights: virat kohli innings pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here