Advertisement

വടക്കഞ്ചേരി ബസപകടം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

October 28, 2022
Google News 2 minutes Read
wadakkanchery bus high court

വടക്കഞ്ചേരി ബസപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ ഗതാഗത കമ്മീഷണർ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമലംഘനം നടത്തിയിട്ടുള്ള വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കിയതു സംബന്ധിച്ച വിശദാംശങ്ങളാണ് ഗതാഗത കമ്മീഷണർ നേരിട്ട് ഹാജരായി വിശദീകരിക്കേണ്ടത്. നടപടിയുടെ ഭാഗമായി 448 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്ന് കഴിഞ്ഞ ആഴ്ച്ച മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. (wadakkanchery bus high court)

Read Also: വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തില്‍ ലഹരി സാന്നിധ്യം ഇല്ലെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനമെമ്പാടും നടത്തിയ പരിശോധനാ നടപടിയുടെ വിശദാംശങ്ങളും മോട്ടോർ വാഹനവകുപ്പ് കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തിൽ ലഹരി സാന്നിധ്യം ഇല്ലെന്ന് റിപ്പോർട്ട് വന്നിരുന്നു. കാക്കനാട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അപകടം നടന്ന് മണിക്കൂറുകൾ വൈകിയാണ് ജോമോന്റെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.

കേസിലെ ഒന്നാം പ്രതിയായ ജോമോൻ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. മദ്യം മാത്രമല്ല, മറ്റ് എന്തെങ്കിലും ലഹരി ഇയാൾ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനായിരുന്നു കാക്കനാട്ടെ ലാബിൽ പരിശോധന നടത്തിയത്.

Read Also: വടക്കഞ്ചേരി അപകടം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനം യാത്രയ്ക്കായി ഉപയോഗിച്ചത് സ്‌കൂളിന്റെ വീഴ്ചയെന്ന് ഹൈക്കോടതി

5ാം തീയതി വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. 9 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.

ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.

Story Highlights: wadakkanchery bus accident high court case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here