ഏഴ് മാസമായി കോമയിൽ കിടന്ന യുവതി പെൺകുഞ്ഞിന് ജന്മം നൽകി

കോമയിലായിരുന്ന യുവതി പെൺകുഞ്ഞിന് ജന്മം നൽകി. മാസങ്ങളോളം അബോധാവസ്ഥയിലായിരുന്ന 23 കാരി കഴിഞ്ഞ ആഴ്ചയാണ് ഡൽഹിലെ എയിംസിൽ പ്രസവിച്ചത്. റോഡപകടത്തിൽ മസ്തിഷ്ക ക്ഷതം സംഭവിച്ച ഉത്തർപ്രദേശ് സ്വദേശിനി ട്രോമ സെന്ററിൽ 7 മാസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു. പെൺകുട്ടി പൂർണ ആരോഗ്യവതിയാണെന്ന് എയിംസ് ഡോക്ടർമാർ അറിയിച്ചു.
ഹെൽമറ്റ് ധരിക്കാതെ ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കെയാണ് ഗർഭിണിയായ യുവതി അപകടത്തിൽപ്പെട്ടത്. യുവതിയുടെ ബുർഖ ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങുകയായിരുന്നു. മാർച്ചിലായിരുന്നു സംഭവം. അപകടത്തിൽ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പിന്നാലെ എയിംസ് ട്രോമ സെന്ററിൽ നാല് മേജർ ബ്രെയിൻ സർജറികൾക്ക് വിധേയയായി. ജീവൻ രക്ഷിച്ചെങ്കിലും പെൺകുട്ടി അബോധാവസ്ഥയിൽ തന്നെ തുടർന്നു.
ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ട് അനുസരിച്ച് എയിംസിൽ എത്തുമ്പോൾ സ്ത്രീ 40 ദിവസം ഗർഭിണിയായിരുന്നു. ഗൈനക്കോളജിസ്റ്റുകളുടെ ഒരു സംഘം നടത്തിയ പരിശോധനയിൽ കുഞ്ഞ് ആരോഗ്യവാനാണെന്ന് കണ്ടെത്തി. കുട്ടി വേണോ അതോ ഗർഭച്ഛിദ്രത്തിന് വിധേയമാക്കണോ എന്ന് തീരുമാനിക്കാൻ ഭർത്താവിനോട് ഡോക്ടർമാർ ആവശ്യപ്പെട്ടു. രണ്ട് പേരും വേണമെന്ന് ഭർത്താവ് മറുപടി നൽകി. പിന്നീട് സ്വകാര്യ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഭർത്താവ് ജോലി ഉപേക്ഷിച്ച് ഭാര്യയെ പരിചരിക്കാൻ ആരംഭിച്ചു.
ഗർഭാവസ്ഥയുടെ എട്ടര മാസത്തിനുള്ളിൽ ഒക്ടോബർ 20 ന് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. സാധാരണ പ്രസവമാണ് നടന്നത്. യുവതി ഇപ്പോഴും അബോധാവസ്ഥയിലാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അമ്മയ്ക്ക് മുലയൂട്ടാൻ കഴിയില്ല. നിലവിൽ കുപ്പിയിലാണ് പാൽ നൽകുന്നത്. ആശുപത്രിയിൽ നിന്ന് അബോധാവസ്ഥയിൽ വീട്ടിലേക്ക് മടങ്ങുന്ന 15 ശതമാനം രോഗികൾക്കും ബോധം തിരിച്ചുകിട്ടാൻ ആറുമാസം മുതൽ ഒരു വർഷം വരെ വേണ്ടിവരുന്നതായി എയിംസ് ട്രോമ സെന്റർ ന്യൂറോ സർജൻ ഡോ.ദീപക് ഗുപ്ത പറഞ്ഞു.
Story Highlights: Unconscious Woman Gives Birth At Delhi AIIMS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here