കഷായം കുറിച്ച് നൽകിയത് ഡോക്ടറെന്ന് യുവതി; ഒന്നര വർഷം മുൻപ് സ്ഥലം മാറി പോയതാണെന്ന് ഡോക്ടർ

ഷാരോൺ രാജിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ കൂടുതൽ ചാറ്റുകൾ ട്വന്റിഫോറിന്. ഷാരോൺ കുടിച്ച കഷായം നൽകിയത് ഡോക്ടർ അരുൺ എഴുതി തന്നതെന്ന് യുവതി ചാറ്റിൽ വെളിപ്പെടുത്തുന്നു. സഹോദരിയുടെ സുഹൃത്തായ ഡോക്ടർ വീട്ടിലെത്തി മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്. ഡോക്ടർ ഇപ്പോൾ കോഴിക്കോടാണെന്ന് ഷാരോണിന്റെ സഹോദരനോട് യുവതി പറഞ്ഞു. പുത്തൻകടയിലായിരുന്നു ഡോക്ടറുടെ ക്ലിനിക്കെന്നും യുവതി വ്ക്തമാക്കി.
എന്നാൽ യുവതിയുടെ വാക്കുകൾ നിഷേധിച്ച് ആയുർവേദ ഡോക്ടർ രംഗത്ത് വന്നു. മരുന്ന് നിർദ്ദേശിച്ചിട്ടില്ലെന്ന് ഡോക്ടർ അരുൺ കുമാർ പറഞ്ഞു. ഒന്നര വർഷം മുമ്പ് താൻ പുത്തൻകടയിൽ നിന്ന് ട്രാൻസ്ഫറായി പോയെന്നും വീട്ടിൽ പോയി ആർക്കും മെഡിസിൻ നിർദ്ദേശിക്കാറില്ലെന്നും അരുൺ വ്യക്തമാക്കി.
ഇക്കഴിഞ്ഞ 25ാം തീയതിയാണ് 23കാരനായ ഷാരോൺ രാജ് എന്നയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് മരിക്കുന്നത്. ബിഎസ്‌സി റേഡിയോളജി വിദ്യാർത്ഥിയാണ് ഷാരോൺ. 14നാണ് ഷാരോൺ പ്രോജക്ടിന്റെ ഭാഗമായി കാരക്കോണത്ത് പെൺ സുഹൃത്തിന്റെ വീട്ടിൽ പോയത്. അവശനായ നിലയിൽ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വായിൽ വ്രണങ്ങൾ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു.
ഷാരോൺ രാജ് വീട്ടിൽ എത്തിയപ്പോൾ ജൂസും കഷായവും നൽകിയെന്ന് സമ്മതിച്ച് യുവതിയുടെ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത് വന്നിരുന്നു. കഷായം നൽകിയതിൽ ഷാരോണിനോട് തന്നെ യുവതി വാട്‌സാപ്പിൽ മാപ്പും അപേക്ഷിച്ചു. ഷാരോണിനെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടില്ല എന്ന് ഷാരോണിന്റെ സഹോദരനോട് യുവതി പറയുന്ന ശബ്ദ സന്ദേശവും പുറത്തായി.
അതേസമയം ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണ് ഷാരോണിന്റെ കുടുംബം. ഷാരോണിനെ വിഷം കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസ് ക്രൈം ബ്രാഞ്ചിന് വിടണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here