Advertisement

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ ഫോണ്‍ ഹാക്ക് ചെയ്തു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

October 30, 2022
Google News 2 minutes Read
liz truss personal phone was hacked

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ സ്വകാര്യ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന് വേണ്ടി പ്രവര്‍ത്തിച്ച ഏജന്‍സിയാണ് ഹാക്കിങിന് പിന്നിലെന്ന് സംശയിക്കുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലിസ് ട്രസ് വിദേശകാര്യ സെക്രട്ടറിയായിരിക്കെയാണ് ഹാക്കിങ് നടന്നതെന്നാണ് കണ്ടെത്തല്‍. എന്നാല്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണും കാബിനറ്റ് സെക്രട്ടറി സൈമണ്‍ കേസും ഈ വിവരം മറച്ചുവയ്ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.(liz truss personal phone was hacked )

ട്രസ്സിന്റെ അടുത്ത സുഹൃത്തായ ക്വാസി ക്വാര്‍ട്ടെങ്ങുമായി നടത്തി സ്വകാര്യ സന്ദേശങ്ങളും അന്താരാഷ്ട്ര സഖ്യകക്ഷികളുമായുള്ള ചര്‍ച്ചകളുടെ രഹസ്യ വിശദാംശങ്ങളും ഫോണില്‍ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുക്രെയ്ന്‍-റഷ്യ യുദ്ധത്തെ കുറിച്ച് അന്താരാഷ്ട്ര വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളും ആയുധ കയറ്റുമതിയെക്കുറിച്ചുള്ള വിശദാംശങ്ങളും സന്ദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. വിഷയത്തില്‍ അടിയന്തര അന്വേഷണം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

ബ്രിട്ടണിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്. അധികാരമേറ്റ് 45-ാം ദിവസം ലിസ് ട്രസ് രാജിവയ്ക്കുകയായിരുന്നു. ലിസ് പ്രധാനമന്ത്രി പദത്തിലെത്തിയതിന് പിന്നാലെ ബ്രിട്ടണില്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബ്രിട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ ദിവസം തന്നെ നികുതി വെട്ടിക്കുറക്കുമെന്നും രാജ്യത്ത് വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം കുറക്കുമെന്നും വാഗ്ദാനം ചെയ്താണ് ലിസ്ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായത്. എന്നാല്‍, അധികാരത്തിലേറി 45ാം ദിവസം പണപ്പെരുപ്പം മൂലം അവര്‍ രാജിവെച്ചൊഴിയേണ്ടി വന്നു.

Read Also: അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിവസം രാജി; ഏൽപിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ലിസ് ട്രസ്

തന്നെ ഏല്‍പിച്ച ദൗത്യം നിറവേറ്റാന്‍ കഴിയുന്നില്ലെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നുമായിരുന്നു രാജി പ്രഖ്യാപിച്ചുകൊണ്ട് ലിസ് ട്രസ് വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ധനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും രാജിക്ക് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാജിവെച്ച് പടിയിറങ്ങിയത്. പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായത്.

Story Highlights: liz truss personal phone was hacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here