Advertisement

Kerala Piravi : നവംബർ 1 കേരളത്തിന്റെ ജന്മദിനമായത് എങ്ങനെ ?

October 31, 2022
Google News 2 minutes Read
why kerala piravi celebrated on nov 1

കേരളം രൂപീകൃതമായിട്ട് 66 വർഷമാകുന്നു. 1956 നവംബർ 1 നാണ് കേരളപ്പിറവി ദിനം. എങ്ങനെയാണ് നവംബർ 1 കേരളത്തിന്റെ ജന്മദിനമായത് ? ( why kerala piravi celebrated on nov 1 )

1947ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ, മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ, ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

ഫസൽ അലി തലവനായും സർദാർ കെ.എം. പണിക്കർ, പണ്ഡിറ് ഹൃദയനാഥ് കുൻസ്രു എന്നിവർ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപവൽക്കരിച്ചത് 1953-ലാണ്. 1955-സെപ്റ്റംബറിൽ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചു. കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാർശയുണ്ടായിരുന്നു.

സംസ്ഥാന പുന:സംഘടനാ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്. തിരുവിതാംകൂറിലെ തോവാളം, അഗസ്തീശ്വരം, കൽക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാം കൂർ – കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർഗോഡ് താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോടു ചേർക്കപ്പെടുകയും ചെയ്തു. കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തിൽ വെറും 5 ജില്ലകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നിരുന്നാലും വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം.

നവംബർ ഒന്നിനു ചിത്തിരതിരുനാൾ മഹാരാജാവ് തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖന് പകരം ബി. രാമകൃഷ്ണറാവു ആദ്യ ഗവർണറായി. തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ് ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുന:സംഘടന നടന്നത്. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28-ന് നടന്നു. ആ തെരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്നു.

Story Highlights: why kerala piravi celebrated on nov 1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here