Advertisement

ഈ കാഴ്ച കണ്ണുനനയിക്കും….ഇങ്ങനെയുമുണ്ട് കേരളത്തില്‍ പൊലീസുകാര്‍

November 1, 2022
Google News 2 minutes Read
viral video from perumbavoor kodanad police station

ലഹരിക്കടിമയായ പിതാവ് ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയ പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍. എറണാകുളം പെരുമ്പാവൂരില്‍ നിന്നുമാണ് ഈ കാഴ്ചകള്‍. കേരള പൊലീസ് ഓഫീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സി.ആര്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സംഭവം പുറംലോകമറിയുന്നത്.

ലഹരി ഉപയോഗം ജീവിതത്തില്‍ വില്ലനായപ്പോള്‍ സ്വന്തം കുഞ്ഞുങ്ങളെ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ചതാണ് യുവാവ്. പെരുമ്പാവൂര്‍ പാലീസ് സ്റ്റേഷനില്‍ കേരള പിറവി ദിനം തന്നെ ആരംഭിച്ചത് ഈ രംഗത്തോടെയായിരുന്നു. രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയാണ് യുവാവ് പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയത്. പൊലീസുകാര്‍ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടിയാണ് സ്റ്റേഷനിലെത്തിച്ചത്.

എംഡിഎംഎ ഉപയോഗിച്ച് ‘എനിക്ക് വട്ടായിപ്പോയി’ എന്ന് വിളിച്ചുപറയുകയും അക്രമാസക്തമായി പെരുമാറുകയുമായിരുന്നു യുവാവ്. പൊലീസുകാര്‍ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ രംഗം അവസാനിക്കുന്നത് കരുണ വറ്റാത്ത ഒരുപറ്റം പൊലീസുകാരുടെ സദ്പ്രവൃത്തിയോടെയാണ്. കരഞ്ഞുകൊണ്ടിരുന്ന ഒന്നും രണ്ടും വയസ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ പൊലീസുകാര്‍ എടുത്തും പാലും ബിസ്‌കറ്റുമൊക്കെ കൊടുത്തും കരച്ചിലടക്കി.

ഭക്ഷണവും വെള്ളവും നല്‍കിയ ശേഷം കരച്ചില്‍ നിര്‍ത്താന്‍ പാട്ടുപാടി..പിന്നെ എടുത്തുകൊണ്ടുനടന്നു. ശേഷം മക്കളെ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ ശാന്തനാക്കി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഭാര്യ ഉപേക്ഷിച്ചുപോയതാണ്. മക്കളെ വളര്‍ത്താന്‍ നിവര്‍ത്തിയില്ല. മരിക്കുമെന്നു വരെ അയാള്‍ പറഞ്ഞു. സ്വന്തം മുഖത്തടിച്ചും കരഞ്ഞും നിലവിളിച്ചുമാണ് യുവാവ് ആദ്യം പ്രതികരിച്ചത്. ഇത്രയുമറിഞ്ഞപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു. കോടനാട് പൊലീസ്റ്റേഷന്‍ അതിര്‍ത്തിയിലാണ് യുവാവ് താമസിക്കുന്നത്. പൊലീസ് എത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നു. കുഞ്ഞുങ്ങളെ നോക്കാന്‍ മറ്റാരുമില്ലെന്ന് അറിഞ്ഞതോടെ കുട്ടികളുടെ താത്ക്കാലിക സംരക്ഷണ ഉത്തരവാദിത്തം പൊലീസിനായി. പൊലീസ് സ്റ്റേഷനില്‍ കുഞ്ഞുമക്കള്‍ പിച്ചവച്ചു. പൊലീസുകാര്‍ പുഞ്ചിരിയോടെ എടുത്തുനടന്നു. ബേബി ഫുഡും ഉടുപ്പുകളും നല്‍കി..ഒടുവില്‍ സ്‌നേഹത്തോടെയുള്ള പരിചരണത്തില്‍ കുഞ്ഞുങ്ങളുടെ കരച്ചിലും മാറി.

Read Also: പ്രണയം തുറന്ന് പറഞ്ഞ് നടി മഞ്ജിമ മോഹൻ

ഇപ്പോല്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യുവാവിനെ കൂവപ്പടി അഭയ ഭവനിലും കുട്ടികളെ പുല്ലുവഴി സ്‌നേഹ ജ്യോതി ബോയ്‌സ് ഹോമിലും താല്‍ക്കാലികമായി താമസിപ്പിച്ചിരിക്കുകയാണ്. പൊലീസുകാര്‍ക്ക് ഉമ്മയും ചിരിയും റ്റാറ്റയും നല്‍കിയാണ് ബോയ്‌സ് ഹോമിലേക്ക് കുരുന്നുകള്‍ യാത്രയായത്.

Story Highlights: viral video from perumbavoor kodanad police station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here