Advertisement

ടി-20 ലോകകപ്പ്: ഇഴഞ്ഞ തുടക്കം; മധ്യനിര രക്ഷക്കെത്തിയപ്പോൾ ബംഗ്ലാദേശിനെ വീഴ്ത്തി പാകിസ്താൻ സെമിയിൽ

November 6, 2022
Google News 2 minutes Read

ടി-20 ലോകകപ്പിൽ പാകിസ്താൻ സെമിയിൽ. ഇന്ന് നടന്ന സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശിനെ അഞ്ച് വീഴ്ത്തിയാണ് പാകിസ്താൻ സെമിയിൽ കടന്നത്. ബംഗ്ലാദേശ് മുന്നോട്ടുവച്ച 128 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ മറികടന്നു. നിലവിൽ 6 പോയിൻ്റുള്ള പാകിസ്താൻ പട്ടികയിൽ ഒന്നാമതാണെങ്കിലും സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യ വിജയിച്ചാൽ അവർ രണ്ടാം സ്ഥാനത്തേക്കിറങ്ങും. പട്ടികയിലെ ഒന്നാം സ്ഥാനക്കാർ സെമിയിൽ ഇംഗ്ലണ്ടിനെയും രണ്ടാം സ്ഥാനക്കാർ ന്യൂസീലൻഡിനെയും നേരിടും. (pakistan bangladesh world cup)

Read Also: ടി-20 ലോകകപ്പ്: സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്; ജയിച്ചാൽ സെമിയിൽ ഇംഗ്ലണ്ട് എതിരാളികൾ

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് ലിറ്റൺ ദാസിനെ (10) വേഗം നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ നസ്‌മുൽ ഹുസൈൻ ഷാൻ്റോയും സൗമ്യ സർക്കാരും ചേർന്ന് 52 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 11ആം ഓവറിൽ സൗമ്യ സർക്കാർ (17 പന്തിൽ 20) പുറത്തായതോടെ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച നേരിട്ടു. ഷാക്കിബ് അൽ ഹസൻ ഗോൾഡൻ ഡക്കായി. 46 പന്തിൽ ഫിഫ്റ്റിയടിച്ച ഷാൻ്റോ 48 പന്തിൽ 54 റൺസെടുത്ത് മടങ്ങി. അവസാന ഓവറുകളിൽ ബംഗ്ലാദേശിന് തുടരെ വിക്കറ്റുകൾ നഷ്ടമായി. മൊസദ്ദക് ഹുസൈൻ (5), നൂറുൽ ഹസൻ (0), ടാസ്കിൻ അഹ്‌മദ് (1), നാസും അഹ്‌മദ് (7) എന്നിവരൊക്കെ തുടരെ പുറത്തായപ്പോൾ 20 പന്തിൽ 24 റൺസെടുത്ത അഫീഫ് ഹുസൈൻ പുറത്താവാതെ നിന്നു. പാകിസ്താനു വേണ്ടി ഷഹീൻ അഫ്രീദി 4 വിക്കറ്റ് വീഴ്ത്തി.

Read Also: പീഡന പരാതി; ടി-20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്ന ശ്രീലങ്കൻ താരം ഓസ്ട്രേലിയയിൽ അറസ്റ്റിൽ

മറുപടി ബാറ്റിംഗിൽ ബാബർ അസമും മുഹമ്മദ് റിസ്‌വാനും ചേർന്ന് 57 റൺസ് കൂട്ടുകെട്ടുയർത്തിയെങ്കിലും ഇരുവരുടെയും മെല്ലെപ്പോക്ക് പാകിസ്താൻ റൺ നിരക്കിനെ ബാധിച്ചു. 33 പന്തിൽ 25 റൺസ് മാത്രമെടുത്ത ബാബർ 11ആം ഓവറിൽ മടങ്ങി. 32 പന്തിൽ അത്ര തന്നെ റൺസെടുത്ത മുഹമ്മദ് റിസ്‌വാനും മുഹമ്മദ് നവാസും (4) തുടരെ പുറത്തായപ്പോൾ പാകിസ്താൻ പതറി. എന്നാൽ, മുഹമ്മദ് ഹാരിസും (18 പന്തിൽ 31) ഷാൻ മസൂദും (14 പന്തിൽ 24 നോട്ടൗട്ട്) ചേർന്ന് പാകിസ്താനെ വിജയത്തിലെത്തിക്കുകയായിരുന്നു.

ഫീൽഡിലെ മോശം പ്രകടനങ്ങളാണ് ബംഗ്ലാദേശിനെ തോല്പിച്ചത്. ക്യാച്ചുകൾ നിലത്തിട്ട ബംഗ്ലാ താരങ്ങൾ ചില റണ്ണൗട്ട് ചാൻസുകളും തുലച്ചു.

Story Highlights: pakistan won bangladesh t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here