Advertisement

മോർബി തൂക്കുപാല ദുരന്തം; ബിജെപി സർക്കാരിനെതിരെ കുറ്റപത്രം പുറത്തിറക്കി കോൺഗ്രസ്

November 7, 2022
Google News 2 minutes Read

ഗുജറാത്തിലെ മോർബി ദുരന്തം പ്രധാന പ്രചാരണ വിഷയങ്ങളിൽ ഒന്നാക്കാൻ തീരുമാനിച്ച് കോൺഗ്രസ്. ബിജെപി സർക്കാരിനെതിരായ കുറ്റപത്രം കോൺഗ്രസ് പുറത്തിറക്കി. പ്രധാന വിഷയങ്ങളിൽ നിന്നും ബിജെപി ജനശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുമ്പോൾ അതിനെ ചർച്ചയാക്കുകയാണ് ലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് ഭരത് സിംഗ് സോളങ്കി പറഞ്ഞു. (gujarat bridge collapse congress)

Read Also: തൂക്കുപാലം അപകടത്തില്‍പ്പെട്ടവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി; ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍

ഗുജറാത്തിലെ അഴിമതിയും ഭരണ വിരുദ്ധ വികാരവും പ്രധാന പ്രചാരണ വിഷയമാക്കുകയാണ് കോൺഗ്രസ്. പ്രകടനപത്രികക്കു മുൻപായി, ബിജെപി സർക്കാരിനെതിരെ 22 പോയിന്റുകളുള്ള കുറ്റപത്രം കോൺഗ്രസ് പുറത്തിറക്കി. ബിജെപി ഭരണത്തിൽ ഗുജറാത്തിക്ക് ലഭിച്ചത് വിശപ്പും ഭയവും സ്വേച്ഛാധിപത്യവും മാത്രമെന്നാണ് കോൺഗ്രസ് പ്രചരണം. മോർബി ദുരന്തം, ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വെറുതെ വിട്ടതടക്കമുള്ള വിഷയങ്ങളാണ് കുറ്റപത്രത്തിൽ പ്രതിപാദിക്കുന്നത്. മഹാത്മാഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും ഗുജറാത്തെന്ന് വീണ്ടും അഭിമാനിക്കുന്നതിനായി കോൺഗ്രസിന് വോട്ട് ചെയ്യാൻ ആണ്‌ അഭ്യർത്ഥന.

ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ബിജെപി ശ്രമിക്കുമ്പോൾ ആ വിഷയങ്ങൾ ചർച്ചയാക്കാൻ ആണ്‌ കുറ്റപത്രം പുറത്തിറക്കിയതെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭരത് സിംഗ് സോളങ്കി പറഞ്ഞു.

ഒക്ടോബർ 30 ഞായറാഴ്ച വൈകുന്നേരം ഗുജറാത്തിലെ മോർബി ജില്ലയിൽ മച്ചു നദിയിൽ തൂക്കുപാലം തകർന്ന് 141 പേരാണ് മരിച്ചത്. തൂക്കുപാലം ഏഴു മാസം അടച്ചിട്ട് നവീകരിച്ചെങ്കിലും പല കേബിളുകളും മാറ്റിയിരുന്നില്ലെന്ന് കണ്ടെത്തി. പാലത്തിന്റെ നവീകരണം ടെൻഡർ വിളിച്ചല്ല നടത്തിയതെന്നും പ്രാഥമിക പരിശോധനയിൽ വ്യക്തമായി. മോർബി മുനിസിപ്പാലിറ്റി ഒറേവ എന്ന കമ്പനിക്കാണ് പാലം നവീകരിക്കാനുള്ള കരാർ നൽകിയത്.

Read Also: ഗുജറാത്തിലെ തൂക്കുപാലം അപകടം രാഷ്ട്രീയവത്കരിക്കാനില്ലെന്ന് രാഹുൽ ഗാന്ധി: വിഡിയോ

സംസ്ഥാന സർക്കാർ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തമുണ്ടായി പതിനഞ്ച് മിനിറ്റിനകം തന്നെ പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ ഈ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

Story Highlights: gujarat bridge collapse congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here