‘കടമ നിറവേറ്റുന്നില്ല, മോദി സർക്കാരിൻ്റെ ശ്രദ്ധ പേരുകൾ മാറ്റുന്നതിൽ മാത്രം’; മല്ലികാർജുൻ ഖാർഗെ

കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ ഭരണകാലത്തെ വികസനം അംഗീകരിക്കുന്നില്ലെന്നും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം പേര് മാറ്റുന്ന നയമാണ് പിന്തുടരുന്നതെന്നും ഖാർഗെ ആരോപിച്ചു.
ബിജെപി സർക്കാരിൽ ജനാധിപത്യമല്ല, ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ് മോദി പിന്തുടരുന്നത്. നെഹ്‌റുവിന്റെ ആശയങ്ങൾ മുന്നോട്ടുവയ്ക്കാൻ ഈ സർക്കാർ അനുവദിക്കുന്നില്ല. മഹാത്മാഗാന്ധി, നെഹ്‌റു, സർദാർ പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, മൗലാന ആസാദ് എന്നിവരെല്ലാം കോൺഗ്രസ് നേതാക്കളായിരുന്നുവെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ അവരവരുടെ തലത്തിൽ നിന്ന് സംഭാവനകൾ നൽകിയവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സർദാർ വല്ലഭായ് പട്ടേലിനെ സ്വന്തമാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച കോൺഗ്രസ് അധ്യക്ഷൻ അദ്ദേഹം കോൺഗ്രസുകാരനാണെന്ന് ചൂണ്ടിക്കാട്ടി. “നിങ്ങൾ അദ്ദേഹത്തെ നിങ്ങളുടേതാണെന്ന് കരുതുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ തത്വങ്ങളും പിന്തുടരുക”- കാവി പാർട്ടിക്കെതിരെ ഖാർഗെ ആഞ്ഞടിച്ചു. കഴിഞ്ഞ 70 വർഷമായി രാജ്യത്ത് എന്താണ് സംഭവിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും ചോദിക്കാറുണ്ടെന്നും, സമ്പദ്‌വ്യവസ്ഥ, ജലസേചന പദ്ധതികൾ, അണക്കെട്ടുകൾ എന്നിവയുടെ കണക്കുകൾ പരിശോധിച്ചാൽ ഉത്തരം കിട്ടുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
തനിക്ക് ദിവസേന രണ്ട്-മൂന്ന് കിലോ അധിക്ഷേപം ലഭിക്കുന്നുണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തെ ഖാർഗെ വിമർശിക്കുകയും ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരോപിച്ചു. ആളുകൾ ഇത് തിരിച്ചറിഞ്ഞു തുടങ്ങിയെന്നും വസ്തുതകൾ സ്വയം കണ്ടെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Modi govt focuses on changing names; Mallikarjun Kharge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here