Advertisement

പോക്‌സോ നിയമം കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിച്ചുള്ളതാണ്; ഉഭയ സമ്മതത്തോടെയുള്ള ബന്ധങ്ങളെ കുറ്റകരമാക്കാനല്ല: ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണമിങ്ങനെ

November 15, 2022
Google News 3 minutes Read
POCSO Act romantic relationships

പോക്‌സോ നിയമം കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്, ഉഭയ സമ്മതത്തോടെയുള്ള ബന്ധങ്ങളെ കുറ്റകരമാക്കാനല്ലെന്ന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. പോക്സോ ചുമത്തപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന പ്രതിയായ യുവാവിന് ജാമ്യം നൽകിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. 17കാരിയുടെ പിതാവ് നൽകിയ കേസിലാണ് കുട്ടിയെ വിവാഹം ചെയ്തയാളായ യുവാവിനെ അറസ്റ്റ് ചെയ്തത് ( POCSO Act romantic relationships ).

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് കുട്ടികൾക്കുള്ള സംരക്ഷണം (പോക്സോ) നിയമം. യുവാക്കൾ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള ബന്ധങ്ങൾ ക്രിമിനൽ കുറ്റമാകുകയില്ലെന്നാണ് ഡൽഹി ഹൈക്കോടതി നിരീക്ഷണം. എന്നിരുന്നാലും, ഓരോ കേസും വസ്തുതകളെയും സാഹചര്യങ്ങളെയും അടിസ്ഥാനമാക്കി കോടതികൾ സ്വതന്ത്രമായി പരിഗണിക്കണമെന്നും സിംഗിൾ ജഡ്ജി ജസ്റ്റിസ് ജസ്മീത് സിംഗ് കൂട്ടിച്ചേർത്തു.

“തന്റെ അഭിപ്രായത്തിൽ 18 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുക എന്നതായിരുന്നു പോക്സോയുടെ ഉദ്ദേശം. പ്രായപൂർത്തിയായവർ തമ്മിലുള്ള സമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളെ കുറ്റകരമാക്കാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. എന്നിരുന്നാലും, ഓരോ കേസിന്റെയും വസ്തുതകളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും ഇത് കാണേണ്ടതുണ്ട്. കാരണം, ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തി ഒത്തുതീർപ്പിന് നിർബന്ധിക്കപ്പെടുന്ന സാഹചര്യവുമുണ്ടാകാം” കോടതി പറഞ്ഞു.

Read Also: സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയായി സൗദിയിലെ മൃ​ഗശാല

17കാരിയെ 2021 ജൂണിൽ രക്ഷിതാക്കൾ ബന്ധുവായ ഒരാൾക്ക് വിവാഹം ചെയ്ത് നൽകിയിരുന്നു. എന്നാൽ, ഈ വിവാഹത്തിൽ താൽപര്യമില്ലാതിരുന്ന പെൺകുട്ടി അവിടെനിന്ന് ഓടിപ്പോരുകയും സുഹൃത്തായ യുവാവിന്‍റെ വീട്ടിലേക്ക് വരികയും ചെയ്തു. തുടർന്ന് പഞ്ചാബിലേക്ക് പോയ ഇരുവരും വിവാഹിതരായി. എന്നാൽ, പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പോക്സോ പ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജഡ്ജി തന്റെ ചേംബറിൽ പെൺകുട്ടിയുമായി സംസാരിച്ചു. പെൺകുട്ടി സുഹൃത്തിനെ സ്വന്തം ഇഷ്ടപ്രകാരമാണ് യാതൊരു നിർബന്ധവുമില്ലാതെ വിവാഹം കഴിച്ചതെന്ന് പറഞ്ഞു.
സുഹൃത്തിനൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി വ്യക്തമാക്കി. തുടർന്ന് കേസ് പരിഗണിച്ച ശേഷം, ആൺകുട്ടിയുമായുള്ള ബന്ധത്തിന് പെൺകുട്ടിയെ നിർബന്ധിച്ച കേസല്ല ഇതെന്ന് ജസ്റ്റിസ് സിംഗ് പറഞ്ഞു.

“വാസ്തവത്തിൽ പെൺകുട്ടി തന്നെ അപേക്ഷകന്റെ വീട്ടിൽ പോയി തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. ഇത് ഇരുവരും തമ്മിലുള്ള പ്രണയബന്ധമാണെന്നും ഇരുവരും തമ്മിലുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്നും ഇരയുടെ മൊഴി വ്യക്തമാക്കുന്നു.” ഈ കേസിലെ ഇര പ്രായപൂർത്തിയാകാത്തവളാണെന്നും അതിനാൽ അവളുടെ സമ്മതത്തിന് നിയമപരമായ സ്വാധീനമില്ലെന്നും കോടതി പറഞ്ഞു. എന്നാൽ ജാമ്യം പരി​ഗണിക്കുമ്പോൾ സ്നേഹത്തിൽ നിന്ന് ഉടലെടുത്ത ഉഭയകക്ഷി ബന്ധത്തിന്റെ വസ്തുത പരിഗണിക്കണമെന്നായിരുന്നു കോടതിയുടെ സുപ്രധാന കണ്ടെത്തൽ.

“ഇരയുടെ മൊഴി അവഗണിക്കുകയും പ്രതിയെ ജയിലിലടക്കുകയും ചെയ്താൻ അത് നീതിയുടെ വികലതയ്ക്ക് കാരണമാകുമെന്ന്” കോടതി പറഞ്ഞു. ഇപ്പോഴത്തെ നടപടികൾ ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്നും പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) റദ്ദാക്കുന്നതിനല്ലെന്നും ജഡ്ജി പറഞ്ഞു.

നിലവിലെ കേസിന്റെ സാഹചര്യത്തിൽ, മുകളിൽ പറഞ്ഞ കാരണങ്ങളാൽ അപേക്ഷകന് ജാമ്യത്തിന് അർഹതയുണ്ടെന്നും കോടതി ഉത്തരവിട്ടു. അഭിഭാഷകരായ സിയ അഫ്രാസ്, ഓംകാർ ശർമ്മ, ഘനശ്യാം ശർമ്മ എന്നിവരാണ് യുവാവിന് വേണ്ടി ഹാജരായത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രദീപ് ഗഹലോട്ടാണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായത്.

Story Highlights: POCSO Act meant to protect children from sexual exploitation, not to criminalise consensual romantic relationships: Delhi High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here