‘സുധാകരനെപ്പോലെ ചിന്തിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ബിജെപി ബാധ്യസ്ഥര്‍’; കോണ്‍ഗ്രസിലെ അത്തരക്കാര്‍ അനാഥരാകില്ലെന്ന് കെ സുരേന്ദ്രന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെ സുധാകരനെ പോലെ ചിന്തിക്കുന്ന ആളുകള്‍ നിരവധിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ സമാന ചിന്താഗതിയുള്ള ധാരാളം പേരുണ്ട്. അവര്‍ അനാഥരാകില്ല. സംരക്ഷണം നല്‍കാന്‍ ബിജെപി ബാധ്യസ്ഥരാണെന്ന് സുരേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ആര്‍എസ്എസിനെ പരാമര്‍ശിച്ചുകൊണ്ടുള്ള സുധാകരന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരായ ലീഗ് വിമര്‍ശനങ്ങളിലും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. യുഡിഎഫില്‍ മുസ്ലീം ലീഗിന്റെ അപ്രമാദിത്തമാണെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു. (k surendran on k sudhakaran’s controversial statement )
കെ സുധാകരന്റെ മനസ് ബിജെപിക്കൊപ്പമാണെന്ന് ഇന്നലെ കെ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. കെപിസിസി പ്രസിഡന്റിനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നില്ല. പക്ഷെ അവര്‍ അരക്ഷിതരാണ്. ഇവിടെ ഓഫറുകള്‍ ഒന്നും നല്‍കാന്‍ ഇല്ലാത്തതിനാലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരാത്തത്. പദവികള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ സ്ഥിതി മറിച്ച് ആകുമായിരുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കെ. സുധാകരനെ ചാരി ലീഗ് ഇടതുമുന്നണിയിലേക്ക് പോകാന്‍ ശ്രമിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
Read Also: സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പം, കോൺഗ്രസിന് വേറെ വഴിയില്ല: കെ സുരേന്ദ്രന്‍
എന്നാല്‍ ഇന്നലെത്തന്നെ ഈ പ്രസ്താവനയെ തള്ളി കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിഡ്ഢിത്തം കേട്ടവര്‍ ചിരി നിര്‍ത്തിക്കാണില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം. എകെജി സെന്ററില്‍ നിന്നാണ് സുരേന്ദ്രനും പ്രസ്താവനകള്‍ എഴുതി നല്‍കുന്നത്. കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.
Story Highlights: k surendran on k sudhakaran’s controversial statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here