പോക്സോ കേസ് അതിജീവിതയെ എഎസ്ഐ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്, കുറ്റാരോപിതനെ പിടികൂടാനാവാതെ പൊലീസ്

വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ എഎസ്ഐ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇരുട്ടിൽ തപ്പി പൊലീസ്. സംഭവത്തിൽ കേസെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായില്ല. കുറ്റാരോപിതനായ എഎസ്ഐ ടി.ജി. ബാബു ഒളിവിൽ തുടരുകയാണ്..
എസ്എംഎസ് ഡിവൈഎസ്പിയുടെ കീഴിൽ പ്രത്യേക സംഘം പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയെന്നാണ് പൊലീസിൻ്റെ വിശദീകരണം. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി ടി.ജി. ബാബു എവിടെയെന്നത് സംബന്ധിച്ച് പൊലീസിന് വ്യക്തതയില്ല. സേനയ്ക്ക് നാണക്കേടുണ്ടാക്കിയ കേസിൽ പെട്ടന്ന് നടപടികളിലേക്ക് കടക്കുമെന്ന് സൂചിപ്പിച്ച പൊലീസ് സമീപനം മാറ്റിയതോടെ അറസ്റ്റ് അനന്തമായി നീളുകയാണ്.
പൊലീസ് നടപടിയിൽ അതൃപ്തിയറിയിച്ച് അതിജീവിതയുടെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. ഡിജിപിയ്ക്ക് പരാതിയും നൽകി. പിന്നാലെ വിവധ ആദിവാസി സംഘടനകളും കേസിൽ പൊലീസ് ഒത്തുകളി ആരോപിച്ച് രംഗത്തെത്തി. പ്രതിക്ക് മുൻകൂർ ജാമ്യം തേടാനുള്ള സഹായം പൊലീസ് ഒരുക്കി നൽകുകയാണെന്നാണ് ആരോപണം. സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പിയ്‌ക്കാണ് അന്വേഷണ ചുമതല. എസ്എംഎസ് അന്വേഷിക്കുന്ന കേസുകളിലൊന്നും നീതി കിട്ടാറില്ലെന്നും പ്രക്ഷോഭം ആരംഭിക്കുമെന്നും ആദിവാസി സംഘടനകളും മുന്നറിയിപ്പ് നൽകുന്നുണ്ട്.
Story Highlights: ASI tried to torture POCSO case victim Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here