അരുൺ ഗോയലിന്റെ നിയമന ഫയലുകൾ ഹാജരാക്കണമെന്ന് സുപ്രീം കോടതി

തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കണമെന്ന് സുപ്രീം കോടതി. ഫയലുകൾ നാളെ(നവംബർ 24) ഹാജരാക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. അടുത്തിടെ സർവീസിൽ നിന്ന് സ്വയം വിരമിച്ച ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിൽ എന്തെങ്കിലും അപാകതയുണ്ടായോ എന്ന് അറിയണമെന്നും കോടതി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും നിയമനം കൂടുതൽ സുതാര്യമാക്കണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതി നിർദ്ദേശം. ഫയലുകൾ ഹാജരാക്കാൻ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോട് ജസ്റ്റിസ് കെ.എം ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന നിയമനം പ്രക്രിയയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുമെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയായി തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രിംകോടതി ഭരണഘടനാബെഞ്ച് വാദം കേൾക്കുകയാണ്. ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ കാണണമെന്ന കോടതിയുടെ ആഗ്രഹത്തെ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി എതിർത്തെങ്കിലും സുപ്രീം കോടതി എതിർപ്പ് തള്ളി. നവംബർ 19ന് മുൻ ഐഎഎസ് അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
Story Highlights: Supreme Court Wants Files On Election Commissioner Arun Goel’s Appointment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here