സുന്നത്ത് ഒരു കൈത്തൊഴിലാണോ?, എന്താണ് അന്തർദേശീയ നേർച്ചക്കോഴി? മൂലക്കുരു മറച്ചുവെക്കേണ്ട അസുഖമാണോ?; ഷഫീഖിന്റെ സന്തോഷത്തിന്റെ വിശേഷങ്ങളുമായി അനൂപ് പന്തളം

നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‌നറാണ് ഷഫീഖിന്റെ സന്തോഷം. ‘പാറത്തോട്’ എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. നടൻ ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച് അദ്ദേഹം തന്നെ നായകനായി എത്തുന്ന ചിത്രം വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തുകയാണ്. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭം എന്ന പ്രത്യേകതയും ഷെഫീഖിന്റെ സന്തോഷത്തിനുണ്ട്. സിനിമയുടെ സംവിധായകനായ അനൂപ് പന്തളം ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
സിനിമയുടെ ടീസറിൽ സുന്നത്ത് കല്യാണത്തെപ്പറ്റി പറയുന്നുണ്ട്. സുന്നത്ത് ഒരു കൈത്തൊഴിലാണോ എന്നാണ് ബാലയുടെ കഥാപാത്രം ചോദിക്കുന്നത്. പഴയ കാലത്തെ മുസ്ലിം സമുദായത്തിലെ പ്രധാന ആഘോഷവും ചടങ്ങുമാണ് ഇത്. ആശുപത്രികളിൽ സുന്നത്ത് ചെയ്ത് തുടങ്ങിയതോടെ പരമ്പരാഗതമായി ആ തൊഴിൽ ചെയ്തിരുന്നവർക്ക് ഇന്ന് പണിയില്ലാതായി. ഈ കാര്യം സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നുണ്ടോ?.
സിനിമയിൽ ബാല അവതരിപ്പിച്ച കഥാപാത്രത്തിന്റെ പിതാവ് തമിഴ്നാട്ടിൽ നിന്ന് സുന്നത്ത് ചെയ്യാനായി കേരളത്തിലെത്തിയ ആളാണ്. അതാണ് അദ്ദേഹത്തിന്റെ തൊഴിൽ. ആ മനുഷ്യന്റെ തൊഴിലില്ലായ്മ സിനിമയിലെ ഒരു പ്രധാന ചർച്ചാ വിഷയം തന്നെയാണ്. നാട്ടിൻപുറങ്ങളിൽ സുന്നത്തിനെ കൈത്തൊഴിൽ എന്നാണ് പലരും പറയുന്നത്. ഇതിൽ ബാലയുടെ കഥാപാത്രം ഇത് കൈത്തൊഴിലാണോ എന്ന് ചോദിക്കുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ രസകരമായി സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടുണ്ട്.
നാട്ടിലേക്ക് തിരിച്ചെത്തിയ ഒരു പ്രവാസിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും പ്രണയവുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയത്തിന് എത്രമാത്രം പ്രാധാന്യം നൽകിയിട്ടുണ്ട്?
പാറക്കോട്ട് എന്ന സ്ഥലത്തുള്ള ഒരു സാധാരണ നാട്ടിൻപുറത്തുകാരനാണ് ഷഫീഖ്. ആരെങ്കിലും ഒരുപകാരം ചെയ്താൽ അത് ഓർത്തിരുന്ന് അതിന്റെ സന്തോഷം അവസരം വരുമ്പോഴൊക്കെ പ്രകടിപ്പിക്കുന്ന മനസിൽ നന്മയുള്ള ചെറുപ്പക്കാരനാണ് അദ്ദേഹം. മൂലക്കുരുവാണ് അയാളനുഭവിക്കുന്ന ഒരു പ്രധാന വിഷമം. പ്രണയത്തിനും ഫാമിലി ഇമോഷൻസിനും വലിയ പ്രാധാന്യമുള്ള ചിത്രം തന്നെയായിരിക്കും ഇത്. പാറക്കോട്ടുകാരനായ ഒരാളിന്റെ പ്രണയം പ്രേക്ഷകരുടെ മനസിൽ പതിയുന്ന തരത്തിൽ ഈ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടുണ്ട്.
മൂലക്കുരു എല്ലാവരും മറച്ച് വെയ്ക്കുന്ന അസുഖമാണ്. അതുള്ളയാളാണ് ഇതിലെ പ്രധാനകഥാപാത്രം. ആ രോഗമുള്ളവർ പൊതുസമൂഹത്തിൽ അനുഭവിക്കുന്ന പരിഹാസം സിനിമയിൽ പ്രമേയമായിട്ടുണ്ടോ?
ഷഫീഖ് വീട്ടിൽ പോലും പറയാത്ത ഒരസുഖമാണ് മൂലക്കുരു. അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചിട്ടുള്ളതൊഴിച്ചാൽ അയാൾ ഇക്കാര്യം ആരോടും പറഞ്ഞിട്ടുകൂടിയില്ല. ഈ രോഗം മറച്ചുവെയ്ക്കുന്നത് ഒരു മാനസികാവസ്ഥയുടെ പ്രശ്നം കൂടിയാണ്. സിനിമ പുറത്തിറങ്ങുമ്പോൾ എല്ലാ രോഗങ്ങളെയും പോലെയുള്ള ഒരു സാധാരണ അസുഖമാണിതെന്ന ചിന്ത പ്രേക്ഷകരിൽ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യമായിട്ടാണ് സിനിമാ സംവിധാനം നിർവഹിക്കുന്നത്. എത്രത്തോളം പാടാണ് സംവിധാനം? – തിരക്കഥയിൽ തമാശ കൊണ്ടുവരാൻ പ്രയാസമായിരുന്നോ എളുപ്പമായിരുന്നോ?
തമാശയുടെ പിൻബലത്തിലാണ് എന്നെ ജനങ്ങൾ അറിയുന്നതുപോലും. ആ ഒരിഷ്ടത്തിന്റെ പിൻബലം എന്നിലുണ്ട്. സന്തോഷത്തോടെ, അല്പം ചിരിയോടെ കാണാൻ കഴിയുന്ന സിനിമയാണിത്. ഫാമിലി ഇമോഷൻസും പ്രണയവും ആസ്വദിച്ച് കാണാനാവും ഇതിൽ. തിരക്കഥാ രചനയുടെ ഒരു ഘട്ടത്തിൽ പോലും ഓവറായി ഹ്യൂമർ കൊണ്ടുവരാൻ ശ്രമിച്ചിട്ടേയില്ല.
മലയാള സിനിമ കണ്ട മികച്ച 10 അഭിനേതാക്കളെ തെരഞ്ഞെടുത്താൽ ആ പട്ടികയിൽ മനോജ് കെ. ജയൻ തീർച്ചയായും ഉണ്ടാവും. അദ്ദേഹവുമായുള്ള എക്സ്പീരിയൻസ് എങ്ങനെയായിരുന്നു?
സമ്മാനം എന്ന പഴയകാല ചിത്രത്തിന്റെ ഷൂട്ടിംഗ് കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട്. പന്തളത്താണ് ഷൂട്ട് നടന്നത്. ആരാധകരുടെ ഇടയിലൂടെ നടന്നു പോകുന്ന മനോജേട്ടന്റെ രൂപം ഇപ്പോഴും എന്റെ മനസിൽ മായാതെ നിൽപ്പുണ്ട്. അദ്ദേഹം ഞാനെഴുതിയ കഥാപാത്രത്തിന് ജീവൻ കൊടുക്കുക എന്നതിനെ ഒരു പ്രതിഭാസമായാണ് ഞാൻ കാണുന്നത്. അദ്ദേഹത്തെ പല സംവിധായകരും നന്നായി ഉപയോഗിച്ചിട്ടുണ്ട്. എല്ലാത്തരം കഥാപാത്രങ്ങളെയും ചെയ്യുന്ന മനോജ് കെ. ജയൻ എന്റെ സിനിമയിൽ മൂലക്കുരുവിന്റെ ഡോക്ടറായും അഭിനയിച്ചു.
എല്ലാ സമുദായങ്ങളിലും അന്ധവിശ്വാസങ്ങളുണ്ട്. മുസ്ലിം സമുദായവും അതിൽ നിന്ന് വേറിട്ട് നിൽക്കുന്നില്ല. അന്ധവിശ്വാസങ്ങളെ വിമർശിക്കുകയാണോ ഈ സിനിമയിലൂടെ?
ആരുടെയും വിശ്വാസത്തെ തകർക്കുവാനല്ല ഈ സിനിമയിലൂടെ ശ്രമിച്ചിരിക്കുന്നത്. ഷഫീക്കിന്റെ ചുറ്റുപാടും ഒരുപാട് കഥാപാത്രങ്ങളുണ്ട്. ഒരാളുടെയും വിശ്വാസത്തെ പരിഹസിക്കാനോ തകർക്കാനോ ആർക്കും അവകാശമില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. പാറക്കാട്ട് എന്ന നാട്ടിലെ ആചാരങ്ങൾ ഇത്തരത്തിലാണ് എന്ന് പറയാൻ മാത്രമാണ് ശ്രമിച്ചിരിക്കുന്നത്. ഇതുപോലുള്ള ആചാരങ്ങൾ ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകനാണ്.
സിനിമയുടെ പോസ്റ്ററിൽ അന്തർദേശീയ നേർച്ചക്കോഴി എന്ന ക്യാപ്ഷനിൽ ഒരു ടാഗ് കൊടുത്തിരുന്നു. കരിങ്കോഴിയും റംല എന്ന ആടുമൊക്കെ ഈ സിനിമയിലെ കഥാപാത്രങ്ങളാണ്. എല്ലാ സമുദായക്കാരും കരിങ്കോഴിയെ തന്നെ നേർച്ചയ്ക്ക് ഉപയോഗിക്കുന്നതിന്റെ പിന്നിലെ ബുദ്ധി എന്താണെന്ന് ഇതുവരെ എനിക്ക് മനസിലായിട്ടില്ല. പാവം പിടിച്ച കരിങ്കോഴിയെയും മിണ്ടാപ്രാണികളെയും ദ്രോഹിക്കുന്നതിനെപ്പറ്റിയും സിനിമയിൽ പറയുന്നുണ്ട്.
Story Highlights : Shefeekkinte Santhosham INTERVIEW Anup Pandalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here