കാനറികൾ പറന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം

ഫിഫ ലോകകപ്പ് ആവേശ പോരാട്ടത്തിൽ സെർബിയയുടെ പ്രതിരോധപ്പൂട്ട് തകർത്ത് ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം. റിച്ചാർലിസനിനാണ് ബ്രസീലിന് വേണ്ടി രണ്ടു ഗോളുകളും സ്വന്തമാക്കിയത്. അര്‍ജന്റീനയും ജര്‍മനിയും കാലിടറിവീണ ഖത്തറില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് കാനറിപ്പക്ഷികളെ പോലെ ബ്രസീൽ പറന്നുയരുന്നത്.
അറുപതു മിനിട്ടിലേറെ നീണ്ട സമനിലപ്പൂട്ടുപൊളിച്ച് റിചാർലിസൻ ബ്രസീലിനായി 62-ാം മിനിട്ടിൽ ആദ്യ ഗോൾ നേടി. സെർബിയയുടെ പ്രതിരോധപ്പൂട്ട് ബ്രസീൽ താരങ്ങളുടെ ഒത്തൊരുമയോടെ തകർത്താണ് ആദ്യ ഗോൾ നേടിയത്. സെർബിയ പ്രതിരോധ താരങ്ങളെ മറികടന്ന് നെയ്മർ നൽകിയ പാസിൽ വിനീസ്യൂസ് തകർപ്പൻ ഷോട്ട് ഉതിർക്കുന്നു. സെർബിയൻ ഗോളി പന്തു തട്ടിയകറ്റിയപ്പോൾ ബോക്സിലുണ്ടായിരുന്ന റിചാർലിസന്റെ റീബൗണ്ട് ഷോട്ട് വലയിലെത്തി. തൊട്ടു പിന്നാലെ 73-ാം മിനിട്ടിൽ അടുത്ത ഗോൾ. വിനീസ്യൂസിന്റെ പാസിൽ ബോക്സിന് അകത്തുനിന്ന് റിചാർലിസന്റെ ബൈസിക്കിൾ കിക്ക് ബ്രസീലിനായി രണ്ടാം ഗോൾ സമ്മാനിച്ചു.
Richarlison! What have you done?! 🤯#FIFAWorldCup | @richarlison97 pic.twitter.com/kCKFdlINXq
— FIFA World Cup (@FIFAWorldCup) November 24, 2022
കിക്കോഫ് ലഭിച്ച ബ്രസീൽ നാലാം മിനിട്ടിൽ റഫിൻഹയുടെ നേതൃത്വത്തിൽ വലത് വശത്തുകൂടി സെർബിയൻ ബോക്സിലേക്ക് ആദ്യം മുന്നേറ്റം നടത്തി. ബോക്സിൽ പ്രവേശിച്ച ഉടൻ ആ ശ്രമം വിഭലമായി. ആറാം മിനിട്ടിൽ നെയ്മറിനെ ഫൗൾ ചെയ്തതിന് സെർബിയയുടെ സ്ട്രാഹിഞ്ച പാവ്‌ലോവിച്ചിന് മഞ്ഞ കാർഡും ലഭിച്ചു. 10-ാം മിനിട്ടിൽ ബോക്‌സിനുള്ളിൽ വെടിയുതിർത്ത നെയ്മറെ സെർബിയൻ ഡിഫൻഡർമാരുടെ മികച്ച പ്രതിരോധത്തിലൂടെ തടയിട്ടു. 13-ാം മിനിട്ടിൽ ബ്രസീലിന് അനുകൂലമായി കോർണർ. കോർണർ കിക്കിനിടയിൽ നെയ്മറെ പ്രതിരോധിക്കാൻ സെർബിയ കീപ്പർ മിലിങ്കോവിച്ച് ശ്രമിക്കുന്നതിനിടെ സാവിച് ക്രോസ്ബാറിന് മുകളിലൂടെ പന്ത് പഞ്ച് ചെയ്യുന്നു. വീണ്ടും ബ്രസീലിന് മറ്റൊരു കോർണർ ലഭിച്ചെങ്കിലും അതും ഗോൾ പോസ്റ്റിലേക്കെത്തിക്കാനായില്ല.
തുടക്കത്തിലെ ഞെട്ടലിനുശേഷം സെർബിയ മധ്യനിരയിൽ മികച്ചുനിൽക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. 31-ാം മിനിട്ടിൽ ബോക്‌സിലേക്ക് ഒരു ക്രോസ് വിടാൻ റാഫിൻഹ ശ്രമിച്ചെങ്കിലും സെർബിയ കീപ്പർ മിലിങ്കോവിച്ച്-സാവിച് ജാഗരൂകരായി അത് തടഞ്ഞു. 38-ാം മിനിട്ടു മുതൽ ബ്രസീൽ ബോക്‌സിലേക്ക് ഒരു മുന്നേറ്റം നടത്താൻ സെർബിയയ്ക്ക് മാന്യമായ പൊസഷൻ പിരീഡ് ലഭിക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ പിന്നീട് ഉടനീളം കണ്ടത്. തുടർന്ന് ഇരു ടീമുകൾക്കും ഗോൾ ഒന്നും ലഭിക്കാതെ തന്നെ ആദ്യ പകുതിയുടെ വിസിൽ മുഴങ്ങി.
എന്നാൽ രണ്ടാം പകുതിയിൽ കഥയാകെ മാറി മറിയുന്ന കാഴ്ചയാണുണ്ടായത്. അതുവരെ സെർബിയയുടെ കരുത്തായിരുന്ന പ്രതിരോധം കാനറികൾ തകർത്തെറിഞ്ഞു. 62-ാം മിനിട്ടിൽ റിച്ചാര്‍ലിസൺ ബ്രസീലിനായി ആദ്യ ഗോൾ വീഴ്ത്തി. തൊട്ടുപിന്നാലെ 73-ാം മിനിട്ടിൽ അടുത്ത ഗോൾകൂടി റിച്ചാര്‍ലിസണിന്റെ ബൂട്ടിൽ നിന്നും പിറന്നതോടെ ബ്രസീൽ ജയം ഏകപക്ഷീയമായി തന്നെ ഉറപ്പിച്ചതുപോലെയായി.
Story Highlights : FIFA World Cup 2022 Brazil win
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here