‘ഒരു ടാറ്റ കമ്പനി ജീവനക്കാരനിൽ നിന്നും പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ശബരിനാഥൻ’ : നാട്ടകം സുരേഷ്

ശബരീനാഥനെതിരെ കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്. ശബരീനാഥൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്നിട്ട് എത്ര നാളായി എന്ന് എല്ലാവർക്കുമറിയാമെന്നും ശബരീനാഥിന് കീഴ്‌വഴക്കങ്ങളെ സംബന്ധിച്ച് അറിയില്ലെന്നും നാട്ടകം സുരേഷ് തുറന്നടിച്ചു. ഒരു ടാറ്റ കമ്പനി ജീവനക്കാരനിൽ നിന്നും പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ശബരിനാഥനെന്ന് പറഞ്ഞ സുരേഷ് ശബരീനാഥന് അറിവ് കുറവ് ഉണ്ടെങ്കിൽ പഠിക്കണമെന്നും വിമർശിച്ചു.
കോട്ടയത്തെ യൂത്ത് കോൺഗ്രസ്സ് പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കണമെന്ന് ശാഠ്യം പിടിക്കാൻ പാടില്ലെന്ന കെ എസ് ശബരിനാഥന്റെ പരാമർശത്തോടായിരുന്നു നാട്ടകം സുരേഷിന്റെ പ്രതികരണം.
‘യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ഏറെ നാൾ പ്രവർത്തിച്ച ആളാണ് ഞാൻ. യൂത്ത് കോൺഗ്രസ് പരിപാടികളൊക്കെ കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ചാണ് നടത്താറുള്ളത്. യൂത്ത് കോൺഗ്രസിന്റെ തരൂർ പരിപാടിയെ സംബന്ധിച്ച് ഡിസിസിയെ അറിയിച്ചിട്ടില്ല. യൂത്ത് കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റിയിൽ പോലും അത്തരമൊരു പരിപാടി ആലോചിച്ചിട്ടില്ല’- നാട്ടകം ട്വന്റിഫോറിനോട് പറഞ്ഞു.
ശശി തരൂരിനെ ക്ഷണിച്ചതിനെ ചൊല്ലി കോട്ടയത്ത് യൂത്ത് കോൺഗ്രസിൽ കലഹം രൂക്ഷമായി തുടരുകയാണ്. യൂത്ത് കോൺഗ്രസ് അടിയന്തര ജില്ലാ കമ്മിറ്റി യോഗം ഇന്ന് പാലായിൽ ചേരും. തരൂരിന്റെ പരിപാടിയെപറ്റി യൂത്ത് കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റിയിൽ ആലോചിച്ചിട്ടില്ലെന്നു ഒരു വിഭാഗം. അതേസമയം യൂത്ത് കോൺഗ്രസ്സ് പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കണമെന്ന് ശാഠ്യം പിടിക്കാൻ പാടില്ലെന്നശബരിനാഥന്റെ പരാമർശത്തിനെതിരെ നാട്ടകം സുരേഷ് രംഗത്തെത്തി. യൂത്ത് കോൺഗ്രസ് പരിപാടികൾ നേതൃത്വവുമായി ആലോചിക്കണമെന്നും ശബരീനാഥന് സംഘടനയിലെ കീഴ്വഴക്കങ്ങൾ അറിയില്ലെങ്കിൽ അത് പഠിക്കണമെന്നുമായിരുന്നു നാട്ടകത്തിന്റെ പരിഹാസം.
Story Highlights : nattakam suresh against ks sabarinathan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here