എൻറിക്ക ലെക്സി കേസ്; മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകണമെന്ന് സുപ്രിംകോടതി

ഇറ്റാലിയൻ എണ്ണക്കപ്പൽ എൻറിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച കേസിൽ സുപ്രിംകോടതിയുടെ സുപ്രധാന നിർദേശം. രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടംബത്തിനും 5 ലക്ഷം രൂപ നൽകണമെന്ന് സുപ്രിം കോടതി നിർദേശിച്ചു.
മത്സ്യതൊഴിലാളികൾക്കും ഇറ്റലി നല്കിയ നഷ്ടപരിഹാരത്തിന്റെ വിഹിതത്തിന് അർഹതയുണ്ടെന്ന് കോടതി പറഞ്ഞു. ബോട്ടിൽ ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയുടെയും മരണപ്പെട്ട ജോൺസന്റെയും ബന്ധുക്കൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇറ്റലി നൽകിയ നഷ്ടപരിഹാരതുകയിലെ ബോട്ടുടമയുടെ ഭാഗമായ രണ്ട് കോടിയിൽ നിന്ന് തങ്ങൾക്കും വിഹിതം കിട്ടണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതി വിധി.
ഇറ്റലി സർക്കാർ 10 കോടി രൂപയാണ് നഷ്ടപരിഹാരം നൽകിയത്. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾക്ക് നാലു കോടി രൂപ വീതവും തകർന്ന സെന്റ് ആന്റണി ബോട്ടിന്റെ ഉടമയ്ക്ക് രണ്ടു കോടി രൂപയുമാണ് നൽകിയത്. ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലിൽ 2012 ഫെബ്രുവരി 15-നാണ് എൻറിക്ക ലെക്സി കപ്പലിൽനിന്ന് വെടിവയ്പുണ്ടായത്. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയൻ നാവികർ സാൽവത്തോറെ ജിറോൺ, മാസിമിലാനോ ലത്തോറെ എന്നിവരെ ഇന്ത്യയിൽ വിചാരണ ചെയ്യാൻ കഴിയില്ലെന്നും മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും 2020 മേയ് 21-ന് രാജ്യാന്തര ട്രിബ്യൂണൽ വിധിച്ചിരുന്നു.
Read Also: എൻറിക്ക ലെക്സി കേസ്; ദീർഘമായ ഇടവേളയ്ക്ക് ശേഷം ഇന്ന് സുപ്രിംകോടതി പരിഗണിക്കും
തുടർന്ന് കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. നഷ്ടപരിഹാരം നൽകാതെ കേസ് അവസാനിപ്പിക്കാനാകില്ലെന്ന് സുപ്രിംകോടതി ശക്തമായ നിലപാടെടുത്തു. അതോടെയാണു ബന്ധുക്കളുടെ സമ്മതപ്രകാരം നഷ്ടപരിഹാരത്തുക നിശ്ചയിച്ചതും അത് കേന്ദ്രസർക്കാർ അംഗീകരിച്ചതും.
Story Highlights : Supreme Court On Enrica Lexie Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here