Advertisement

വിഴിഞ്ഞം സമരക്കാരോട് പ്രതികാര നടപടി പാടില്ലെന്ന് കാതോലിക്ക ബാവ

November 27, 2022
Google News 2 minutes Read

വിഴിഞ്ഞം സമരക്കാരോട് പ്രതികാര നടപടി പാടില്ലെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസ് ഇടപെടുന്നത് സ്വാഭാവികം. പ്രശ്നം പരിഹരിക്കാൻ ഇടപെടാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറ‍ഞ്ഞു.

വിഴിഞ്ഞം പദ്ധതി നടപ്പാക്കാൻ അനുവദിക്കണമെന്നാണ് സഭയുടെ നിലപാട്. തീരവാസികളെ വിശ്വാസത്തിലെടുത്ത് വേണം പദ്ധതി നടപ്പാക്കാനെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ പറ‍ഞ്ഞു.

അതേസമയം, വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിൽ അൻപതിലധികം വൈദികരെ പ്രതിചേർത്ത് കേസെടുത്തതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് കടന്നു. വിഴിഞ്ഞം സ്വദേശി സെൽറ്റനെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പൊലീസാണ് അറസ്റ്റ് ചെയ്തത്.

ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റൊ കേസിൽ ഒന്നാം പ്രതിയാണ്. കൂടാതെ കണ്ടാലറിയാവുന്ന 1000 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസുണ്ട്. ലഭിച്ച പരാതിക്ക് പുറമേ പൊലീസ് സ്വമേധയായും കേസെടുത്തു.

പ്രതിപ്പട്ടികയിലെ ഒന്നു മുതൽ 15 വരെയുള്ള വൈദികർ സംഘർഷ സ്ഥലത്ത് നേരിട്ടെത്തിയവരല്ല. എന്നാൽ ഇവർ ചേർന്ന് ഗൂഢാലോചന നടത്തുകയും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശം മറികടന്ന് സംഘർഷം സൃഷ്ടിക്കുകയും ചെയ്തെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. വധശ്രമം, ഗൂഡാലോചന, അന്യായമായി സംഘം ചേരൽ, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’

അതേസമയം, വിഴിഞ്ഞത്ത് സമരത്തിന്റെ പേരിൽ ബോധപൂർവം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി ആന്റണി രാജു കുറ്റപ്പെടുത്തി. സർക്കാരും പൊലീസും ആത്മസംയമനം പാലിച്ചു. ഇതിനെ പൊലീസിന്റെ ദൗർഭല്യമായി ആരും കണക്കാക്കണ്ടെന്നും മന്ത്രി പറഞ്ഞു.

സർക്കാർ കൃത്യമായി ഇടപെട്ടു. മുഖ്യമന്ത്രി ഉൾപ്പെടെ ചർച്ച നടത്തി. സർക്കാരിനെ കൊണ്ടു ചെയ്യാൻ സാധിക്കുന്ന എല്ലാം ചെയ്തു. എന്നിട്ടും സമരത്തിൽ നിന്ന് പിന്മാറാൻ തയാറായിട്ടില്ല. യാഥാർത്ഥ്യ ബോധത്തോടെ പെരുമാറാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

തീരദേശത്തെ സംഘർഷ ഭൂമിയാക്കി മാറ്റാനുള്ള ശ്രമം ജനങ്ങൾ അംഗീകരിക്കില്ല. സംഘർഷം ഉണ്ടാക്കി നാട്ടിൽ നിലനിൽക്കുന്ന സമാധാനം അന്തരീക്ഷം തകർക്കാൻ ആരും ശ്രമിക്കരുത്. അതിന് ആരും ചട്ടുകം ആകരുതെന്നും ആന്റണി രാജു വ്യക്തമാക്കി.

എന്നാൽ വിഴിഞ്ഞം സമരത്തിന്റെ ക്രമസമധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ കുറ്റപ്പെടുത്തി. സർക്കാർ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു. വിഴിഞ്ഞം അനിവാര്യമായ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമായിരുന്നു. എന്നാൽ പൊലീസ് പരാജയപ്പെട്ടു. പദ്ധതിയുടെ ആവശ്യം ജനങ്ങളെ പറഞ്ഞ് മനസിലാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനാണ്. ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്തമാണ്. കേന്ദ്രസേനയെ വേണമെങ്കിൽ സർക്കാർ ആവശ്യപ്പെടണമെന്നും മുരളീധരൻ പറഞ്ഞു.

Story Highlights : baselios marthoma mathews thritheeyan catholica bava said that there should be no retaliation against Vizhinjam protesters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here