ഒരേയൊരു പിഴവ്; നന്നായി കളിച്ചിട്ടും കോസ്റ്റാറിക്കക്കെതിരെ ജപ്പാന് കണ്ണീർ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഇയിൽ ജപ്പാനെ വീഴ്ത്തി കോസ്റ്റാറിക്ക. ഏകപക്ഷീയമായ ഒരു ഗോളിനാണ് കോസ്റ്റാറിക്കയുടെ ജയം. മത്സരത്തിൽ ആധിപത്യം പുലർത്തിയിട്ടും തോറ്റുമടങ്ങേണ്ടിവന്നത് ജപ്പാന് തിരിച്ചടിയാണ്. ജപ്പാൻ 13 ഷോട്ടുകൾ ഉതിർത്തപ്പോൾ കോസ്റ്റാറിക്ക തൊടുത്തതാവട്ടെ വെറും നാലെണ്ണമാണ്. ജപ്പാൻ മൂന്ന് ഷോട്ടുകൾ പോസ്റ്റിലേക്ക് പായിച്ചു. കോസ്റ്റാറിക്ക ഒന്നും. എന്നാൽ, അത് ജപ്പാൻ ഗോളി ശുചി ഗോണ്ടയെ മറികടന്നു. 81ആം മിനിട്ടിൽ കെയ്ഷർ ഫുള്ളർ ആണ് നിർണായകമായ ഗോൾ നേടിയത്.
ജപ്പാൻ താരങ്ങളുടെ ഉയരക്കുറവ് മുതലെടുക്കാമെന്ന ധാരണയിൽ കളത്തിലിറങ്ങിയ കോസ്റ്റാറിക്കയെ അക്ഷരാർത്ഥത്തിൽ ജപ്പാൻ വിറപ്പിച്ചു. ആദ്യ പകുതിയിൽ ജപ്പാൻ പൊസിഷൻ ഫുട്ബോളിനാണ് പ്രാധാന്യം നൽകിയത്. ഇടക്ക് ലഭിച്ച അവസരങ്ങളിൽ അവർക്ക് ബോക്സിനുള്ളിൽ പിഴച്ചു. ഫിസിക്കൽ ഡ്യുവലുകളിലും ജപ്പാൻ മേൽക്കൈ കാട്ടി. എന്നാൽ, ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഒരു ഷോട്ട് പോലും പോസ്റ്റിലേക്ക് തൊടുക്കാനായില്ല.
രണ്ടാം പകുതിയിൽ ജപ്പാൻ ആക്രമണം തുടങ്ങി. വിങ്ങുകളിലൂടെ ഇരച്ചുകയറിയ ജപ്പാൻ വേഗത കൊണ്ട് കോസ്റ്റാറിക്കൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. ഭീഷണി ഒഴിവാക്കാൻ കോസ്റ്റാറിക്കയ്ക്ക് പലപ്പോഴും ഹാർഷ് ടാക്കിളുകൾ ചെയ്യേണ്ടിവന്നു. ജപ്പാൻ്റെ തുടരാക്രമണങ്ങളും കോസ്റ്റാറിക്കയുടെ ഒറ്റപ്പെട്ട ആക്രമണങ്ങളും തുടരവെ 81ആം മിനിട്ടിൽ ജപ്പാൻ്റെ ഒരു ഡിഫൻസീവ് എറർ. അതിൽ നിന്ന് കോസ്റ്റാറിക്ക ജപ്പാൻ്റെ നെഞ്ചകം പിളർന്നു. യെൽറ്റ്സിൻ തെജേദ ബോക്സിലേക്ക് ഉയർത്തിയനൽകിയ പന്ത് സ്വീകരിച്ച കെയ്ഷർ ഫുള്ളറിൻ്റെ ഒരു കർളർ. ഫുൾ സ്ട്രെച്ച് ചെയ്ത ഗോണ്ടയുടെ ഗ്ലൗസിലുരുമ്മി പന്ത് വലയിൽ. ലോകകപ്പിൽ പോസ്റ്റിലേക്ക് കോസ്റ്റാറിക്ക തൊടുക്കുന്ന ആദ്യ ഷോട്ടായിരുന്നു ഇത്. ഗോൾ വഴങ്ങിയതിനു പിന്നാലെ ആക്രമണം കടുപ്പിച്ച ജപ്പാൻ 88ആം മിനിട്ടിൽ സമനിലയ്ക്കരികെയെത്തി. ഡൈച്ചി കമാഡയുടെ ഗോളെന്നുറച്ച ഷോട്ട് ബ്രയാൻ ഒവിയേഡൊ ബ്ലോക്ക് ചെയ്തു. ബോക്സിലേക്ക് തന്നെ പതിച്ച പന്ത് ജപ്പാൻ താരങ്ങൾ പാഞ്ഞെത്തും മുൻപ് കെയ്ലർ നവാസ് കൈപ്പിടിയിലൊതുക്കി. ഇതോടെ ജപ്പാൻ തോൽവിയുറപ്പിച്ചു.
Story Highlights : costa rica won japan qatar fifa world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here