Advertisement

പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളം ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

November 30, 2022
Google News 2 minutes Read

പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തിലത് 0.06 ആണ്. എച്ച്.ഐ.വി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ ഇതര സംസ്ഥാനങ്ങളിലേയ്ക്കും, രാജ്യങ്ങളിലേയ്ക്കും കുടിയേറുന്നതും, ഇതര സംസ്ഥാനത്തു നിന്നുള്ള ആളുകള്‍ വര്‍ദ്ധിച്ച തോതില്‍ കേരളത്തിലേയ്ക്ക് കുടിയേറുന്നതും നമ്മുടെ എച്ച്.ഐ.വി വ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങള്‍. കേരളമാകട്ടെ ഈ ലക്ഷ്യം 2025ല്‍ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിന് 2025-ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി ബാധിതരായ ആളുകളിലെ 95% ആളുകളും അവരുടെ എച്ച്.ഐ.വി അവസ്ഥ തിരിച്ചറിയുക എന്നുള്ളതാണ്. അണുബാധിതരായിട്ടും അത് തിരിച്ചറിയാതെ ജീവിക്കുന്ന ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. രണ്ടാമത്തെ 95 എന്നുള്ളത് എച്ച്.ഐ.വി. അണുബാധിതരായി കണ്ടെത്തിയ ആളുകളിലെ 95%വും എ.ആര്‍.ടി. ചികിത്സയ്ക്ക് വിധേയരാകുക എന്നതാണ്. ഇവരിലെ 95% ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ 95 കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനനുസരിച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

എച്ച്.ഐ.വി. അണുബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്.ഐ.വി. പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ലോക എയ്ഡ്‌സ് ദിനം ആയിരിക്കുന്നത്. ‘Equalize’ (ഒന്നായ് തുല്ല്യരായ് തടുത്തു നിര്‍ത്താം) എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം. വര്‍ണ, വര്‍ഗ, ലിംഗ അസമത്വങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടും, സാമൂഹികവും, സാമ്പത്തികവും, സാംസ്‌ക്കാരികവും, നിയമപരവുമായ സമത്വം ഉറപ്പാക്കിക്കൊണ്ടും മാത്രമേ എച്ച്.ഐ.വിയെ പ്രതിരോധിക്കാനും പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കാനും സാധിക്കൂ. എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.

ലോക എയ്ഡ്‌സ് ദിനം സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് രാവിലെ 11.30ന് തിരുവനന്തപുരം കനകക്കുന്ന് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് ഹാളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

Story Highlights: HIV infection free kerala is the goal: Minister Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here