നാദാപുരത്തെ യുവാവിൻ്റെ മരണം; ഒളിവിലായിരുന്നയാൾ കീഴടങ്ങി, അറസ്റ്റ്
കോഴിക്കോട് നാദാപുരത്ത് യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന യുവാവ് കീഴടങ്ങി. കണ്ണൂർ കേളകം സ്വദേശി സമീഷ് ടി ദേവാണ് നാദാപുരം ഡിവൈഎസ്പി ഓഫീസിൽ ഹാജരായത്. ബന്ധുക്കൾക്കൊപ്പമെത്തിയ യുവാവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
സമീഷും ശ്രീജിത്തും തമ്മിൽ മാഹിയിലെ മദ്യശാലയിൽ വച്ചാണ് പരിചയപ്പെട്ടത്. തുടർന്ന് സമീഷിൻ്റെ സുഹൃത്തിനെ കാണാൻ ഇരുവരും എത്തുകയും മദ്യപിച്ച് അവശനിലയിലായിരുന്ന സമീഷിൻ്റെ വാഹനത്തിനു മുന്നിൽ ശ്രീജിത്ത് പെടുകയുമായിരുന്നു. അങ്ങനെയാണ് അപകടമുണ്ടായതെന്ന് സമീഷ് മൊഴി നൽകിയതെന്ന് പൊലീസ് പറയുന്നു.
റോഡരികിലെ പോസ്റ്റിൽ ഇടിച്ച കാറിന്റെ സമീപത്ത് നിന്നാണ് കഴിഞ്ഞ ദിവസം ശ്രീജിത്തിനെ കണ്ടെത്തുന്നത്. കാസർഗോഡ് സ്വദേശിയായ ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ അപകടത്തിൽ മരണപ്പെട്ടു എന്നാണ് ആദ്യം കരുതിയതെങ്കിലും കൊലപാതകമാണെന്ന ആരോപണം ആദ്യം മുതൽ ഉയർന്നിരുന്നു.
പകൽ സമയത്ത് പോലും ആൾപെരുമാറ്റം ഇല്ലാത്ത നരിക്കാട്ടേരി കനാൽ പരിസരത്താണ് ശ്രീജിത്തിനെ കണ്ടെത്തുന്നത്. രാത്രി എട്ടരയോടെയാണ് ഗുരുതര പരിക്കേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച ഇയാൾ കരയുന്നത് കേട്ടാണ് നാട്ടുകാർ ശ്രീജിത്തിനെ കണ്ടെത്തുന്നതും ആശുപത്രിയിൽ എത്തിക്കുന്നതും. കാർ വൈദ്യുതി തൂണിൽ ഇടിച്ച നിലയിലാണെങ്കിലും കാറിനോ, വൈദ്യുതി തൂണിനോ സാരമായ കേട്പാപാടുകൾ ഒന്നും തന്നെ ഇല്ല. മാത്രമല്ല ശരീരമാസകലം രക്തത്തിൽ കുളിച്ച നിലയിലായിട്ടും കാറിനുള്ളിൽ ഒരു തുള്ളി രക്തക്കറ പോലും കണ്ടെത്താനാവാത്തതും കാറിന്റെ ഡോർ ലോക്ക് ചെയ്ത നിലയിലും ഹാന്റ് ബ്രേക്ക് ഇട്ടനിലയിലുമായിരുന്നു എന്നതും ദുരൂഹതക്ക് കാരണമായി. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും പിന്നെ പറയാം എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
Story Highlights: nadapuram death investigation continues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here