മഹാരാഷ്ട്രയുടെ സ്വപ്നക്കുതിപ്പിന് കലാശപ്പോരിൽ അന്ത്യം; വിജയ് ഹസാരെ ട്രോഫി സൗരാഷ്ട്രയ്ക്ക്

വിജയ് ഹസാരെ ട്രോഫി ചാമ്പ്യന്മാരായി സൗരാഷ്ട്ര. ഫൈനലിൽ മഹാരാഷ്ട്രയെ 5 വിക്കറ്റിനു വീഴ്ത്തിയാണ് സൗരാഷ്ട്ര കിരീടം ചൂടിയത്. മഹാരാഷ്ട്ര മുന്നോട്ടുവച്ച 249 റൺസ് വിജയലക്ഷ്യം 46.3 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി സൗരാഷ്ട്ര മറികടന്നു. 133 റൺസ് നേടി പുറത്താവാതെ നിന്ന ഷെൽഡൻ ജാക്ക്സൺ ആണ് സൗരാഷ്ട്രയുടെ വിജയശില്പി. ഹർവിക് ദേശായ് (50), ചിരാഗ് ജാനി (30 നോട്ടൗട്ട്) എന്നിവരും മികച്ച പ്രകടനം നടത്തി. വിജയ് ഹസാരെ തുടരെ മൂന്നാം സെഞ്ചുറി പ്ലസ് സ്കോർ നേടിയ ഋതുരാജ് ഗെയ്ക്വാദിൻ്റെ (108) ഇന്നിംഗാണ് മഹാരാഷ്ട്രയെ മാന്യമായ സ്കോറിലെത്തിച്ചത്.
കരുത്തുറ്റ ബൗളിംഗ് നിരയെ ശ്രദ്ധാപൂർവം നേരിട്ട ഋതുരാജ് സാവധാനമാണ് തുടങ്ങിയത്. ജയദേവ് ഉനദ്കട്ട് തകർത്തെറിഞ്ഞപ്പോൾ മഹാരാഷ്ട്ര ശ്രദ്ധാലുക്കളായി. ഋതുരാജ് ഒരു വശത്ത് ഉറച്ചെങ്കിലും മറുവശത്ത് മഹാരാഷ്ട്രയ്ക്ക് ഇടക്കിടെ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. ഋതുരാജിനൊപ്പം അസിം കാസി (37), നൗഷാദ് ഷെയ്ഖ് (31) എന്നിവരുടെ അതിവേഗ ഇന്നിംഗ്സുകളും മഹാരാഷ്ട്രയ്ക്ക് കരുത്തായി. 42ആം ഓവറിൽ ഋതുരാജ് റണ്ണൗട്ടായത് മഹാരാഷ്ട്രയ്ക്ക് തിരിച്ചടിയായി.
മറുപടി ബാറ്റിംഗിൽ സൗരാഷ്ട്രയ്ക്ക് തകർപ്പൻ തുടക്കം ലഭിച്ചു. ഹർവിക് ദേശായിയും ഷെൽഡൻ ജാക്ക്സണും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 125 കൂട്ടിച്ചേർത്തപ്പോൾ തന്നെ മഹാരാഷ്ട്ര തോറ്റിരുന്നു. പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായെങ്കിലും ജാക്ക്സണും ജാനിയും ചേർന്ന് സൗരാഷ്ട്രയ്ക്ക് കിരീടം സമ്മാനിക്കുകയായിരുന്നു.
Story Highlights: vijay hazare trophy saurashtra won maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here