സ്കൂൾ കായികോത്സവത്തിൽ സ്പൈക്കില്ലാതെ ഓടിയ മനോജിന് തുണയായി ട്വൻ്റിഫോർ ഫാമിലി
സംസ്ഥാന സ്കൂൾ കായികോത്സവത്തില് സ്പൈക്കില്ലാതെ ഓടാനിറങ്ങിയ മനോജിന്റെ കഥ ട്വൻ്റിഫോർ പ്രേക്ഷകരുമായി പങ്കുവെച്ചത് നിങ്ങൾ ഓർമ്മിക്കുന്നുണ്ടല്ലോ. മനോജിനെ സഹായിക്കാൻ താല്പര്യം പ്രകടിപ്പിച്ച നിരവധി ആളുകൾ രംഗത്തുവന്നു. എല്ലാവർക്കും വേണ്ടി മനോജിന് സ്പൈക്ക് വാങ്ങി നൽകിയിരിക്കുകയാണ് ട്വൻ്റിഫോർ ഫാമിലി.
കഴിഞ്ഞ ദിവസമാണ് സ്കൂൾ കായികോത്സവത്തിൽ സ്പൈക്കില്ലാതെ ഓടാനെത്തിയ കാസർഗോഡുകാരൻ മനോജിന്റെ വിഷമം ട്വൻ്റിഫോർ വാർത്തയായി നൽകിയത്. ഇതിനു പിന്നാലെ യൂട്യൂബ് കമന്റ് ബോക്സിലടക്കം നിരവധി പേർ സഹായ വാഗ്ദാനങ്ങളുമായി എത്തി. എന്നാൽ എല്ലാവർക്കും വേണ്ടി മനോജിന് സ്പൈക്ക് വാങ്ങി നൽകാൻ ട്വൻ്റിഫോർ കുടുംബം തീരുമാനമെടുത്തു.
ട്വൻ്റിഫോർ കുടുംബം നൽകിയ സ്പൈക്കുമായി അച്ഛൻ ശങ്കർ മനോജിൻറെ അടുത്തേക്ക്. പ്രതീക്ഷയുടെ വെളിച്ചം മനോജിൻറെ കണ്ണിൽ തെളിഞ്ഞു വന്നു. ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് മനോജിൻറെ ഉറപ്പ്. സ്പൈക്കില്ലാതെ മത്സരിച്ചത് മകൻറെ പ്രകടനത്തെ ബാധിച്ചിരുന്നുവെന്നും ഇനി അവൻ കായികോത്സവ വേദിയിൽ തിളങ്ങുമെന്നും അച്ഛൻറെ പ്രതീക്ഷ.
ബൈക്കുമായി മനോജ് സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ റിലേ മത്സരത്തിനിറങ്ങി. മെഡൽ ലഭിച്ചില്ലെങ്കിലും ആത്മവിശ്വാസത്തോടെ അവൻ ട്രാക്കിലൂടെ കുതിച്ചു. ഇനിയുള്ളത് 200 മീറ്റർ. പ്രതീക്ഷയിലാണ് മനോജ്. സ്വപ്നങ്ങളുടെ മാത്രം ബലത്തിൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തെത്തിയ മനോജ് ഉയരങ്ങൾ കീഴടക്കുമെന്ന് പ്രതീക്ഷിക്കാം. നാലാം പിറന്നാൾ വേളയിൽ മനോജിൻറെ സന്തോഷത്തിൽ ചെറിയ പങ്കുവഹിച്ചതിൽ ട്വൻ്റിഫോർ കുടുംബത്തിനും അഭിമാനം.
Story Highlights: school meet manoj spike twentyfour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here