Advertisement

‘മോദി വരുത്തിയ ദേശീയ വരുമാനനഷ്ടം 15 ലക്ഷം കോടി’; ജനങ്ങളോട് വിശദീകരിച്ചേ പറ്റൂയെന്ന് തോമസ് ഐസക്ക്

December 8, 2022
Google News 4 minutes Read

പ്രധാനമന്ത്രി രാജ്യത്തിന് വരുത്തിയ ദേശീയ വരുമാനനഷ്ടം ഏകദേശം 15 ലക്ഷം കോടി രൂപയാണെന്ന് മുന്‍മന്ത്രി തോമസ് ഐസക്ക്. നോട്ട് നിരോധനത്തിന് ശേഷമാണ് ഇന്ത്യന്‍ സമ്പദ്ഘടന താഴേക്ക് ഉരുളാന്‍ തുടങ്ങിയതെന്നും തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചു. നോട്ട് നിരോധനം മാത്രമല്ല, എന്തുകൊണ്ടാണ് ഇത്തരം തലതിരിഞ്ഞ ധനനയവും പണനയവും സ്വീകരിച്ചതെന്ന കാര്യം മോദി സര്‍ക്കാര്‍ ജനങ്ങളോടു വിശദീകരിച്ചേ പറ്റൂയെന്നും തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചു.(2016 demonetisation thomas isaac against pm modi)

തോമസ് ഐസക്ക് ഫേസ്ബുക്കിൽ പറഞ്ഞത്:

കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ നിന്ന് വിയർക്കുകയാണ്. വർഷം അഞ്ച് കഴിഞ്ഞിട്ടാണെങ്കിലും സുപ്രിംകോടതി നോട്ട് നിരോധനം സംബന്ധിച്ച് ഫയൽ ചെയ്ത കേസ് വിചാരണയ്ക്ക് എടുത്തിരിക്കുകയാണ്. ലക്ഷ്യങ്ങൾ നേടിയെന്ന് കേന്ദ്ര സർക്കാരിന് അവകാശവാദമില്ല. പിന്നെ എന്തിന് ഈ പാതകം ചെയ്തു? ഉദ്ദേശശുദ്ധി മാനിച്ച് പെറ്റീഷൻ തള്ളണമെന്നാണ് കോടതിയോടുള്ള അഭ്യർത്ഥന.മോദി രാജ്യത്തിനു വരുത്തിയ ദേശീയ വരുമാനനഷ്ടം എത്രയെന്ന് കേട്ടാൽ ഞെട്ടും. ഏതാണ്ട് 15 ലക്ഷം കോടി രൂപ! നോട്ട് നിരോധനത്തിനു ശേഷമാണ് ഇന്ത്യൻ സമ്പദ്ഘടന താഴേക്ക് ഉരുളാൻ തുടങ്ങിയത്. നോട്ട് നിരോധനം ഉണ്ടായില്ലായെന്നിരിക്കട്ടെ. തൊട്ടുമുമ്പുള്ള വർഷങ്ങളിലെ സാമ്പത്തിക വളർച്ചയുടെ വേഗത (8 ശതമാനം) നിലനിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ 2019-20-ൽ ഇന്ത്യയുടെ ദേശീയ വരുമാനം 151.12 ലക്ഷം കോടി രൂപ ആയിരുന്നേനെ. എന്നാൽ ഔദ്യോഗിക കണക്ക് പ്രകാരം ആ വർഷത്തെ ദേശീയ വരുമാനം 145.16 ലക്ഷം കോടി രൂപ മാത്രമായിരുന്നു. സ്ഥിരവിലയിൽപ്പോലും മോദി രാജ്യത്തിനു നഷ്ടപ്പെടുത്തിയത് 2019-20-ൽ 6 ലക്ഷം കോടി രൂപയാണ്. ഇങ്ങനെ നോട്ടു നിരോധനത്തിനുശേഷം ഓരോ വർഷവുമുണ്ടായ ഉൽപ്പാദന നഷ്ടം കണക്കാക്കിയാൽ മോദി രാജ്യത്തിനു വരുത്തിവച്ച നഷ്ടം 10 ലക്ഷം കോടി രൂപ വരും. 10 ലക്ഷം കോടി രൂപയുടെ ദേശീയ നഷ്ടത്തിന് മോദി ഇന്ത്യയിലെ ജനങ്ങളോട് മറുപടി പറഞ്ഞേ തീരൂ.ഓർക്കേണ്ടുന്നൊരു കാര്യം 2011-12-ലെ സ്ഥിരവിലയിലാണ് മേൽപ്പറഞ്ഞ കണക്ക് എന്നതാണ്. അതതു വർഷത്തെ വിലയുടെ അടിസ്ഥാനത്തിൽ കണക്ക് കൂട്ടുകയാണെങ്കിൽ മോദിയുടെ മണ്ടത്തരം വഴി ഉണ്ടായ ദേശീയനഷ്ടം 15 ലക്ഷം കോടി രൂപയെങ്കിലും വരും.ഒരു മണ്ടത്തരം ചെയ്തു അതിന്റെ ഫലമായി സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടാകുമെന്നും വ്യക്തമായി. അത്തരമൊരു സാഹചര്യത്തിൽ മാന്ദ്യവിരുദ്ധ നടപടികൾ സ്വീകരിക്കുകയാണു വേണ്ടത്. ഒന്ന്) സർക്കാർ ചെലവുകൾ ഉയർത്തി സമ്പദ്ഘടനയിലെ ഡിമാന്റ് ഉയർത്തണം. രണ്ട്) പലിശ നിരക്ക് കുറച്ച് സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കണം. ഈ രണ്ട് കാര്യങ്ങളിലും വിപരീത നയങ്ങളാണ് കേന്ദ്ര സർക്കാർ പിന്തുടർന്നത്. ഒരു മണ്ടത്തരത്തിനു പുറമേ മറ്റു രണ്ട് മണ്ടത്തരങ്ങൾകൂടി. യുക്തിയല്ല കേന്ദ്ര സർക്കാരിനെ നയിക്കുന്നത്. മറിച്ച്, നിയോലിബറൽ പിടിവാശിയാണ്.ആദ്യം നമുക്ക് സർക്കാർ ചെലവുകളുടെ കാര്യമെടുക്കാം. 2012-13-ൽ ദേശീയ വരുമാനത്തിന്റെ 14.2 ശതമാനം ആയിരുന്നു സർക്കാർ ചെലവ്. അത് ക്രമേണ കുറഞ്ഞുവന്നു. 2017-18 മുതൽ ഇതു വെറും 12.5 ശതമാനമായിരുന്നു. 2018-19-ൽ 12.2 ശതമാനവും. 2019-20-ൽ 13.2 ശതമാനവും. സാമ്പത്തിക വളർച്ചയുടെ വേഗത മന്ദീഭവിച്ചിട്ടും സർക്കാർ ബജറ്റ് വിപുലീകരിക്കാനല്ല ചുരുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. എന്തെങ്കിലും സാമ്പത്തിക ന്യായംവച്ച് ഈ പ്രവൃത്തി വിശദീകരിക്കാനാകുമോ?ധനനയത്തിനു പുറമേ സമ്പദ്ഘടനയിൽ ഇടപെടുന്നതിനുള്ള സർക്കാരിന്റെ കൈയിലെ മറ്റൊരു സുപ്രധാന ഉപകരണമാണ് മോണിറ്ററി നയം റിസർവ്വ് ബാങ്ക് നിശ്ചയിച്ച റിപ്പോ നിരക്കിൽ നിന്ന് ആ വർഷത്തെ വിലക്കയറ്റം കുറയ്ക്കുമ്പോൾ ലഭിക്കുന്ന നിരക്കാണ് നമ്മൾ വിശകലനത്തിന് എടുക്കുന്നത്. അതായത് യഥാർത്ഥ റിപ്പോ നിരക്ക്.2012-13-ലും 2013-14-ലും റിപ്പോ നിരക്ക് യഥാക്രമം മൈനസ് (-2.1), മൈനസ് (-1.😎 ആയിരുന്നു. വിലക്കയറ്റവുംകൂടി കണക്കിലെടുക്കുമ്പോൾ റിസർവ്വ് ബാങ്കിൽ നിന്ന് വായ്പയെടുത്താൽ ബാങ്കുകൾക്ക് പലിശ റിസർവ്വ് ബാങ്കിനു നൽകുന്നതിനു പകരം തിരിച്ച് പലിശ റിസർവ്വ് ബാങ്കിൽ നിന്നും കിട്ടുന്ന സ്ഥിതിയായിരുന്നു. സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനു യഥാർത്ഥ പലിശ നിരക്ക് താഴ്ത്തി നിർത്തുന്ന നയമാണ് യുപിഎ സർക്കാരിന്റെ കാലത്തു സ്വീകരിച്ചതെന്നു ചുരുക്കം.2014-15-ൽ എൻഡിഎ സർക്കാർ അധികാരത്തിൽവന്നു. എന്തു കാരണംകൊണ്ടെന്ന് അറിയില്ല റിപ്പോ നിരക്ക് കുത്തനെ ഉയർത്തി. തലേവർഷം -1.8 ആയിരുന്നല്ലോ റിപ്പോ നിരക്ക്. 2014-15-ൽ അത് 2 ശതമാനമായി ഉയർന്നു. ഒറ്റവർഷംകൊണ്ട് പലിശ നിരക്കിൽ 3.8 ശതമാന പോയിന്റ് വർദ്ധനയാണ് ഉണ്ടായത്. തുടർന്നുള്ള വർഷങ്ങളിൽ നോട്ട് നിരോധനത്തിനു ശേഷവും റിപ്പോ നിരക്ക് ഉയർന്നു തന്നെ തുടർന്നു. സാമ്പത്തിക വളർച്ച ഇടിയുന്നതു മനസിലാക്കി റിപ്പോ നിരക്ക് കുറയ്ക്കുന്നതിനു നടപടി സ്വീകരിച്ചില്ല. 2019-20-ൽ കോവിഡിന്റെ കേളികൊട്ട് ഉണ്ടായപ്പോഴാണ് റിപ്പോ നിരക്ക് കുറച്ചത്.റിപ്പോ നിരക്ക് വർദ്ധിപ്പിക്കുന്നത് വിലക്കയറ്റത്തെ നിയന്ത്രിക്കാനാണല്ലോ. ഇപ്പോൾ റിസർവ്വ് ബാങ്ക് അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ എൻഡിഎ ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ വിലക്കയറ്റം താഴ്ന്നു. പലിശ നിരക്ക് ഉയർത്തിയതുകൊണ്ടല്ല. അന്തർദേശീയ കമ്പോളത്തിൽ എണ്ണവില കുറഞ്ഞതുകൊണ്ടാണ്. അങ്ങനെ വിലക്കയറ്റം താഴ്ന്നുകൊണ്ടിരിക്കുന്ന കാലത്ത് വിലക്കയറ്റം തടയാൻ പലിശ നിരക്ക് ഉയർത്തേണ്ട കാര്യമില്ല. അതിന്റെ ഫലമായി നിക്ഷേപം ഇടിഞ്ഞ് സാമ്പത്തിക മുരടിപ്പിന് ആക്കം കൂടുന്ന സാഹചര്യമുണ്ടായി.നോട്ട് നിരോധനം മാത്രമല്ല, എന്തുകൊണ്ടാണ് ഇത്തരം തലതിരിഞ്ഞ ധനനയവും പണനയവും സ്വീകരിച്ചതെന്ന കാര്യം മോദി സർക്കാർ ജനങ്ങളോടു വിശദീകരിച്ചേ പറ്റൂ. 15 ലക്ഷം കോടി രൂപയുടെ ദേശീയനഷ്ടത്തിന് ഉത്തരം പറഞ്ഞേ തീരൂ.

Story Highlights: 2016 demonetisation thomas isaac against pm modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here