കൊല്ലം എസ്.എൻ കോളജിലെ സംഘർഷം; എ.ഐ.എസ്.എഫ് പ്രവർത്തകരെ ആക്രമിച്ച മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർ പിടിയിൽ

കൊല്ലം എസ്.എൻ കോളജിലുണ്ടായ സംഘർഷത്തിൽ എ.ഐ.എസ്.എഫ് പ്രവർത്തകരെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. പിടിയിലായവരെല്ലാം എസ്.എഫ്.ഐ പ്രവർത്തകരാണ്. ഇവർക്കെതിരെ വധശ്രമത്തിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്എഫ്ഐ നേതാക്കളായ രണ്ടാം വർഷ വിദ്യാർഥി ഗൗതം, മൂന്നാം വർഷ വിദ്യാർഥികളായ രഞ്ജിത്ത്, ശരത് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. ( Kollam SN College Conflict SFI workers arrested for attacking AISF workers ).
15 എ.ഐ.എസ്.എഫ്. പ്രവർത്തകർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. നട്ടെല്ലിനും തലയ്ക്കും പരുക്കേറ്റ മൂന്നാംവർഷ ബി.എ. ഫിലോസഫി വിദ്യാർഥി നിയാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുപേർ ജില്ലാ ആശുപത്രിയിലും മൂന്നുപേർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.
നിയാസിനെക്കൂടാതെ രണ്ടാംവർഷ വിദ്യാർഥികളായ അമിത് (ബി.എ. ഇക്കണോമിക്സ്), ജ്യോതിഷ് (ബി.എ. ഹിസ്റ്ററി), ഷിനു (ബി.എ. മലയാളം), പാർഥിപ് (ബി.എ. ഇംഗ്ലീഷ്), സൂരജ്, മണികണ്ഠൻ (ബി.സി.എ.), അനന്തു (പൊളിറ്റിക്സ്), മൂന്നാംവർഷ വിദ്യാർഥികളായ കാർത്തിക് (ബി.എ. മലയാളം), ഓസ്കാർ (ബി.എ. ഫിലോസഫി), ആകാശ് (ബി.എ. മാത്‍സ്), ധനുഷ്, ആകാശ് (ബി.എ. ഫിലോസഫി), അബി എ.തരകൻ (ബി.എ. ഇംഗ്ലീഷ്), ഒന്നാംവർഷ വിദ്യാർഥി പ്രിയദർശൻ എന്നിവർക്കാണ് പരുക്കേറ്റത്. സംഘർഷത്തിൽ തങ്ങളുടെ നാലുപ്രവർത്തകർക്ക് പരിക്കേറ്റതായി എസ്.എഫ്.ഐ. നേതാക്കൾ പറഞ്ഞു.
ബെഞ്ചിലിരിക്കുകയായിരുന്ന എ.ഐ.എസ്.എഫുകാരുടെ അടുത്തേക്ക് എസ്.എഫ്.ഐക്കാർ ദേഷ്യപ്പെട്ടുകൊണ്ട് ചെല്ലുന്നതും ആയുധങ്ങളുമായി ആക്രമിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Story Highlights: Kollam SN College Conflict SFI workers arrested for attacking AISF workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here