Advertisement

ദുരിതയാത്ര… അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് മൂന്നര കിലോമീറ്ററോളം തുണിയില്‍ ചുമന്ന്

December 11, 2022
Google News 2 minutes Read
pregnant woman brought to hospital by carrying in a cloth Attapadi

അട്ടപ്പാടിയില്‍ പൂര്‍ണ ഗര്‍ഭിണിക്ക് ദുരിതയാത്ര. ഗര്‍ഭിണിയായ യുവതിയെ തുണിയില്‍ ചുമന്നാണ് അര്‍ധരാത്രി ആശുപത്രിയിലെത്തിച്ചത്. ഇരുട്ടില്‍ യുവതിയെ ചുമന്ന് നടന്നത് മൂന്നര കിലോമീറ്റളോളം. കടുകുമണ്ണ ഊരിലെ സുമതി മുരുകനാണ് ഈ ദുരിതം അനുഭവിക്കേണ്ടിവന്നത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി.

കഴിഞ്ഞ തിങ്കളാഴ്ച യുവതി ആശുപത്രിയില്‍ എത്തിയിരുന്നു. അന്ന് ഡോക്ടര്‍മാര്‍ പ്രസവ തീയതി കുറിച്ചുനല്‍കുകയും ചെയ്തു. ഇതിനിടെയാണ് ഇന്നലെ രാത്രി യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. പ്രദേശത്ത് ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടറായ പ്രിയയുടെ ഇടപെടലാണ് യുവതിയെ രക്ഷിച്ചത്. ഗര്‍ഭിണിയുടെ വിവരമറിഞ്ഞ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍, പുലര്‍ച്ചെ രണ്ടുമണിയോടെ 108 ആംബുലന്‍സിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഇവര്‍ തന്നെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ ആംബുലന്‍സിനെയും ബന്ധപ്പെട്ടു. മൂന്നര കിലോമീറ്ററോളം ദൂരം തുണി മഞ്ചലില്‍ ചുമന്നാണ് യാത്രാ ദുരിതമുള്ള സ്ഥലത്ത് കൂടി ആംബുലന്‍സിന്റെ അടുത്തെത്തിയത്.

അട്ടപ്പാടിയില്‍ വാഹനം പോകുന്ന ഒരു റോഡ് പോലുമില്ലെന്ന് സാമൂഹ്യപ്രവര്‍ത്തക ധന്യാ രാമന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനല്ല, കെട്ടിടങ്ങള്‍ നിര്‍മിച്ചിടാന്‍ മാത്രമാണ് ഇവിടെ അധികൃതര്‍ പ്രാധാന്യം കൊടുക്കുന്നതെന്നും ധന്യ രാമന്‍ പ്രതികരിച്ചു.

Read Also: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

അട്ടപ്പാടിയില്‍ നിലവിലുള്ള സൗകര്യങ്ങള്‍ പലരും വാര്‍ത്തയാക്കുന്നില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എംപി ട്വന്റിഫോറിനോട് പറഞ്ഞു. ;കടുകുമണ്ണ അടക്കം മൂന്ന് ഊരുകള്‍ നാളുകള്‍ക്ക് മുന്‍പ് സന്ദര്‍ശിച്ചിരുന്നു. അവിടെ വാഹന സൗകര്യമില്ല, റോഡില്ല. നടന്ന് തന്നെയാണ് പോയത്. റോഡ് മാത്രമല്ല, വൈദ്യുതിയും ഇല്ല. ഇതുമായി ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇരുനൂറോളം ഊരുകള്‍ അട്ടപ്പാടി മേഖലയിലുണ്ട്. റിസര്‍വ് ഫോറസ്റ്റിന്റെയും അകത്താണ് പല ഊരുകളും. അവിടെ റോഡുകളും പാലങ്ങളും കൊണ്ടുവരുന്നതിലും നിയമപരമായി ബുദ്ധിമുട്ടുണ്ട്. ആദ്യമായി അട്ടപ്പാടിയില്‍ ഐസിയു ആംബുലന്‍സ് കൊണ്ടുവന്നത് ഞാനാണ്. എന്നാല്‍ അവിടെ നല്‍കുന്ന പല സൗകര്യങ്ങളെ കുറിച്ചും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നില്ലെന്ന് എംപി പറഞ്ഞു.

Story Highlights: pregnant woman brought to hospital by carrying in a cloth Attapadi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here