പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച ഇന്ത്യ; കാര്യവിചാരം 01

സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദോസ് സാന്റോസ് അവയ്രോയുടെ പോര്‍ച്ചുഗലിനെ ഇന്ത്യ ഒരിക്കല്‍ തോല്‍പ്പിച്ച് തുന്നം പാടിച്ചിട്ടുണ്ട്. അത്, 90 മിനുട്ടില്‍ തീരാവുന്ന കാല്‍പ്പന്തിന്റെ കളിക്കളത്തിലല്ല കേട്ടോ! പോര്‍ക്കളത്തിലാണ്. സായുധരായ സൈനികര്‍ അണിനിരന്ന പോര്‍ക്കളത്തില്‍.
ചിലര്‍ക്കെങ്കിലും ഇതൊരു പുതിയ അറിവായിരിക്കാം.
ലോകത്തിലെ ആദ്യത്തെ ആഗോള സാമ്രാജ്യത്വ ശക്തിയായ പോര്‍ച്ചുഗലിനെ, ഇന്ത്യ മുഖാമുഖം നിന്ന് അടരാടി തോല്‍പ്പിച്ച ആ അഭിമാന സംഭവമാണ് Operation Vijay 1961. ആ യുദ്ധവിജയത്തിലേക്ക് ഇന്ത്യയെ നയിച്ചവരില്‍ ഒരാള്‍ ഒരു മലയാളിയാണെന്നതും പലര്‍ക്കും പുതിയ അറിവായിരിക്കും.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ മേജര്‍ ജനറല്‍ കെ.പി. കണ്ടേത്ത് എന്ന കുഞ്ഞിരാമന്‍ പാലാട്ട് കണ്ടേത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പോര്‍ച്ചുഗലിനെതിരായ രക്തരൂക്ഷിത പോരാട്ടത്തില്‍ ധീരവിജയം വരിച്ചത്. എന്തുകൊണ്ടോ അധികം ആഘോഷിക്കപ്പെടാതെ പോയതും, എന്നാല്‍ അതീവ പ്രാധാന്യമുള്ളതുമാണ് ഇന്ത്യയുടെ ഈ പോരാട്ട വിജയം.
സത്യത്തില്‍ 1947 ആഗസ്റ്റ് 15ന്, ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷവും ഇന്ത്യയിലെ ഏതാനും പ്രദേശങ്ങള്‍ പോര്‍ച്ചുഗീസ് അധീനതയിലായിരുന്നു. ഗോവ, ദാമന്‍ – ദിയു, ദാദ്ര – നഗര്‍ഹവേലി എന്നി പ്രദേശങ്ങളാണ് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയ്ക്ക് വിട്ടുതരാതെ കയ്യടക്കിവെച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഗോവന്‍ ഘടകവും, ആസാദ് ഗോമന്തക് ദള്‍ പോലെയുള്ള ഇതര പ്രസ്ഥാനങ്ങളും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സമരം നയിച്ചു.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയിട്ടും പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ തുടര്‍ന്നതോടെ ഗോവന്‍ മേഖലയിലടക്കം സായുധ പോരാട്ടത്തിലേക്ക് ജനം തിരിഞ്ഞു. എന്നിട്ടും അവര്‍ കുലുങ്ങിയില്ല. ഇന്ത്യാ ഗവണ്‍മെന്റ് പോര്‍ച്ചുഗലുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തിനോക്കി. പക്ഷേ ഗോവയടക്കമുള്ള തങ്ങളുടെ അധീനമേഖലകള്‍ വിട്ടുതരില്ലെന്ന നിലപാടില്‍ പോര്‍ച്ചുഗീസുകാര്‍ ഉറച്ചുനിന്നു. 1954ല്‍ ദാദ്ര – നഗര്‍ഹവേലി മേഖല രക്തച്ചൊരിച്ചിലില്ലാതെ ഇന്ത്യ പിടിച്ചെടുത്തതോടെ ഗോവയും ദാമന്‍ ദിയുവും സംരക്ഷിക്കാന്‍ പോര്‍ച്ചുഗല്‍ അക്രമത്തിന്റെ വഴി തിരഞ്ഞെടുത്തു.
1955 ആഗസ്റ്റ് 15 ന് ഗോവയില്‍, നിരായുധ സമരം നടത്തിയവര്‍ക്കു നേരെ പോര്‍ച്ചുഗീസുകാര്‍ ആക്രമം അഴിച്ചുവിടുകയും, 30ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. എന്നിട്ടും ഇന്ത്യ സംയമനം പാലിച്ചു. 1961 നവംബര്‍ 24 ന് സബര്‍മതി എന്ന ഇന്ത്യന്‍ ബോട്ട് പോര്‍ച്ചുഗീസുകാര്‍ ആക്രമിച്ചതോടെ ഇന്ത്യ ആലസ്യം വെടിഞ്ഞു.
1961 ഡിസംബറോടെ ഇന്ത്യ സൈനിക നീക്കം ആരംഭിച്ചു. കരസേനാ മേജര്‍ ജനറല്‍ കെ.പി. കണ്ടേത്ത് നേതൃത്വം കൊടുക്കുന്ന ഇന്ത്യന്‍ കാലാള്‍പ്പടയുടെ 17 -ആം വിഭാഗത്തെയും അമ്പതാം പാരച്യൂട്ട് വിഭാഗത്തെയും ഇന്ത്യ ഗോവന്‍ മേഖലയില്‍ അണിനിരത്തി. ദാമന്‍ പ്രദേശത്തെ ആക്രമണത്തിന്റെ ചുമതല മറാത്ത ലൈറ്റ് ഇന്‍ഫന്‍ട്രിക്കും, ദിയുവിന്റെ ചുമതല രജ്പുത്ത് റജിമെന്റിനും മദ്രാസ് റജിമെന്റിനും ആണ് നല്‍കിയത്.
എയര്‍ വൈസ് മാര്‍ഷല്‍ എര്‍ലിക് പിന്റോയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ വ്യോമസേന, പൂനെയിലും ബല്‍ഗാമിലുമായി നിലയുറപ്പിച്ചു. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളായ ഐ.എന്‍.എസ് രജ്പുത്ത്, ഐ.എന്‍.എസ് കിര്‍പന്‍ എന്നിവയെ ഗോവന്‍ മേഖലയില്‍ അറബിക്കടലിന്റെ തീരത്ത് വിന്യസിച്ചു. അതോടെ സൈനികരാല്ലാത്ത വിദേശികള്‍ ഗോവ വിട്ടുപോകാന്‍ തിടുക്കം കൂട്ടി. കപ്പലുകളിലും വിമാനങ്ങളിലുമായി സ്ത്രീകളും കുട്ടികളും അടക്കമുള്ള യൂറോപ്യന്മാര്‍ മടങ്ങിപ്പോയി.
ഇന്ത്യയുടെ അന്ത്യശാസനത്തിനു ശേഷവും പോര്‍ച്ചുഗീസ് സൈന്യം ഇന്ത്യന്‍ മണ്ണില്‍ നിലയുറപ്പിച്ചതോടെ പ്രത്യക്ഷയുദ്ധം ആരംഭിക്കുമെന്ന് ഉറപ്പായി. 1961 ഡിസംബര്‍ 17ന്, ഇന്ത്യന്‍ സൈന്യം മുന്നേറ്റം ആരംഭിച്ചു. അന്ന് ഗോവയിലെ ഡാബോലിം വിമാനത്താവളത്തിനു മീതെ പറന്ന ഇന്ത്യന്‍ വിമാനത്തിനു നേരെ, പോര്‍ച്ചുഗീസ് സേന വെടിയുതിര്‍ത്തു. മേജര്‍ ജനറല്‍ കെ.പി. കണ്ടേത്ത് അടക്കമുള്ള സേനാനായകരുടെ നേതൃത്വത്തില്‍ ഇന്ത്യ അതിശക്തമായ തിരിച്ചടി ആരംഭിച്ചു.
1961 ഡിസംബര്‍ 18 വൈകുന്നേരത്തോടെ ഗോവയുടെ സിംഹഭാഗവും ഇന്ത്യന്‍ സൈന്യത്തിന്റെ കൈകളിലായി. അതോടെ തീരനഗരമായ വാസ്‌കോഡ ഗാമയിലേക്ക് പോര്‍ച്ചുഗീസ് സൈന്യം പിന്‍വാങ്ങി. ഇന്ത്യ പോരാട്ടം ശക്തമാക്കി.
ഒന്നര ദിവസങ്ങള്‍ക്കിടെ 30 പോര്‍ച്ചുഗീസ് സൈനികരെ ഇന്ത്യ വകവരുത്തിയതോടെ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ജനറല്‍ ആന്റോണിയോ വസല്ലോ ഇ സില്‍വ കീഴടങ്ങാന്‍ തീരുമാനിച്ചു. അതിനോടകംതന്നെ നിരവധി പോര്‍ച്ചുഗീസ് സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മാത്രമല്ല, ശത്രുപക്ഷത്തെ ഒരു കപ്പലും ഇന്ത്യ തകര്‍ത്തു. ഡിസംബര്‍ 19 രാത്രി 8:30ന് കീഴടങ്ങല്‍ രേഖയില്‍ പോര്‍ച്ചുഗീസുകാര്‍ ഒപ്പുവെയ്ക്കുമ്പോള്‍, അത് യൂറോപ്യന്മാര്‍ക്കെതിരെ ഇന്ത്യ നേടിയ സായുധ പോരാട്ട വിജയമായി മാറി.
Read Also: രാഷ്ട്രീയ കൗതുകം 02 | കിസാൻ സഭ ഒന്നല്ല; രണ്ട്!
തുടര്‍ന്ന് 4668 പോര്‍ച്ചുഗീസുകാരെ ഇന്ത്യ തടവിലാക്കി. ഗോവയും ദാമന്‍ ദിയുവും ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശങ്ങളായി. യുദ്ധവിജയത്തിന് ചുക്കാന്‍ പിടിച്ച മലയാളി മേജര്‍ ജനറല്‍ കെ.പി. കണ്ടേത്ത് ഗോവയുടെ ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റു. ആറു നൂറ്റാണ്ടുകള്‍ വിവിധ ലോകരാജ്യങ്ങളെ കീഴടക്കി ഭരിച്ച പോര്‍ച്ചുഗീസ് സാമ്രാജ്യം, അവരുടെ നീണ്ട കോളനീകരണ ചരിത്രത്തില്‍ വിറച്ചുപോയത് ഇന്ത്യയ്ക്കു മുന്നിലാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നിലാണ്.
സായുധ പോരാട്ടത്തേക്കാള്‍ ശ്രേഷ്ഠം അഹിംസാസമരം തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, ഇന്ത്യയുടെ അഹിംസാമാര്‍ഗ്ഗം ഒരു ദൗര്‍ബല്യമായി കരുതിയവര്‍ക്കുള്ള മറുപടിയായിരുന്നു പോര്‍ച്ചുഗലിനെതിരായ ഈ പോരാട്ടം. വേണ്ടി വന്നാല്‍ ആരോടും മുട്ടാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ മുന്നേറ്റം….. ഓരോ ഇന്ത്യാക്കാരനിലും ഇന്നും അഭിമാനമുണര്‍ത്തുന്ന പോരാട്ടം….
അതാണ്, Operation Vijay 1961.
Story Highlights: Operation Vijay 1961 rajesh sasidharan writes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here