Advertisement

വായ്പാതട്ടിപ്പ്: ബാങ്കുകളുടെ നഷ്ടം 92,570 കോടി, മനപ്പൂർവ്വം തിരിച്ചടയ്ക്കാത 50 പേരിൽ മെഹുൽ ചോക്സി ഒന്നാമത്

December 21, 2022
Google News 2 minutes Read

ശതകോടികൾ വായ്പയെടുത്ത് മനപ്പൂർവ്വം കുടിശ്ശിക വരുത്തിയ 50 വ്യക്തികൾ രാജ്യത്തെ ബാങ്കുകൾക്ക് വരുത്തിയ നഷ്ടം 92,570 കോടി രൂപയെന്ന് കേന്ദ്ര സർക്കാർ. വജ്രവ്യാപാരിയായ മെഹുൽ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസ് 7,848 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായി ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്‌സഭയിൽ രേഖാമൂലം അറിയിച്ചു.

ഇറ ഇൻഫ്ര (5,879 കോടി), റെയ്ഗോ അഗ്രോ (4,803 കോടി) എന്നിവയാണു രണ്ടുംമൂന്നും സ്ഥാനങ്ങളിൽ. കോൺകാസ്റ്റ് സ്റ്റീൽ ആൻഡ് പവർ (4,596 കോടി), എബിജി ഷ്പ്‌യാർഡ് (3,708 കോടി), ഫ്രോസ്റ്റ് ഇന്റർനാഷനൽ (3,311 കോടി), വിൻഡ്‌സം ഡയമണ്ട്സ് ആൻഡ് ജ്വല്ലറി (2,931 കോടി), റോട്ടോമാക് ഗ്ലോബൽ (2,893 കോടി), കോസ്റ്റൽ പ്രൊജക്ട്സ് (2,311 കോടി) സൂം ഡവലപ്പേഴ്സ് (2,147 കോടി) എന്നീ കമ്പനികളും കുടിശികക്കാരുടെ മുൻനിരയിലുണ്ട്.

മെഹുൽ ചോക്‌സിയുടെ ബന്ധുവും മറ്റൊരു സാമ്പത്തിക കുറ്റവാളിയുമായ നീരവ് മോദിയുടെ സ്ഥാപനമായ ഫയർസ്റ്റാർ 803 കോടി രൂപയുമായി 49-ാം സ്ഥാനത്താണ്. അതേസമയം, പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (എൻപിഎ) 3 ലക്ഷം കോടിയിലേറെ കുറഞ്ഞ് 5.41 ലക്ഷം കോടി രൂപയായി. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2 ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളി മുന്നിലെത്തി. പഞ്ചാബ് നാഷനൽ ബാങ്ക് 67,214 കോടി, ഐസിഐസിഐ 50,514 കോടി, എച്ച്ഡിഎഫ്സി 34,782 കോടിയും എഴുതിത്തള്ളി.

ഏറ്റവും കൂടുതൽ കുടിശികയുള്ള 50 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടികയാണു സർക്കാർ പാർലമെന്റിനെ അറിയിച്ചത്. റിസർവ് ബാങ്ക് രേഖകളെ അടിസ്ഥാനമാക്കിയാണു പട്ടിക തയാറാക്കിയതെന്ന് എഴുതിത്തയാറാക്കിയ മറുപടിയിൽ കേന്ദ്ര സഹമന്ത്രി ഭഗവത് കരാഡ് വ്യക്തമാക്കി.

Story Highlights: Top 50 Wilful Defaulters Owe 92570 Crore To Banks Mehul Choksi Tops List

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here