വിരമിക്കുന്നതിന് മുമ്പുള്ള അന്തിമ സല്യൂട്ട് അമ്മയ്ക്ക് അർപ്പിച്ച് സൈനികൻ; വീഡിയോ വൈറൽ

അമ്മ എന്ന വാക്കിന് എന്തുമാത്രം അർത്ഥങ്ങളുണ്ട്. ഓരോരുത്തർക്കും ആ വാക്ക് നൽകുന്ന അർത്ഥം ഓരോന്നായിരിക്കും. ആദ്യമായി നാവിൽ വഴങ്ങുന്ന വാക്ക്, കണ്ണ് തുറക്കുമ്പോൾ ആദ്യം കാണുന്ന വ്യക്തി അങ്ങനെയങ്ങനെ….അമ്മ, ഉമ്മ എന്ന് എങ്ങനെ വിളിച്ചാലും വിളിക്കുന്നയാളിനും, കേൾക്കുന്നയാളിനും ഇന്നും ഇത്രയേറെ സംതൃപ്തി നൽകുന്ന ഒരു വാക്ക് ഒരു ഭാഷയിലും കാണില്ല.
ആൺകുട്ടികൾക്ക് അമ്മമാരോട് അടുപ്പം ഇത്തിരി കൂടുതലാണ്. കാരണം പിറന്ന് വീണ അന്ന് മുതൽ എന്നും എപ്പോഴും ആ തുണ അല്ലെങ്കിൽ ആ തണലില്ലാതെ അവർക്ക് പറ്റില്ല. ഒരു പുരുഷന്റെ യഥാർത്ഥ സ്വഭാവം മനസിലാക്കാൻ അവൻ തന്റെ അമ്മയോട് എങ്ങനെ പെരുമാറുന്നു എന്ന് കണ്ടാൽ മതിയെന്നാണ് പലരുടെയും അഭിപ്രായം. അമ്മയുടെ മുഖത്ത് വിടരുന്ന ചിരി കാണാൻ സർപ്രൈസ് നൽകി കൊണ്ട് നാം അവരെ സന്തോഷിപ്പിക്കാറുണ്ട്. ഇത്തരം സർപ്രൈസ് വീഡിയോകൾ നാം ധാരാളം കാണാറുണ്ട്.
ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നതും അത്തരം ഒരു വീഡിയോയാണ്. വിരമിക്കുന്നതിന് മുമ്പുള്ള അന്തിമ സല്യൂട്ട് അമ്മയ്ക്ക് അർപ്പിച്ച് തനിക്കായി നൽകിയ സ്നേഹത്തിനും കരുതലിനും ആദരവ് പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ആർമിയിലെ ഒരു ഉദ്യോഗസ്ഥൻ. വൈറലായ വീഡിയോയിൽ ആ അമ്മയുടെ മുഖത്തെ സന്തോഷം സമാനതകളില്ലാത്തതാണ്. മേജർ ജനറൽ രഞ്ജൻ മഹാജനാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
സൈനിക ഉദ്യോഗസ്ഥൻ യൂണിഫോം ധരിച്ച് വീട്ടിൽ പ്രവേശിക്കുന്നു. മാർച്ച് ചെയ്ത് കൊണ്ട് നേരെ അമ്മയുടെ അരികിലേക്ക്. സോഫയിൽ ഇരിക്കുന്ന അമ്മ മകനെ കണ്ട് സന്തോഷത്തോടെ അത്ഭുതപ്പെടുന്നു. സോഫയ്ക്ക് അരികിൽ എത്തിയപ്പോൾ അമ്മയ്ക്ക് മകൻ്റെ വക സല്യൂട്ട്. ആ വൈകാരിക നിമിഷത്തിൽ അമ്മയും മകനും പരസ്പരം ആലിംഗനം ചെയ്യുന്നു. അമ്മയ്ക്ക് ഒരു മാല സമ്മാനിക്കുന്നതും വീഡിയോയിൽ കാണാം. അമ്മയാണ് ഇന്ത്യൻ ആർമിയുടെ യൂണിഫോം അണിയാൻ തന്നെ യോഗ്യനാക്കിയതെന്ന് മേജർ ജനറൽ പറയുന്നു.
Story Highlights: Army Officer Offers One Final Salute To His Mother Before Retiring
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here