സോളാർ പീഡന കേസ്; ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് സിബിഐ

സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകി. അബ്ദുള്ള കുട്ടിക്കെതിരെയും തെളിവില്ലെന്നും സിബിഐ അറിയിച്ചു. ( cbi finds oommen chandy not guilty in solar case )
കോൺഗ്രസിനെതിരെ സിപിഐഎമ്മും – എൽഡിഎഫും എല്ലാ കാലത്തും ആയുധമാക്കിയിരുന്ന സോളാർ പീഡന കേസ് ആവിയാകുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കൂടെ സിബിഐയുടെ ക്ലീൻ ചിറ്റ് ലഭിച്ചതോടെ കേസ് സിപിഐഎമ്മിനെതിരെ തിരിക്കുകയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ സോളാർ പീഡന കേസ് ഉയർത്തി വിട്ട് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്ന ഇടത് മുന്നണി ഇനി മറ്റൊരായുധം തേടേണ്ടി വരും.
സോളാർ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കൾ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ആരോപണ നിഴലിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, ഹൈബി ഈഡൻ, ഇപ്പോൾ ബി ജെ പി പാളയത്തിലുള്ള മുൻ കോൺഗ്രസ് എംപി എ പി അബ്ദുള്ള കുട്ടിയും. 2012 ൽ പീഡനം നടന്നുവെന്ന് കാട്ടി പരാതിക്കാരി കേസ് കൊടുക്കുന്നത് 2018ൽ. ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കാൻ ഇടത് മുന്നണി പ്രയോഗിച്ച വജ്രായുധം സോളാർ അഴിമതി കേസ് ആയിരുന്നുവെങ്കിൽ, ഭരണ തുടർച്ച ലക്ഷ്യമിട്ട അതേ ഒന്നാം പിണറായി സർക്കാർ, അതിൻ്റെ അവസാന കാലത്ത് സോളാർ പീഡന പരാതി സിബിഐക്ക് കൈമാറി.സോളാറിൽ അഴിമതിക്കൊപ്പം, സഹായമഭ്യർത്ഥിച്ച സംരംഭകയെ കോൺഗ്രസ് നേതൃത്വം ലൈംഗികമായി കൂടെ ചൂഷണം ചെയ്തുവെന്ന പരാതി കോളിളക്കം സൃഷ്ടിച്ചു. തെളിവില്ലാതെ ഇഴഞ്ഞ ക്രൈം ബ്രാഞ്ച് അന്വേഷണം സിബിഐക്ക് വിട്ടതിലൂടെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും വിഷയം സജീവമാക്കി നിർത്താൻ ഇടത് മുന്നണിക്കായി. ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒന്നര കൊല്ലത്തിനിപ്പുറം സോളാർ പീഡന കേസിൽ ആരോപണ വിധേയരായ നേതാക്കൾ അഗ്നിശുദ്ധി വരുത്തുന്ന കാഴ്ച്ചയാണ് രാഷ്ട്രീയ കേരളം കണ്ടത്. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യം, ആരോപണങ്ങളിൽ തെളിവില്ല, കള്ള സാക്ഷി മൊഴികൾ പിടക്കപ്പെട്ടു… സിബിഐ അന്വേഷണത്തിനൊടുവിൽ നേതാക്കൾക്ക് ഒന്നൊന്നായി ക്ലീൻ ചിറ്റ്. ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കുമെതിരായ പീഡന പരാതി സിബിഐക്ക് വിടാൻ ധൃതി കാട്ടിയ പിണറായി സർക്കാർ സ്വർണ്ണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതെന്ത് കൊണ്ടെന്ന പ്രതിപക്ഷത്തിൻ്റെ ചോദ്യത്തിന് ഇനി മുതൽ കടുപ്പമേറും..
Story Highlights: cbi finds oommen chandy not guilty in solar case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here