Advertisement

ടി-20 ലോകകപ്പിനു മുൻപ് ഏകദിന ടീമിൽ; ഏകദിന ലോകകപ്പിനു മുൻപ് ടി-20 ടീമിൽ; സഞ്ജു സാംസണിലൂടെ ബിസിസിഐ നടത്തുന്ന കൺകെട്ടു വിദ്യ

December 28, 2022
Google News 3 minutes Read
sanju samson odi t20

ഇക്കൊല്ലത്തെ 2022 ടി-20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ ടീമിൽ ഉൾപ്പെടുമെന്ന് വ്യാപകമായി കരുതപ്പെട്ടിരുന്ന ഒരു പേരായിരുന്നു സഞ്ജു സാംസൺ. 2022 ഫെബ്രുവരിയിൽ മുഖ്യ സെലക്ടർ ചേതൻ ശർമ, ലോകകപ്പ് ടീമിൽ സഞ്ജുവിനെ പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയും ഇതേ നിലപാടെടുത്തു. എന്നാൽ, ടീം വന്നപ്പോൾ സഞ്ജു ഇല്ല. പിന്നാലെ ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. സഞ്ജു ഏകദിന സെറ്റപ്പിലാണുള്ളത്. ശരി, സമ്മതിച്ചു. അടുത്ത വർഷം (2023) ഏകദിന ലോകകപ്പുണ്ടല്ലോ. (sanju samson odi t20)

ഏകദിനത്തിൽ ഇതുവരെ സഞ്ജു 11 മത്സരങ്ങൾ കളിച്ചു. 66 ശരാശരി. 104 സ്ട്രൈക്ക് റേറ്റ്. 330 റൺസ്. സ്വാഭാവികമായും ലഭിച്ച അവസരങ്ങളിൽ മികച്ച പ്രകടനങ്ങൾ. ടി-20കളിലും നന്നായി കളിച്ചെങ്കിലും 2023 ലോകകപ്പ് പരിഗണിച്ച് ഒരു ഏകദിന ബാറ്റർ എന്ന നിലയിൽ ആരാധകർ സഞ്ജുവിനെ കണ്ടു. ടി-20 ലോകകപ്പിൽ നിന്ന് പുറത്തായി, ടീം സെലക്ഷനിലെ പാളിച്ച ആരോപിക്കപ്പെട്ട് സെലക്ടർമാർക്ക് ജോലി പോയി. തൊട്ടടുത്ത പരമ്പര ന്യൂസീലൻഡിലേക്കായിരുന്നു. ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പ്. ന്യൂസീലൻഡിനെതിരെ ടി-20 ടീമിലും ഏകദിന ടീമിലും സഞ്ജു ഉണ്ടായിരുന്നു. എന്നിട്ട് പര്യടനത്തിൽ ആകെ സഞ്ജു കളിച്ചത് ആദ്യ ഏകദിനത്തിൽ മാത്രം. 36 റൺസെടുത്ത് മോശമല്ലാത്ത പ്രകടനവും നടത്തി. പിന്നീടുള്ള ബംഗ്ലാദേശ് പര്യടനത്തിൽ ടീമിൽ ഇടം ലഭിച്ചില്ല. പര്യടനത്തിൽ കളിച്ച കെഎൽ രാഹുലിനു പറയാനുള്ളത് ഒരു 73 മാത്രം. കൃത്യമായി സഞ്ജു ഏകദിന സെറ്റപ്പിൽ ഇല്ലെന്നത് വ്യക്തം.

Read Also: സഞ്ജു സാംസൺ ടീമിൽ; ശ്രീലങ്കക്കെതിരായ ട്വന്‍റി20, ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കക്കെതിരെ ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ രണ്ട് വൈറ്റ് ബോൾ ടീമുകളിലും സഞ്ജു പ്രതീക്ഷിക്കപ്പെട്ടു. എന്നാൽ, അവസരം ലഭിച്ചത് ടി-20 ടീമിൽ. രാഹുലിനെ ടി-20 ടീമിലും പന്തിനെ രണ്ട് ടീമുകളിലും പരിഗണിച്ചില്ല. പകരം, ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ ഇഷാൻ കിഷൻ ഏകദിന ടീമിൽ ഇടം നേടുകയും ചെയ്തു. ടി-20യിലും കിഷൻ ഉണ്ട്. ലഭിച്ച അവസരം മുതലെടുത്തതുകൊണ്ട് കിഷൻ ടീമിലെത്തി എന്നത് സമ്മതിക്കുന്നു. എന്തുകൊണ്ട് ഇതേ ലോജിക് സഞ്ജുവിൻ്റെ കാര്യത്തിൽ ഉണ്ടാവുന്നില്ല എന്നതാണ് ചോദ്യം. ടി-20 യിൽ അസാമാന്യ പ്രകടനങ്ങൾ നടത്തുന്ന സൂര്യകുമാർ യാദവിൻ്റെ ഏകദിന ശരാശരി 32 ആണ്. സ്ട്രൈക്ക് റേറ്റ് 100. സൂര്യ ശ്രീലങ്കക്കെതിരെ ഏകദിന ടീമിലുണ്ട്.

അതായത്, ടി-20 ലോകകപ്പിനു മുൻപ് സഞ്ജുവിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയ സെലക്ടർമാർ ഏകദിന ലോകകപ്പിനു മുൻപ് അവസരം നൽകുന്നത് ടി-20യിൽ. ആരാധക രോഷം തണുപ്പിക്കാനോ അവസരം നൽകുന്നില്ലെന്ന വ്യാപക വിമർശനങ്ങളെ അടക്കാനോ ബിസിസിഐ നടത്തുന്ന കൺകെട്ടു വിദ്യയാണ് ഇതെന്നത് പകൽ പോലെ വ്യക്തം.

Story Highlights: sanju samson odi t20 bcci

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here