‘അവസാനം സത്യം ജയിച്ചു’ ജീവിതത്തിൽ ഒരിക്കലും പരാതിക്കാരിയെ കണ്ടിട്ട് പോലുമില്ല; അബ്ദുള്ളക്കുട്ടി

സോളർ പീഡനക്കേസിൽ സിബിഐ ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെ ഫെയ്സ്ബുക്ക് കുറിപ്പുമായി ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. കേസിലെ പരാതിക്കാരിയെ താന്‍ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്ന വാദം അബ്ദുള്ളക്കുട്ടി ആവര്‍ത്തിച്ചു. അവസാനം സത്യം ജയിച്ചെന്ന് എപി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. പൊതുപ്രവര്‍ത്തകര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു.(ap abdullakutty facebook post on cbi clean chit)
സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കുമെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ ആരോപണ വിധേയരായ മുഴുവന്‍ പേരെയും സിബിഐ കുറ്റവിമുക്തരാക്കി. ഇതിനെ തുടര്‍ന്നായിരുന്നു എപി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സോളാര്‍ പീഡന പരാതി സിബിഐ ക്ലീന്‍ചിറ്റ് നല്‍കിയതിനെ തുടര്‍ന്ന് എന്റെ പല മാധ്യമ സുഹൃത്തുക്കളും ചാനലുകാരും വിളിച്ചു. പക്ഷേ എനിക്ക് പ്രതികരിക്കാന്‍ പറ്റിയില്ല എന്നോട് ക്ഷമിക്കുക. എനിക്ക് പുതുതായി ഒന്നും പറയാനില്ല. അന്ന് ഈ പരാതി വന്ന ഉടനെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ?അതേ വാചകം തന്നെയാണ് എനിക്കിപ്പോഴും പറയാനുള്ളത്. ‘എന്റെ രണ്ടു മക്കളാണേ സത്യം ജീവിതത്തില്‍ ഒരിക്കലും പരാതിക്കാരിയെ ഞാന്‍ കണ്ടിട്ട് പോലുമില്ല’, ഇതായിരുന്നു അന്നത്തെ എന്റെ പ്രതികരണം പിന്നീട് ഇതുവരെ ആ വിഷയത്തെക്കുറിച്ച് ഞാന്‍ എവിടെയും പറയാന്‍ മെനക്കെട്ടിട്ടില്ല. ഇപ്പോള്‍ സത്യം വിജയിച്ചു ആശ്വാസമായി. ഇന്ന് വാര്‍ത്ത ചാനലുകളില്‍ ബ്രേക്കിംഗ് ആയി വാര്‍ത്ത വന്ന ഉടനെ ഞാന്‍ വിളിക്കാന്‍ ശ്രമിച്ചത് എന്റെ മകളെയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് അവള്‍ മൂന്നാം ക്ലാസ് പഠിക്കുമ്പോഴാണ് ഈ സംഭവം. അന്ന് ഞാനും കുടുംബവും തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ ആയിരുന്നു താമസിച്ചിരുന്നത്. എന്റെ മകള്‍ സ്‌കൂളില്‍ നിന്ന് വന്ന് പറയുന്നത് ക്ലാസില്‍ കുട്ടികള്‍ പപ്പയെ കളിയാക്കുന്ന കാര്യമാണ്. ഒരു പിതാവ് എന്ന രീതിയില്‍ ഞാനന്ന് മൂന്നാം ക്ലാസുകാരിയായ മകളുടെ മുമ്പില്‍ തകര്‍ന്നുപോയി അവള്‍ ഇനി സ്‌കൂളില്‍ പോകില്ല എന്ന് ശഠിച്ചു. ഞാനും ഭാര്യയും വലിയ പ്രതിസന്ധിയിലായി മകള്‍ തമന്ന ഒരു കണ്ടീഷന്‍ വെച്ചു മലയാളം വാര്‍ത്തകള്‍ ഇല്ലാത്ത നാട്ടിലേക്ക് പോകാം. അങ്ങനെ ഞാനും വൈഫും ഒക്കെ ആലോചിച്ചിട്ടാണ് ഞങ്ങള്‍ കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പാലായനം ചെയ്തത്. ഞാനെന്ന പുത്രനും ഞാനെന്ന പിതാവും ഞാനെന്ന ഭര്‍ത്താവും മാനസികമായി അന്ന് തകര്‍ന്നപ്പോള്‍. കൂടെ കട്ടക്ക് നിന്ന ഉമ്മാക്കും ഭാര്യക്കും മക്കള്‍ക്കും സുഹൃത്തുക്കളേയും ഒരുപാട് സ്മരിക്കുന്നു.ചില അനുഭവങ്ങള്‍ പറയട്ടെ, ഒളിവില്‍ പോകണമെന്നായിരുന്നു കെ സുധാകരന്റെ ഉപദേശം. ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു. ഒരു തെറ്റും ചെയ്യാത്ത ഞാന്‍ എന്തിന് ഒളിവില്‍ പോകണം? നിരപരാധിയാണെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. മറ്റൊരു സംഭവം, ഡിവൈഎഫ്‌ഐക്കാര്‍ കണ്ണൂരില്‍ വച്ച് എന്നെ വളഞ്ഞിട്ട് ആക്രമിച്ചതാണ് അവരെന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുക മാത്രമല്ല, ദേഹോപദ്രവവും ചെയ്തു. ആക്രമത്തില്‍ പരുക്കേറ്റ നിലത്ത് വീണു കിടക്കുന്ന കൂപ്പു കൈയ്യോടെയുളള എന്റെ ഒരു ചിത്രം പത്രങ്ങളിലൊക്കെ വന്നു. അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു ‘എന്നെകൊല്ലരുതേ’. പക്ഷേ നിങ്ങള്‍ക്കറിയോ ഞാനന്ന് മനസ്സില്‍ പറഞ്ഞത് ‘എന്നെ കൊന്ന് താ’ എന്നാണ്. കാരണം ഭാര്യയും മക്കളും ഉമ്മയും ഉപ്പയും ഒക്കെ ഉള്ള ഒരു സാധാരണ പച്ച മനുഷ്യനാണ് ഞാനും. ഇത്തരമൊരു കേസില്‍ നിയമത്തിന്റെ മുമ്പില്‍ നമുക്ക് വിചാരണ ചെയ്യപ്പെടാം പക്ഷേ പാര്‍ട്ടി കോടതിയുടെ ഈ വിചാരണയ്ക്കിടയിലെ അപമാനിക്കപ്പെട്ടപ്പോള്‍ എന്നെ കൊന്ന് താ എന്നല്ലാതെ എന്ത് പറയാന്‍. പിന്നീട് ഒരിക്കല്‍ ബിജു കണ്ടക്കൈ എന്ന ഡിവൈഎഫ്‌ഐ നേതാവിനെ കണ്ടപ്പോള്‍ ഞാന്‍ തമാശ രൂപത്തില്‍ പറഞ്ഞു, അപമാനിക്കാം, പക്ഷേ രാഷ്ട്രീയമായി എന്നെ നിങ്ങള്‍ക്ക് അവസാനിപ്പിക്കാന്‍ സാധിക്കില്ല. മൂന്നാമത്തേത് ഈ പരാതിക്കാരിയുടെ ഒരു പ്രമാദമായ പ്രസ്താവന ഉണ്ടായിരുന്ന ഇപി ജയരാജന്‍ കോടികള്‍ തന്നിട്ടാണ് ഞാന്‍ പരാതി കൊടുത്തത് എന്ന്. രാഷ്ട്രീയത്തില്‍ നിന്ന് വളഞ്ഞവഴിക്ക് കാശുണ്ടാക്കുന്നവര്‍ അത് എന്ത് നീചപ്രവൃത്തിക്കും ഉപയോഗിക്കും. ആ പാവം ജയരാജന്റെ ഇന്നത്തെ അവസ്ഥ ഓര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടി പറയുകയല്ല ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്.മറ്റൊരു സംഭവം കൂടി പറയാം എനിക്കെതിരെ ഈ പരാതി വന്നപ്പോള്‍ ഉടനെ എന്നെ വിളിക്കുന്നത് അന്നത്തെ ജയില്‍ ഡിജിപി ആയിരുന്ന സെന്റ്കുമാര്‍ സാറാണ്. അദ്ദേഹം വിളിച്ചിട്ട് എനിക്ക് നല്‍കിയിട്ടുള്ള ഒരു ഉപദേശം ഇവിടെ പറയട്ടെ. ‘ഈ പരാതിയില്‍ ഒരു എഫ്‌ഐആര്‍ പോലും എടുക്കരുത്. സുപ്രീംകോടതിയുടെ ശക്തമായ വിധിയുണ്ട് നിര്‍ദ്ദേശം ഉണ്ട്. ‘ലളിതകുമാരി കേസില്‍ പറയുന്നത് ആറുമാസം മുമ്പുള്ള പരാതിയാണെങ്കില്‍, ക്രിമിനല്‍ ബാക്ക്ഗ്രൗണ്ട് ഉള്ള ഒരാളാണ് പരാതിക്കാരിയെങ്കില്‍ എഫ്‌ഐആര്‍ ഇടുന്നതിനു മുമ്പ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തണം’. നിങ്ങള്‍ ആഭ്യന്തര മന്ത്രിയോട് സംസാരിക്കണം. ആ നല്ല പോലീസ് ഓഫീസറുടെ ഉപദേശം ഇവിടെ സ്മരിക്കുകയാണ്. അന്ന് അദ്ദേഹവുമായി എനിക്ക് വ്യക്തിപരമായ വലിയ പരിചയം പോലുമില്ല, പക്ഷേ അദ്ദേഹം എത്രമാത്രം നന്മയുള്ള മനുഷ്യനാണ് എന്ന് ഞാന്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ് അവസാനം ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വല്ലാതെ പൊലിപ്പിച്ചു കൊടുക്കുന്നതിനുള്ള വിമര്‍ശനം പൊതുവിലുണ്ട്. പക്ഷേ എന്റെ അഭിപ്രായം മാധ്യമങ്ങളെ അങ്ങനെ പൂര്‍ണമായി കുറ്റപ്പെടുത്താന്‍ പറ്റില്ല. അത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തി മാത്രമല്ല, സീസറുടെ ഭാര്യയും സംശയത്തിന് അതീതമായിരിക്കണം. മര്യാദാ പുരോഷാത്തമന്‍ ശ്രീരാമഭഗവാന്റെ നാടാണ്. സീതാദേവി പോലും സംശയത്തിനതീതമാവണം. അതാണ് ധര്‍മ്മം, അതാണ് ഭാരതം നമ്മളെ പഠിപ്പിച്ചത്. അതുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ നില്‍ക്കുന്നവര്‍ക്കെതിരെ വിമര്‍ശങ്ങളെ വരുമ്പോള്‍ അത് സംശയാതീതമായി തെളിയിക്കപ്പെടണം. അവസാനം സത്യം വിജയിച്ചു. ആശ്വാസമായി.
Story Highlights: ap abdullakutty facebook post on cbi clean chit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here