Advertisement

പിസിബി ചെയർമാനായിരിക്കെ വധഭീഷണി ഉണ്ടായെന്ന് റമീസ് രാജ

January 2, 2023
Google News 2 minutes Read

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായിരിക്കെ വധഭീഷണി ഉണ്ടായെന്ന് റമീസ് രാജ. താൻ ഉപയോഗിച്ചിരുന്നത് ബുള്ളറ്റ് പ്രൂഫ് കാറായിരുന്നു എന്നും വധ ഭീഷണി ഉണ്ടായില്ലെങ്കിൽ ആ കാർ ഉപയോഗിക്കാൻ സാധിക്കില്ല എന്നും റമീസ് രാജ സമാ ടിവിയോട് സംസാരിക്കെ വെളിപ്പെടുത്തി. പാകിസ്താനിൽ ഇമ്രാൻ ഖാനു പകരം പുതിയ പ്രധാനമന്ത്രി എത്തിയതോടെയാണ് റമീസ് രാജ പുറത്തായത്. നജാം സേഥിയാണ് നിലവിൽ പിസിബി ചെയർമാൻ.

“അത് ക്രിക്കറ്റ് ബോർഡിൻ്റെ കാറാണ്. ഞാൻ വാങ്ങിയതല്ല. നജാം സേഥിയ്ക്കും അത് ഉപയോഗിക്കാം. വധ ഭീഷണി ഉണ്ടായാലല്ലാതെ ആ കാർ ലഭിക്കില്ല. അതുകൊണ്ടാണ് എനിക്ക് അത് കിട്ടിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ പറയാൻ എനിക്കാവില്ല. പക്ഷേ, 2020 മാർച്ചിൽ ഓസ്ട്രേലിയ ഇവിടെ എത്തിയപ്പോഴായിരുന്നു അത്. ഡിഐജി വീട്ടിലേക്ക് വന്ന് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. അങ്ങനെയാണ് എനിക്ക് ആ കാർ ലഭിച്ചത്.”- റമീസ് രാജ പറഞ്ഞു.

പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ പുതിയ ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനവുമായി റമീസ് രാജ രംഗത്തുവന്നിരുന്നു. നജാം സേഥിയെ ചെയർമാനാക്കാൻ പിസിബി ഭരണഘടന തന്നെ മാറ്റിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാത്രി 2 മണിക്ക് ട്വിറ്ററിലൂടെയാണ് തന്നെ നീക്കിയത്. അത് തന്നെ വേദനിപ്പിച്ചു എന്നും റമീസ് രാജ തുറന്നടിച്ചു.

“സേഥിക്കായി പിസിബിയുടെ ഭരണഘടന തന്നെ മാറ്റി. ലോകത്തെവിടെയും ഇത് ഞാൻ കണ്ടിട്ടില്ല. ഒരു സീസൺ പകുതിയിൽ ടെസ്റ്റ് താരമായ മുഖ്യ സെലക്ടറെ അവർ നീക്കി. രാത്രി 2 മണിക്ക് റമീസ് രാജ പോയെന്ന് സേഥി ട്വീറ്റ് ചെയ്തു. അത് വിഷമിപ്പിച്ചു.”- റമീസ് രാജ പറഞ്ഞു.

ഇമ്രാൻ ഖാൻ്റെ താത്പര്യപ്രകാരമാണ് റമീസ് രാജ പിസിബി ചെയർമാനായി എത്തിയത്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്തുപോയതോടെ റമീസിൻ്റെ സ്ഥാനത്തിന് ഇളക്കം തട്ടിത്തുടങ്ങി. റമീസ് രാജ അധ്യക്ഷനായിരിക്കെ രണ്ട് ടി-20 ലോകകപ്പുകളുടെ ഫൈനലിലും സെമിയിലും പാകിസ്താൻ കളിച്ചു. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ പാകിസ്താൻ പര്യടനം നടത്തുകയും ചെയ്തു.

Story Highlights: ramiz raja pcb chairman death threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here