Advertisement

മൂന്നര പതിറ്റാണ്ട് നൃത്തത്തില്‍ നിന്ന് ഇടവേള; ഭരതനാട്യ കച്ചേരിക്കായി തയ്യാറെടുത്ത് ഡോ.കല ബേബി

January 4, 2023
Google News 2 minutes Read
dr kala baby preparing for bharatanatyam kacheri

കലോത്സവം അരങ്ങുതകര്‍ക്കുകയാണ്. ഈ ദിവസങ്ങളില്‍ ഭൂതകാലത്തെ ഓര്‍മകളും നൃത്തവും സംഗീതവുമൊക്കെ അയവിറക്കുന്നു പലരും. നമുക്ക് ചുറ്റുമുള്ള ഓരോ മനുഷ്യരിലും ഓരോ കലാകാരന്മാരുണ്ട്, ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍. ജീവിതത്തിലെ അപ്രതീക്ഷിതമായ തിരക്കുകള്‍ക്കിടയില്‍പ്പെട്ട് കലയെ മനപൂര്‍വമല്ലെങ്കിലും മാറ്റിനിര്‍ത്തിയതാണ് അവര്‍. അങ്ങനെയൊരാളാണ് പ്രശ്‌സത ഓഫ്താല്‍മോളജിസ്റ്റായ ഡോക്ടര്‍ കലാ ബേബി തോട്ടം. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യാന്തര വേദികളിലടക്കം നൃത്തത്തില്‍ സജീവമായിരുന്നു ബേബി തോട്ടം. പിന്നീട് ജീവിതത്തിലെ തിരക്കുകളിലേക്ക്….ഒരിക്കല്‍ തന്റെ കൂടെയുണ്ടായിരുന്ന ചിലങ്ക ഒന്നുകൂടി അണിയാന്‍ തയ്യാറെടുക്കുകാണ് ഇപ്പോള്‍ ഡോ. കല.

കോട്ടയം മൂവാറ്റുപുഴ സ്വദേശിയായ ഡോ കല ബേബി തോട്ടത്തിന് കുഞ്ഞുനാളിലേ പേര് പോലെ തന്നെ കലയോട് കമ്പമുണ്ടായിരുന്നു. മാതാപിതാക്കളായ ടി യു ആന്റണിയും മേരി ആന്റണിയുമാണ് ഇതിന് പ്രചോദനമായത്. മകളുടെ അഭിരുചി കൂടി മനസിലാക്കി നാലാം വയസില്‍ അവര്‍ കലയെ നൃത്തമഭ്യസിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ പ്രശസ്ത നര്‍ത്തകി ആശാ ശരത്തിന്റെ അമ്മയും ര്‍ത്തകിയുമായ കലാമണ്ഡലം സുമതി ടീച്ചറുടെ കീഴില്‍ നൃത്താഭ്യാസം.

മൂവാറ്റുപുഴ നിര്‍മല ഹൈസ്‌കൂളിലായിരുന്നു കലയുടെ വിദ്യാഭ്യാസം. അവിടെ തുടങ്ങി നൃത്തമത്സരങ്ങളില്‍ പങ്കെടുക്കാനും. വിവിധ മത്സരങ്ങളുടെ ഭാഗമായി ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും നാടോടി നൃത്തത്തിലും സജീവമായി കല പങ്കെടുത്തു.

1986ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഭരതനാട്യത്തിന് ഒന്നാം സമ്മാനം. പിന്നീടങ്ങോട്ട് നൃത്തം തന്നെ വഴിയായി തെരഞ്ഞെടുത്തു. വേദികളില്‍ നിന്ന് വേദികളിലേക്ക് പല പല വസരങ്ങള്‍. കലോത്സവത്തിലെ നേട്ടം കൂടിയായപ്പോള്‍ വിദേശത്തേക്ക് നൃത്തം അവതരിപ്പിക്കാന്‍ പോകാന്‍ വരെ അവസരം കിട്ടി. അങ്ങനെ ജര്‍മനിയില്‍ വച്ച്, സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ലോക മലയാള സമ്മേളത്തില്‍ അവതരിപ്പിച്ച സംഘനൃത്തത്തിന്റെ ഭാഗമാകാനും ഡോ.കലയ്ക്ക് സുവര്‍ണാവസരം ലഭിച്ചു.

സ്‌കൂള്‍ പഠനകാലത്തിന് ശേഷം തൃശൂര്‍ സെന്റ് മേരീസ് കോളജില്‍ പ്രീഡിഗ്രി പഠനം. അക്കാലത്ത് ലണ്ടന്‍, ഫ്രാന്‍സ്, ആംസ്റ്റര്‍ഡാം തുടങ്ങി ലോകത്തെ വിവിധ ഭാഗങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികളുടെ ഭാഗമായി നൃത്തമവതരിപ്പിക്കാന്‍ അവസരം കിട്ടി. കോളജ് പഠനകാലത്ത്, കാലിക്കറ്റ് സര്‍വകലാശാലയുടെ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ കലാതിലകം സ്വന്തമാക്കി. ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, എന്നിവയായിരുന്നു അന്ന് മത്സരിച്ച ഇനങ്ങള്‍. പിന്നീട് കുറേക്കാലം ദൂരദര്‍ശനിലും നൃത്താവതരണം.

നൃത്തം ജീവിതത്തിന്റെ ഒപ്പം കൂട്ടിയെങ്കിലും പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു കലാ ബേബിയുടെ ആഗ്രഹം. കുട്ടിക്കാലം മുതലേയുള്ള ആ ആഗ്രഹം സഫലീകരിക്കാനായി നൃത്തം താത്ക്കാലികമായി ഉപേക്ഷിച്ചു, അല്ല ബ്രേക്ക് എടുത്തു. ഒരു പക്ഷേ ആ ബ്രേക്ക് ആയിരിക്കാം നൃത്തത്തില്‍ നിന്ന് നീണ്ട ഇടവേളയിലേക്ക് പോകാന്‍ കലാ ബേബി തോട്ടത്തിനായത്. അങ്ങനെ കല ബേബി ഡോക്ടര്‍ കലയായി.

നൃത്തത്തില്‍ നിന്ന് കലാ ബേബി ഇടവേള എടുത്തത് ഏതാണ്ട് മൂന്നര പതിറ്റാണ്ടോളമാണ്. ഇതിനിടെ ഐഎംഎയുടെയും ഓഫ്താല്‍മിക് അസോസിയേഷന്റെയും പരിപാടികളില്‍ മാത്രം ചിലങ്ക കെട്ടി. ഇതിനിടെ അബുദാബിയിലേക്ക് പോയതോടെ നൃത്തം വീണ്ടും അവതരിപ്പിക്കാന്‍ അവസരങ്ങള്‍ വഴിതെളിഞ്ഞു. അങ്ങനെ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നൃത്തം അഭ്യസിച്ചുതുടങ്ങി ഡോ.കല. ഇപ്പോള്‍ പ്രശസ്ത നര്‍ത്തകനും കൊറിയോഗ്രാഫറുമായ അബ്ബാദ് റാം മോഹനാണ് കലയുടെ ഗുരു.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

പതിറ്റാണ്ടുകള്‍ക്ക് ശേഷം അങ്ങനെ ഭരതനാട്യ കച്ചേരി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഡോ.കല ബേബി. ഭരതനാട്യം അതിന്റെ പൂര്‍ണതയില്‍ ഒരു വേദിയില്‍ അവതരിപ്പിക്കണമെന്ന ആഗ്രഹമാണ് ഇതിന് കാരണം. ഒരു വര്‍ഷം മുന്‍പാണ് ഇതിനായി പരിശീലനം ആരംഭിച്ചത്. വര്‍ഷങ്ങളുടെ കാത്തിരിപ്പ് ഒടുവില്‍ സഫലമാകുമ്പോള്‍ ഈ മാസം ആറിന് കൊച്ചി കലൂരിലെ എ ജെ ഹാളില്‍ വൈകുന്നേരം ആറുമണിക്ക് കല, ഭരതനാട്യ കച്ചേരി അവതരിപ്പിക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ പരിപാടിയില്‍ പങ്കെടുക്കും.

ഇത്ര വലിയ ഇടവേളയ്ക്കു ശേഷവും ജോലിത്തിരക്കുകള്‍ക്കിടയിലും വീണ്ടും നൃത്തത്തില്‍ സജീവമാകാന്‍ കല ഒരുങ്ങുമ്പോള്‍ ചിലര്‍ക്ക് അത്ഭുതം. ചിലര്‍ക്ക് സന്തോഷം. ഏറെക്കാലമായി അണിയാതിരുന്ന ചിലങ്ക വീണ്ടും കെട്ടുന്നതില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തുണയ്ക്കുകയും ചെയ്തു. ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതില്‍ ആദ്യ ഗുരുവായ സുമതി ടീച്ചര്‍ക്കും സന്തോഷം.
എറണാകുളം അഗര്‍വാള്‍ ഐ ഹോസ്പിറ്റലിലെ ഓഫ്താല്‍മോളജിസ്റ്റ് ഡോ. സോണി ജോര്‍ജ് ആണ് ഡോ.കലയുടെ ഭര്‍ത്താവ്. മകള്‍ ഡോ. സാന്ദ്ര സോണി ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍.

Story Highlights: dr kala baby preparing for bharatanatyam kacheri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here